അബുദാബി- സമ്മാനം നല്‍കാമെന്ന വ്യാജ വാഗ്ദാനം ചെയ്തു പണം തട്ടിയ 80 പേരെ ആറ് മാസത്തിനിടെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. തട്ടിയെടുത്ത പണം ഇരകളായവര്‍ക്ക് മടക്കി നല്‍കിയതായി പോലീസ് പറഞ്ഞു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും രഹസ്യ നമ്പറും ചോര്‍ത്തിയാണ് സംഘം പണം തട്ടിയിരുന്നത്.
ലക്ഷങ്ങളുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് ഫോണില്‍ സന്ദേശം അയച്ചോ വിളിച്ചോ ആണ് തട്ടിപ്പ്. സമ്മാനത്തുക അക്കൗണ്ടിലേക്കു മാറ്റാനുള്ള നടപടിക്കെന്ന പേരിലാണ് പണം ആവശ്യപ്പെടുക. കടമെടുത്ത് പണം നല്‍കിയവര്‍ പോലും തട്ടിപ്പിനിരയായവരിലുണ്ട്. തട്ടിപ്പാണെന്നു തിരിച്ചറിയുമ്പോഴേക്കും വന്‍ തുക നഷ്ടപ്പെട്ടിരിക്കും. ഇപ്രകാരം 6511 ദിര്‍ഹം നഷ്ടപ്പെട്ട ഇന്ത്യക്കാരനാണ് കേസു കൊടുത്തത്. തുടര്‍ന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് സംഘം വലയിലാകുന്നത്. നിയമലംഘകര്‍ക്കു 6 മാസം തടവും 2 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണു ശിക്ഷ.