തിരുവനന്തപുരം-വിവാഹം വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി ലൈംഗികമായി പീഡിപ്പിച്ചെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യ വിനോദിനി മുംബൈയില്‍ പോയിരുന്നെന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിയുടെ അമ്മ എന്ന നിലയില്‍ കാര്യങ്ങള്‍ അറിയാനാണ് വിനോദിനി മുംബൈയില്‍ പോയതെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.
അഡ്വക്കേറ്റ് ശ്രീജിത്തിനെ നേരത്തെ പരിചയമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. ഇയാള്‍ ആര്‍ക്കൊപ്പമാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഭാര്യ വിനോദിനി ഇയാളുമായി സംസാരിച്ചതായും കോടിയേരി സ്ഥിരീകരിച്ചു.
കേസ് പരിഹരിക്കുന്നതിനായി ഒരു ഇടനിലക്കാരനെ നിശ്ചയിച്ചിട്ടില്ല. ഒത്തുതീര്‍പ്പിനും ശ്രമിച്ചിട്ടില്ല. ബിനോയിയുടെ അമ്മ എന്ന നിലയില്‍ സംഭവങ്ങളുടെ നിജസ്ഥിതി മനസിലാക്കാനാണ് തന്റെ ഭാര്യ വിനോദിനി മുംബൈയില്‍ പോയത്. ഇക്കാര്യങ്ങളെ സംബന്ധിച്ചു ചോദിച്ചപ്പോള്‍ ബിനോയി ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരി ഹാജരാക്കിയ രേഖകള്‍ വ്യാജമെന്നും പറഞ്ഞതായി കോടിയേരി പറഞ്ഞു.
മകന്‍ ദുബായിയില്‍ കെട്ടിട നിര്‍മ്മാണ ബിസിനസ് നടത്തുകയായിരുന്നു, പിന്നീട് കടം വന്നപ്പോഴാണ് വിവാദമുണ്ടായത്. കോടികള്‍ കൊടുക്കാനുണ്ടായിരുന്നെങ്കില്‍ ഈ കേസ് തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മകനെതിരായ ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന്, രാജി വയ്ക്കില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. സത്യമെന്തെന്നു കോടതി പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.