സുനിയുടെ സഹായികള്‍ റിമാന്‍റില്‍; ഫോണ്‍ എത്തിച്ചത് ഷൂവിനുള്ളില്‍ ഒളിപ്പിച്ച്

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന  മുഖ്യപ്രതി പൾസർ സുനിക്ക്  മൊബൈൽ ഫോണ്‍ എത്തിച്ചത് കഴിഞ്ഞ ദിവസം അറസ്റ്റിലായ സഹതടവുകാരൻ വിഷ്ണു. പുതിയ ഷൂ വാങ്ങി അതിന്‍റെ അടിഭാഗം മുറിച്ചാണ് ഫോണ്‍ ഒളിപ്പിച്ചിരുന്നതെന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ വിഷ്ണു സമ്മതിച്ചു. ഈ മൊബൈലിൽ‌നിന്നാണ് സുനി ദിലീപിന്‍റെ മാനേജരെ വിളിച്ചതെന്ന് കരുതുന്നു.

കഴിഞ്ഞ എപ്രിലില്‍ ദിലീപിന്‍റെ മാനേജർ അപ്പുണിയേയും  സംവിധിയകന്‍ നാദിർഷയേയും  ഫോണി‍ല്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് സുനിയാണ്.  നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതു നടൻ ദിലീപാണെന്നു വെളിപ്പെടുത്താൻ വൻതുക വാഗ്ദാനം ലഭിച്ചതായി സുനി പറഞ്ഞിരുന്നു. ദിലീപിനായെഴുതിയ കത്ത് വായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

കത്തും ടെലിഫോൺ സംഭാഷണവും പുറത്തുവന്നതിനെ തുടർന്നാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയായ ഇയാളെ റിമാന്‍റ് ചെയ്തു.  പൾസർ സുനിയുമായി ജയിലിലെത്തുന്നതിനു മുമ്പ് തന്നെ ഇയാള്‍ക്ക് പരിചയമുണ്ടായിരുന്നു. വിഷ്ണുവിനു പുറമെ സുനിയുടെ മറ്റൊരു സഹായി പത്തനംതിട്ട സ്വദേശി സനലിനേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

 

Latest News