ജിദ്ദ - കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ അപ്രതീക്ഷിതമായി മുന്നില്‍ കണ്ട് ജിദ്ദ കോര്‍ണിഷ് റെസ്റ്റോറന്റിലെ ജീവനക്കാരും ഉപയോക്താക്കളും അമ്പരന്നു. കിരീടാവകാശിയും അമേരിക്കയുടെ വിദേശകാര്യ മന്ത്രി മൈക് പോംപിയോയുമാണ് റെസ്റ്റോറന്റില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ മുന്നറിയിപ്പില്ലാതെ എത്തിയത്. കൊട്ടാരത്തിലെ ഉച്ച വിരുന്നിന് പകരം പതിവ് പ്രോട്ടോകോളുകളില്‍ നിന്ന് അകന്ന് നഗരത്തിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ബന്ദര്‍ അല്‍ജല്‍ഊദ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
കോര്‍ണിഷിലെ റെസ്റ്റോറന്റില്‍ വെച്ച് ബാലനൊപ്പം കിരീടാവകാശി സെല്‍ഫിയെടുക്കുന്നു.
റെസ്റ്റോറന്റില്‍ വെച്ച് അപ്രതീക്ഷിതമായി മുന്നില്‍ കണ്ട കിരീടാവകാശിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ബാലനൊപ്പം സെല്‍ഫിയെടുക്കുന്നതിനും മുഹമ്മദ് സല്‍മാന്‍ രാജകുമാരന്‍ നിന്നുകൊടുത്തു. മൈക് പോംപിയോക്കൊപ്പം ഭക്ഷണം കഴിച്ചു പുറത്തിറങ്ങാന്‍ നേരത്താണ് ബാലന്‍ കിരീടാവകാശിയെ സമീപിച്ച് സെല്‍ഫിയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. സ്വതസിദ്ധമായ പുഞ്ചിരിയോടെ ബാലന്റെ കൈയിലെ മൊബൈല്‍ ഫോണ്‍ വാങ്ങി കിരീടാവകാശി തന്നെയാണ് സെല്‍ഫിയെടുത്തത്. ഇതിനു ശേഷം മൊബൈല്‍ ഫോണ്‍ ബാലനെ കിരീടാവകാശി ഏല്‍പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.