ആദിയിൽ ഏകകോശ ജീവിയായ അമീബ തുടരെത്തുടരെ പിളർന്ന് സ്വതന്ത്ര ജീവികളാവുകയും (പെറ്റുപെരുകുകയും ചെയ്തുവെന്നു പറയാം) അവ ലോകമെമ്പാടും പരക്കുകയും ചെയ്തുവെന്നാണ് ഒരു ശാസ്ത്രം. കേരളത്തിലെങ്കിലും അതിനു തെളിവുണ്ട്. 1979 ൽ ആ അമീബയുടെ ജനനത്തോടെ രാഷ്ട്രീയത്തിൽ കോട്ടയത്തുനിന്നും ഒരു 'പാലാ'പ്പൂ ഗന്ധം പരന്നു. മധ്യകേരളവും മദ്യകേരളവും അതിൽ മയങ്ങി. ക്രമേണ ഏകകോശ ജിവി വളരാനും പിളരാനും തുടങ്ങി. ഇന്നിപ്പോൾ അതിന്റെ വളർച്ചയെ തളർച്ചയായി കാണാൻ ധൈര്യമില്ലാതെ വീരാധിവീരന്മാരായ കോൺഗ്രസും കമ്യൂണിസ്റ്റു പാർട്ടികളും കുഴങ്ങുന്നു. കേരളം വിട്ടാൽ അത്രകണ്ടു ദയനീയമാണ് കോൺഗ്രസ് നില. കേരളത്തിനകത്തും പുറത്തും ഒന്നുപോലെ ദയനീയം കമ്യൂണിസ്റ്റ് നില. ജോസ് കെ. മാണി എന്ന കുഞ്ഞുമാണീ സുതൻ എങ്ങോട്ടുതിരിഞ്ഞാലും പുറകെ 'കൈപ്പത്തി'യുടെ ചാരപ്പടയുണ്ട്. പടയ്ക്ക് സി.പി.എമ്മിനെ ഭയമുണ്ടെങ്കിലും തുല്യഭയം തന്നെയുണ്ട് ബി.ജെ.പിയെയും. ഒരു സീറ്റും ജയിച്ചില്ലെങ്കിലും അനേകം ഇടതന്മാരെ കാവിയുടുപ്പിക്കുവാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. ശബരി മല ചുറ്റിവരുന്ന കാറ്റേറ്റാൽ പോലും സൂക്ഷിക്കണം. അതുകൊണ്ട് സദാജാഗ്രതയാണ്. പകൽ സമയത്ത് ഉറക്കച്ചടവോടെ ഏതെങ്കിലും ഖദർ വാലയെ കണ്ടാൽ നമുക്ക് ധൈര്യമായും അങ്ങോർ പാലാ- കോട്ടയം- കൊച്ചി റൂട്ടിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നുവെന്ന് ഉറപ്പിക്കാം. എന്നാൽ തൊടുപുഴയിലെ പി.ജെ. ജോസഫച്ചായനെ അത്ര ശങ്കിക്കേണ്ടതില്ല. പണ്ട് മാണിസാറ് ഇടതിലേക്കു മതിൽ ചാടാനൊരുങ്ങിയപ്പോൾ പിടിച്ചുവലിച്ചു യു.ഡി.എഫിലേക്കു തന്നെയിട്ട ദേഹമാണ്. അദ്ദേഹത്തിന്റെ ചോറും കൂറും ഇവിടെ തന്നെ. ഇനി സംശയിക്കേണ്ടത് പൂഞ്ഞാർ ഭീമനായ ജോർജേട്ടനുമായി ചങ്ങാത്തം കൂടുമോ എന്നതാണ്. ഒരു വിരോധവും സൗഹൃദവും ശാശ്വതമല്ല. തൊടുപുഴക്കാർ കോടതിയിൽ നിന്നു വാങ്ങിച്ച സ്റ്റേ മറി കടക്കാൻ ധാരാളം മേൽക്കോടതികളുണ്ട്. ജോസ് കെ. മാണി അതിബുദ്ധി വല്ലതും കാട്ടി ഊരിക്കൊണ്ടു വരികയും പുതുമയ്ക്കു വേണ്ടി പുത്തൻമേച്ചിൽ സ്ഥലം അന്വേഷിക്കുകയും ചെയ്താലോ? പിതാവിനു കൊടുക്കാൻ എൽ.ഡി.എഫ് മടിക്കുമോ? ഇന്നത്തെ നിലയ്ക്കു കച്ചിത്തുരുമ്പു കിട്ടിയാലും ചാടിപ്പിടിക്കുവാൻ ഇടതുമുന്നണി മടിക്കില്ല. അത്രയ്ക്കു ദയനീയമാണ് സ്ഥിതി.
**** **** ****
കേരള ലളിതകലാ അക്കാദമിക്ക് എന്തുപറ്റിയെന്ന ചോദ്യം അപ്രസക്തമാണ്. പറ്റിയതു സർക്കാരിനാണ്. പണി പറ്റിച്ചത് അക്കാദമിയല്ല, ജൂറിയാണ്. വർഷം തോറും നടത്താറുള്ള കാർട്ടൂൺ മത്സരം ഇക്കുറി പൂർവാധികം ഭംഗിയായി ആഘോഷിക്കണമെന്നു തോന്നി. രണ്ടു സീനിയർ കാർട്ടൂണിസ്റ്റുകളെയും ഒരു സീനിയർ ആയി വരുന്ന കാർട്ടൂണിസ്റ്റിനെയും ചേർത്തു ജഡ്ജിംഗ് കമ്മിറ്റിയുണ്ടാക്കി. വിധി വന്നപ്പോൾ മറിച്ചായി. ച്ചാൽ, വിധി നമുക്കു തന്നെ പാരയായി. ഫ്രാങ്കോ മുളയ്ക്കലച്ചൻ എന്ന പീഡന വീരനെ പൂവൻകോഴിയുടെ തലപ്പാവോടെ വരച്ചതിലാണ് കെ.സി.ബി.എസി ഒന്നടങ്കം സടകുടഞ്ഞെഴുന്നേറ്റത്. എന്നാൽ പ്രചരിക്കുന്ന വാർത്ത. അതിലൊരു പിശകുണ്ട്. കന്യാസ്ത്രീസഭ കമാന്നു മിണ്ടിയില്ലല്ലോ! അക്കാര്യം ഭരണമുന്നണി കണ്ടില്ലെന്നു ധരിക്കണ്ട. അതിനെക്കാൾ വലുത് ഒരെണ്ണം ആ ചിത്രത്തിൽ പതുങ്ങിയിരുപ്പുണ്ട്. അതാണ് ഷൊർണൂർ സഖാവ് പി.കെ. ശശിയുടെ തല. അതിലുള്ള കോഴിപ്പൂവിനെ കണ്ടില്ലെന്നു നടിക്കണമെങ്കിൽ പിണറായി സംഘം വീണ്ടും ജനിക്കണം! പേരിൽ തന്നെ 'ബാല'നുള്ള സ്ഥിതിക്ക് സാംസ്‌കാരിക മന്ത്രി കാട്ടിയ എടുത്തുചാട്ടത്തിൽ ആർക്കും അത്ഭുതമില്ല. സഖാവ് ഇടയ്ക്കിടെ ഇത്തരം അബദ്ധങ്ങൾ കാണിക്കാറുണ്ട്.
പക്ഷേ, പ്രഖ്യാപിച്ച അവാർഡ് പുനഃപരിശോധിക്കുമെന്നു വെച്ചു തട്ടിയതോടെയാണ് കടന്നൽകൂടിളകിയത്. പ്രസവം നടന്നശേഷം അതു ക്യാൻസൽ ചെയ്യാൻ കഴിയുമോ എന്നാണ് ഒരു സരസൻ ചോദിച്ചത്. മന്ത്രി മറ്റൊന്നുകൂടി പ്രസ്താവിച്ചു- അക്കാദമിയൊന്നും സർവതന്ത്ര സ്വാതന്ത്രമാണെന്നു കരുതരുത്! എത്ര ശരി! സർക്കാരിന്റെ ഉപ്പും ചോറും തിന്നു വളരുന്ന അക്കാദമിത്തലപ്പത്ത് കയറിയിരിക്കുന്നവർ പാർട്ടിയുടെ ഉപ്പും ചോറും, കൂടെ ഇത്തിരി ചുവന്ന മുളകും കൂടി കഴിച്ചു വളർന്നവരാണെന്നു മറക്കരുത്. സർക്കാർ ഖജനാവിൽനിന്നു 'ചെല്ലും ചെലവും' കൊടുത്തുപോറ്റുന്ന സംഘടനകൾ മേൽമുണ്ടഴിച്ച് അരയിൽ കെട്ടി നിൽക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യമൊക്കെ അങ്ങു പരണത്തു വച്ചിട്ടുവന്നാൽ മതി!
അല്ലെങ്കിലും കാർട്ടൂണിനു കഷ്ടകാലമാണ്. ന്യൂയോർക്ക് ടൈംസ് ദിനപത്രം ഇനി രാഷ്ട്രീയ കാർട്ടൂണുകൾ വെളിച്ചും കാണിക്കില്ല. ഇവിടുത്തെ നാടൻ ധ്വരമാർ എന്തു ചെയ്യാൻ പോകുന്നുവെന്ന് കാത്തിരുന്നു കാണുകയേ തരമുള്ളൂ. അക്കാദമി അവാർഡ് വിവാദത്തിനു പിന്നിൽ ഒരു 'സഭ'യോ സഖാവ് ശശിയോ മാത്രമല്ല വിഷയമെന്നും ഭൈമീകാമുകന്മാരായ ചില കാർട്ടൂണിസ്റ്റുകൾ കൂടിയുണ്ടെന്നും തെളിഞ്ഞു വരുമ്പോഴേക്ക് നിലവിലുള്ള ചെയർമാന് പുഷ്പരാജിനെയും കൂട്ടരെയും പുഷ്പം പോലെ നുള്ളി പുറത്തേക്കെറിഞ്ഞിരിക്കും. തീർച്ച!
**** **** ****
സംസ്ഥാന കമ്മിറ്റി, ദേശീയ കൗൺസിൽ, എ.ഐ.സി.സി തുടങ്ങിയ പലതരം സംവിധാനങ്ങൾ മിക്കവാറും എല്ലാ പാർട്ടികൾക്കുമുണ്ട്. ഇടയ്ക്കിടെ യോഗം ചേരുന്നത് രസകരമായ പരിപാടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സംസ്ഥാനത്തു മാത്രമൊതുങ്ങുന്ന പാർട്ടികളും മറ്റു ചില സംസ്ഥാനക്കാരുമായി 'ടൈ- അപ്പ്' ഉണ്ടാക്കി 'ദേശീ'യന്മാരാകാൻ ശ്രമിക്കുന്നതു നല്ലതാണ്. കേന്ദ്ര ഭരണകക്ഷിയുടെ ശ്രദ്ധയിൽപെട്ടാൽ ലഡുവോ ജിലേബിയോ സബ്ജിയോ കഴിക്കാൻ പാകത്തിൽ വൈകുന്നേരങ്ങളിൽ ക്ഷണം കിട്ടിയെന്നു വരും. പക്ഷേ, പാർട്ടികളുടെ മുത്തശ്ശിയും മുത്തച്ഛനും മുതുക്കിളവനുമൊക്കെയായ കോൺഗ്രസിന് അതൊന്നും ചിന്തിക്കാൻ കഴിയില്ല. ഇനി വിലയിരുത്താനും യോഗം ചേരാനുമുള്ള ധനസ്ഥിതി പോലും കമ്മി. യോഗം ചേർന്നാൽ, വിലയിരുത്തൽ മനസ്സിലായി. പിരിയുന്നേരം നേരെ കേന്ദ്ര ഭരണക്കാരുടെ പിന്നാലെ കൂടുവാനും ചിലർ മടിക്കുകയില്ല. തെലുഗുദേശം പാർട്ടിക്ക് എഴുപത്തിയഞ്ചു ശതമാനം എം.പിമാരെയാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. ഇനി യോഗമേ ചേരേണ്ടതില്ലെന്നാണ് പല പാർട്ടികളുടെയും രഹസ്യ തീരുമാനം.
എന്നാൽ സി.പി.എം പരാജയ കാരണങ്ങൾ അവലോകനം ചെയ്യാൻ ഇന്നലെ യോഗം ചേർന്നു. നാലു ദിക്കിലും പ്രത്യേക കോച്ചിംഗ് ലഭിച്ച കണ്ണൂർ പാർട്ടി ഗ്രാമത്തിലെ സഖാക്കളെ പാറാവ് നിർത്തിയാകും യോഗം. വിലയിരുത്തലിൽ ആഗോള കപ്പൽച്ചേതങ്ങൾ, ലിച്ചിപ്പഴം കഴിച്ച ബിഹാറിലെ കുട്ടികളുടെ മരണം, ചെന്നൈയിലെ ജലക്ഷാമം- എന്നിവയും ചർച്ച ചെയ്യാൻ മടിക്കില്ല. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പരസ്യം മേലാൽ നടത്തേണ്ടതില്ലെന്ന് സർക്കാരിനെ ഉപദേശിക്കും.
പാർട്ടി ഗ്രാമത്തിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യയിലൂടെ പാർട്ടിയെ ഇങ്ങനെ വഞ്ചിക്കുമെന്നു കരുതിയില്ല. എങ്കിലും ഒരു അനുശോചനം പാസാക്കാൻ മടിക്കില്ല. പാവമല്ലേ! പാറശാല മുതൽ കാസർകോട് വരെ വനിതാ സഖാക്കളുടെ സുരക്ഷയ്ക്കു ഏതു കമ്പനിയുടെ ഇൻഷുറൻസ് പോളിസിയെടുക്കുന്നതാണ് ഉത്തമമെന്നും അവലോകന ചർച്ചയിൽ ഉണ്ടാകും. യഥാർഥ പരാജയ കാരണങ്ങൾ ഒരു കാരണവശാലും ചർച്ച ചെയ്യരുതെന്ന് നേരത്തേ 'കോർ കമ്മിറ്റി' തീരുമാനിച്ചിട്ടുള്ളതിനാൽ യോഗം സമാധാനപരമായി തന്നെ അവസാനിക്കുമെന്ന കാര്യം ഉറപ്പായി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ ഉണ്ടെന്നു പറയപ്പെടുന്ന ഏതോ ഒരു എൽ.ജെ.ഡി തൃശൂരിൽ പ്രമേയം പാസാക്കിയതു പോലെ ഭൂരിപക്ഷ സമുദായം അകന്നതു കൊണ്ടാണെന്നു പറഞ്ഞ് ഇനി കരയൻ ആളെ കിട്ടില്ല. ഓരോ യോഗത്തിലും അവലോകനത്തിനും ഓരോ പുതിയ കാരണങ്ങൾ കണ്ടുപിടിച്ച് അവതരിപ്പിക്കുന്നതാണ് ബുദ്ധി. നമ്മുടെ ബുദ്ധികേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമായി.