അങ്ങനെയിരിക്കേ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പതിവുപോലെ ഗൗരവം നടിച്ചു. രോഗത്തിനും ചികിത്സക്കും ലാഘവം പാടില്ലെന്നായിരിക്കാം. ഒട്ടൊക്കെ കടുപ്പിച്ച വാക്കുകളിൽ ഡോക്ടർ ചോദിച്ചു: വേദന സംഹാരി വേണമായിരിക്കും. വേദന സംഹാരി ഫലിക്കണമെങ്കിൽ ആംഗലത്തിൽത്തന്നെ പറയേണ്ടിയിരിക്കുന്നു, ജമശി ഗശഹഹലൃ.
രോഗിയുടെ മനസ്സറിഞ്ഞുകൊണ്ട് അങ്ങനെ ചോദിച്ച ഡോക്ടറുടെ ഉള്ളിലിരിപ്പ് ഉടനേ പുറത്തു വന്നു. കണ്ടമാനം വേദനസംഹാരി കഴിക്കേണ്ട. വൃക്ക തകരാറാവുന്നത് എപ്പോഴാണെന്നറിയില്ല. വയറ് എപ്പോഴും കോപിക്കാം. അതു വേണോ അതോ വേദനക്ക് ഒരു ഗുളിക വിഴുങ്ങണോ? നീർക്കെട്ടു മാറ്റുന്നതും വേദന കുറക്കുന്നതും സ്റ്റീറോയ്ഡ് ചേർക്കാത്തതുമായ മരുന്നുകൾ പത്തിരുപതെണ്ണമുണ്ട്. എല്ലാം ഏറിയും കുറഞ്ഞും ഒരേ ഫലം ചെയ്യും. ദുഷ്ഫലവും.
പക്ഷേ ചികിത്സകനാകണമെങ്കിൽ വേദന തീർക്കാൻ പോന്നവനാകണം. പഴയ വഴിയിൽ പിടിച്ചാൽ പിടിച്ചിടത്തു നിൽക്കുന്നതാവില്ല വേദന. മുള്ള് കുത്തിയതിനോ ഉറുമ്പ് കടിച്ചതിനോ വൈദ്യന്റെ അടുത്തേക്ക് ഓടാറില്ല. ധന്വന്തരിയുടെ തട്ടകത്തിൽ ചൂടാക്കിയ എണ്ണയും തടവലുമായിരുന്നു പരീക്ഷിക്കാവുന്ന പരിഹാരം. ആരോഗ്യനികേതനത്തിലെ ജീവൻ മശായ് എന്ന വൈദ്യൻ എവിടെയും എടുത്തു പ്രയോഗിക്കാവുന്ന ഒരു ചികിത്സമൊഴി പറഞ്ഞു തന്നു: 'ശതവൈദ്യസമാനനാകുന്നു അഗ്‌നി.' ഒന്നു ചൂടാക്കിയാൽ നൂറു വൈദ്യന്മാരുടെ ശ്രമത്തിനൊക്കും.
വേദന പുറത്തുനിന്നു കുത്തിക്കേറുകയോ അകത്ത് കത്തിക്കാളുകയോ ചെയ്യുമ്പോൾ ആധുനിക ഭിഷഗ്വരന്മാർ പറയുന്നതും ചെയ്യുന്നതും അതു തന്നെ. ഡയാതെർമി എന്നും ഫിസിയൊതെറാപി എന്നും മറ്റും താരതമ്യേന വൈദേശികമായ വാക്ജാലവും വ്യത്യസ്തമായ ചികിത്സാക്രമങ്ങളും പരീക്ഷിക്കുമെന്നു മാത്രം.
ചിലർ വേദനക്ക് പരിഹാരം അഗ്നി മാത്രമല്ല ജലവും ആകുന്നുവെന്നു വിചാരിക്കുന്നു. മാറി മാറി ചൂടു പിടിപ്പിക്കുകയും തണുപ്പ് ഏൽപിക്കുകയുമാണ് മരുന്നിനു പുറമേയോ ഒപ്പമോ ചെയ്യാവുന്ന ചികിത്സാവിധികൾ. ചുടു വെള്ളത്തിൽ വീണ പൂച്ചക്ക് കുളിർവെള്ളത്തിൽ വീണാലുണ്ടാകുന്ന അനുഭവം മനുഷ്യരോഗിയിൽ ആവർത്തിക്കാൻ പറ്റുമോ എന്നാണ് നോട്ടം. എങ്ങനെയായാലും വേദന മാറ്റണം. അതാണ് ഭിഷഗ്വരന്റെ ദൗത്യം.
മരുന്നും മന്ത്രവും ഫലിക്കാതെ വരുമ്പോൾ, ചിലപ്പോൾ അതു രണ്ടും ഒഴിവാക്കിയും, ചിലർ രോഗവും രോഗിയും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യം തന്നെ മാറ്റിയെഴുതാൻ നോക്കുന്നു. വേദനയുടെ അനുഭവത്തിന്റെ ആരംഭം വൈകിക്കുക. അതാണ് കായികാഭ്യാസം ശീലിക്കുന്നവരും പരിശീലിപ്പിക്കുന്നവരും അനുവർത്തിക്കുന്ന ഒരു വഴി. മിലിട്ടറി പരിശീലകനായിരുന്ന സുകുമാരൻ നമ്പ്യാരെ ഓർക്കട്ടെ. സിനിമാ വില്ലൻ എം എൻ നമ്പ്യാരുടെ മകൻ. ആദ്യകാലത്ത് ചെന്നൈയിലെ ബി. ജെ. പി പ്രവർത്തകൻ. ക്രിക്കറ്റ് ക്ലബ്ബിൽ ഇരുന്ന് നമ്പ്യാർ തന്റെ കായിക സിദ്ധികൾ വിവരിക്കുകയായിരുന്നു. എന്റെ വിരലുകൾ അദ്ദേഹത്തിന്റെ ഉള്ളം കയ്യിൽ ഞെരുങ്ങി. അദ്ദേഹത്തിന്റെ നെഞ്ചിൽ ഞാൻ ആഞ്ഞിടിച്ചപ്പോൾ വേദന എനിക്കായിരുന്നു. നല്ലൊരു അഭ്യാസി വേദനയുമായി പൊരുത്തപ്പെടണം. വേദനയുടെ പടി വേൃലവെീഹറ ീള ുമശി പൊക്കിപ്പൊക്കി നിലനിർത്തണം എന്നു വാദിക്കുന്നു പുരോഹിതൻ കൂടിയായ ഐവാൻ ഇല്ലിച്ച് എന്ന ചികിത്സാചിന്തകൻ.
സഹിക്കുന്നതായാലും മരുന്നുകൊണ്ട് മാറ്റാൻ നോക്കുന്നതായാലും, വേദന എന്ന മാനസികവും ശാരീരികവുമായ അവസ്ഥയാണ് ചികിത്സകൻ നേരിടുന്ന ആദ്യത്തെയും അവസാനത്തെയും പ്രശ്‌നം. 'നരജീവിതമായ വേദന'ക്ക് ഒരു മട്ട് അർഭകരെക്കൊണ്ട് ഔഷധം ഒരുക്കാൻ നോക്കുന്നു ചിലർ. ചിലരാകട്ടെ, വേദന വേദന ലഹരി പിടിക്കും വേദന ഞാനിതിൽ മുഴുകട്ടെ എന്ന് ആലപിക്കുന്നു. വേദനകൊണ്ട് ലഹരി കേറുന്നത് വികലമായ കാവ്യഭാവനയാണെന്ന് മറുപക്ഷം. തന്നെയും ഇണയെയും നോവിക്കുമ്പോൾ പുളകം കൊള്ളുന്ന ഫ്രോയ്ഡിയൻ മനശ്ശാസ്ത്രം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എന്തായാലും, 'വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്‌നേഹബന്ധങ്ങൾ ഊഴിയിൽ' എന്നാണ് വേറൊരു കവിമതം. സ്‌നേഹബന്ധങ്ങളാണ് വേദനക്ക് പരിഹാരം എന്നും ആ വരികളെ വ്യാഖ്യാനിക്കാം.
ആയുഷ്‌കാലം മുഴുവൻ ഡോക്ടറാവാതെ ഡോക്ടർമാരുമായി ഇടപഴകിയിരുന്ന ഒരു രസികൻ സുഹൃത്തിനെ ഓർക്കുന്നു. വേദനയെപ്പറ്റി ആരെങ്കിലും പരാതിപ്പെടുന്നതു കേട്ടാൽ മറച്ചുവെക്കാൻ വയ്യാത്ത ലാഘവത്തോടുകൂടി അദ്ദേഹം പറയും: 'വേദനയുണ്ടെങ്കിൽ രക്ഷപ്പെട്ടു. ഇല്ലെങ്കിലേ പേടിക്കേണ്ടൂ.' വേദന തോന്നാതിരിക്കുന്ന അവസ്ഥയാണല്ലോ നിർജീവത്വം. നിർജീവത്വത്തിൽനിന്ന് അകന്നു നിൽക്കാനാണ് എല്ലാ ജീവികളുടെയും ശ്രമം. എന്നുവെച്ചാൽ വേദന ലഘുവായി പോലും അനുഭവപ്പെടാത്ത സ്ഥിതിയിൽനിന്ന് ഒഴിഞ്ഞുനിൽക്കുക.
വേദന എന്ന വാക്കു വെച്ച് നമ്മൾ എങ്ങനെയൊക്കെ പകിട കളിക്കുന്നു! സംസ്‌കൃതത്തിലും മലയാളത്തിലുമായി പത്തിരുപത് ഉപസർഗങ്ങൾ ചേർത്ത് എത്രയോ അർഥാന്തരങ്ങൾ രൂപപ്പെടുത്താൻ കഴിയുന്നു! 'അറിയുക' എന്ന് അർഥം വരുന്ന 'വിദ്' ധാതുവിൽനിന്ന് വേദവും വേദനയും സംവേദനവും നിവേദനവും നിർവേദവും ഉരുത്തിരിയുന്നു. ഇതിലൊന്നും പെടാതെ, പക്ഷേ എല്ലാ മനുഷ്യസംഘർഷങ്ങൾക്കും പ്രതീകമായി നിൽക്കുന്നു തലവേദന, തലയിലും കാലിലും മുറിഞ്ഞുപോയ കൈകാലുകളിലും അനുഭവപ്പെടാവുന്ന തലവേദന. പ്രപഞ്ചത്തിന്റെ ഭാവഗരിമ മുഴുവൻ ആവാഹിച്ചെടുക്കുന്നു വേദന എന്ന ആ പദപ്രയോഗം എന്നു തോന്നും.
പാലിയം ഇന്ത്യ എന്നു പേരായ സംഘടനക്ക് ഒരു മുഖപത്രം ഒരുക്കുമ്പോൾ വേദനയുടെ ഭാവരൂപഭംഗികളെപ്പറ്റിയായിരുന്നു ആലോചന. ഡോക്ടർ എം. ആർ രാജഗോപാൽ നേതൃത്വം നൽകുന്നതാണ് പാലിയം ഇന്ത്യ. ജീവിതം അവസാനത്തെ വേദനയായി മാറുമ്പോൾ, മറ്റു ചികിത്സാവിധികളെല്ലാം നിഷ്ഫലമെന്നു വരുമ്പോൾ, സാന്ത്വനം പകരുന്നതാണ് പാലിയേറ്റിവ് കെയർ. കടുത്ത വേദന ശമിപ്പിക്കാൻ മരുന്നു കൊടുക്കുകയും മരുന്നിനെക്കാൾ കൂടുതൽ ശുശ്രൂഷക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഈ ചികിത്സാപദ്ധതി രൂപപ്പെടുത്തിയതും ഒരു നഴ്‌സ് തന്നെ- സീലിയ സാൻടേഴ്‌സ്. ഇപ്പോൾ ഏതാണ്ടൊരു സ്വതന്ത്രചികിത്സാശാഖയായിത്തന്നെ വളർന്നിരിക്കുന്നു സാന്ത്വന ശുശ്രൂഷ.
വേദന ഭേദപ്പെടുത്താനും വേദനയുമായി പൊരുത്തപ്പെടാനും ശീലിപ്പിക്കുന്ന സംരംഭത്തിന്റെ മുഖപത്രികക്ക് വേറെ എന്തു പേരു കൊടുക്കും, 'വേദന' എന്നല്ലാതെ? സംഗജന്യമായ വേദന മുതൽ പരമമായ നിർവേദം വരെയുള്ള അനുഭവപ്രപഞ്ചം മുഴുവൻ ഉൾക്കൊള്ളുന്നതാകട്ടെ 'വേദന' എന്ന പത്രം എന്നു ഞാൻ നിർദ്ദേശിച്ചു. ലഹരി പിടിപ്പിക്കുന്നതും പിടിപ്പിക്കാത്തതുമായ വേദനയും, വേദന മാറ്റുകയും കേറ്റുകയും ചെയ്യുന്ന മരുന്നും മന്ത്രവും, എല്ലാം നിഷ്ഫലമെന്നു തെളിയുമ്പോൾ അനുഭവപ്പെടുന്ന ലഘുത്വവും ആവിഷ്‌കരിക്കുന്നതാവണം 'വേദന.'
നേരത്തേത്തന്നെ രാജഗോപാൽ വേറൊരു ശീർഷകം മനസ്സിൽ കണ്ടിരുന്നു. ആർക്കും എതിർക്കാൻ വിശേഷിച്ചൊരു കാരണവും തോന്നാത്ത പേർ: 'സഹയാത്ര'. ഒപ്പം നടക്കുക.
ഒറ്റപ്പെടുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും ഒപ്പം നടക്കുന്നതാണ് സഹയാത്ര. ഒരുമിച്ച് എല്ലാം ചെയ്യാനുള്ള വേദോപദേശത്തിന്റെ അനുരണനം അതിൽ കേൾക്കാം. മാറാത്ത നോവിൽ ഒരു വാക്ക്, ഒരു നോട്ടം പോലും, സാന്ത്വനമാകും. ഒരുമിച്ചു നടക്കാൻ ഒരാളുണ്ടെന്ന അറിവോ, പരിഹാരവും.
അതെ, സഹയാത്ര വേദനയുടെ പരിഹാരമാകുന്നു.