തൃശൂര്‍- ഗള്‍ഫിലെ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ചാലക്കുടി പോട്ട അലവി സെന്ററില്‍ വീടും വാഹനങ്ങളും അടിച്ചു തകര്‍ത്ത സംഘം പിടിയിലായി. വാടാനപ്പിള്ളി കുട്ടന്‍പാറന്‍ വീട്ടില്‍ അനില്‍ (33), വാടാനപ്പിള്ളി വ്യാസനഗര്‍ ചെക്കന്‍ വീട്ടില്‍ രജീഷ് (32), വാടാനപ്പിള്ളി സ്വദേശിയും ഇപ്പോള്‍ നാട്ടിക ഫിഷറീസ് സ്‌കൂളിന് സമീപം വാടകക്ക് താമസിക്കുന്നതുമായ പോള്‍ വീട്ടില്‍ വിശാഖ് (30) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ ഒരാള്‍ നേരത്തേ പോലീസ് പിടിയിലായിരുന്നു.
ജൂണ്‍ 17 നാണ് കേസിനാസ്പദമായ സംഭവം. അലവി സെന്റര്‍ പുലരി നഗറിലുള്ള കോമ്പാറക്കാരന്‍ ഔസേപ്പിന്റെ വീടാണ് അനിലിന്റെ നേതൃത്വത്തിലെത്തിയ സംഘം അടിച്ചു തകര്‍ത്തത്. ബൈക്കുകളില്‍ എത്തിയ ഇവര്‍ വീടിനകത്തേക്ക് ഇരച്ചുകയറി ഔസേപ്പിന്റെ മകന്‍ ജാക്‌സനെ അന്വേഷിക്കുകയും തുടര്‍ന്ന് ഔസേപ്പിനെ ഇരുമ്പു പൈപ്പു കൊണ്ടും കൈകള്‍ കൊണ്ടും മര്‍ദിച്ചവശനാക്കുകയുമായിരുന്നു. പിന്നീട് വീട്ടിനുള്ളിലെ ടി.വി, അലമാര, പാത്രങ്ങള്‍, ഗ്യാസടുപ്പ്, ജനല്‍ ചില്ലുകള്‍ എന്നിവ അടിച്ചു തകര്‍ത്ത സംഘം വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ടാറ്റ എയ്‌സ്, ബുള്ളറ്റ്, കാര്‍ എന്നിവയും ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചു തകര്‍ത്തു.
അനിലിന്റെ വിദേശത്തുള്ള സഹോദരനും ജാക്‌സനുമായി വിദേശത്ത് വെച്ച് നടന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.