ലോക, ഒളിംപിക് ചാമ്പ്യനെ തോൽപിച്ചു
സിഡ്‌നി - തുടർച്ചയായ രണ്ടാമത്തെ സൂപ്പർ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിലും കിരീടം നേടി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ചരിത്രം സൃഷ്ടിച്ചു. ഒളിംപിക് ചാമ്പ്യനും രണ്ടു തവണ ലോക ചാമ്പ്യനുമായ ചെൻ ലോംഗിനെ നേരിട്ടുള്ള ഗെയിമുകളിൽ തകർത്ത് പതിനൊന്നാം റാങ്കുകാരനായ ആന്ധ്രാ സ്വദേശി ഓസ്‌ട്രേലിയൻ ഓപൺ കിരീടമുയർത്തി. മുക്കാൽ മണിക്കൂർ നീണ്ട പോരാട്ടത്തിൽ 22-20, 21-16 നായിരുന്നു ശ്രീകാന്തിന്റെ ജയം. ഇന്തോനേഷ്യ സൂപ്പർ സീരീസിൽ ചാമ്പ്യനായാണ് ശ്രീകാന്ത് ഓസ്‌ട്രേലിയയിലെത്തിയത്. അതിനു മുമ്പ് സിംഗപ്പൂർ സൂപ്പർ സീരീസിൽ ഫൈനലിൽ തോൽക്കുകയായിരുന്നു. മുമ്പ് നാലു പേർക്കേ തുടർച്ചയായ മൂന്ന് സൂപ്പർ സീരീസ് ടൂർണമെന്റുകളിൽ ഫൈനലിലെത്താൻ സാധിച്ചിരുന്നുള്ളൂ.
ചെൻ ലോംഗിനെതിരായ ആറ് ഏറ്റുമുട്ടലുകളിൽ ശ്രീകാന്തിന്റെ ആദ്യ വിജയമാണ് ഇത്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന സുദീർമാൻ കപ്പിലായിരുന്നു ചെന്നിനോട് ശ്രീകാന്ത് അവസാനം തോറ്റത്.
ഈ വർഷം സൂപ്പർ സീരീസുകളിൽ ഇന്ത്യക്കാരുടെ ആധിപത്യമാണ്. ആറ് സൂപ്പർ സീരീസുകളിൽ നാലിലും ഇന്ത്യൻ താരങ്ങളാണ് കിരീടം നേടിയത്. ഏപ്രിലിൽ പരിക്ക് ഭേദമായി തിരിച്ചെത്തിയ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ശ്രീകാന്ത്. ചെൻ പരിക്കിൽനിന്ന് മോചിതനായ ശേഷം ഫോമിലെത്തിയിട്ടില്ല. അവസാനം സൂപ്പർ സീരീസ് കിരീടം നേടിയത് 2014 ലെ ഡെന്മാർക്ക് ഓപണിലാണ്.
ജപ്പാൻകാരികൾ തമ്മിലുള്ള വനിതാ ഫൈനലിൽ ഒളിംപിക് വെങ്കല മെഡലുകാരി നൊസോമി ഒകുഹാര 21-12, 21-23, 21-17 ന് അകാനെ യാമാഗുചിയെ തോൽപിച്ചു.
ശ്രീകാന്തിനെ തന്റെ മൻ കി ബാത്ത് റേഡിയൊ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചു. സ്‌പോർട്‌സ് ഇനി കരിയറായി തെരഞ്ഞെടുക്കുന്നതിൽനിന്ന് മാതാപിതാക്കൾ കുട്ടികളെ തടയരുതെന്ന് മോഡി അഭിപ്രായപ്പെട്ടു.
ശ്രീകാന്തിന് സമ്മാനം
ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ ശ്രീകാന്തിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ശ്രീകാന്തിന്റെ നാലാമത്തെ സൂപ്പർ സീരീസ് കിരീടമാണ് ഇത്.