കോഴിക്കോട് - മുൻ സംസ്ഥാന സെക്രട്ടറി കെ.പി ഇസ്മായിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെ ചൊല്ലി ഐ.എൻ.എല്ലിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ ശ്രമം. ഈയിടെ ഐ.എൻ.എല്ലിൽ ലയിച്ച പി.ടി.എ റഹീം എം.എൽ.എയാണ് ഇരുവിഭാഗം നേതാക്കളെയും അനുനയിപ്പിക്കാൻ ശ്രമം. ഈ മാസം 15 നാണ് കെ.പി ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയതായി അറിയിപ്പു വന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടി.
പുറത്താക്കിയ നടപടിക്കെതിരെ ഇസ്മായിൽ വാർത്താസമ്മേളനം നടത്തുകയും അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാനും ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിലിനും എതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇരുവരും മുസ്‌ലിം ലീഗ് നേതാക്കളുമായി ധാരണയിലെത്തിയിരുന്നുവെന്നായിരുന്നു ഇസ്മായിലിന്റെ ആരോപണം.
ഇസ്മായിലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ് രണ്ട് മാസത്തെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വൈസ് പ്രസിഡന്റ് എ.എ അമീന് നൽകിയിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിയുമായി ആലോചിക്കാതെ സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ അച്ചടക്ക നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന പ്രസിഡന്റ് അവധിയിൽ പ്രവേശിച്ചത്. ഈ വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം വി. ഇരിക്കൂർ ദേശീയ നേതൃത്വത്തിനൊപ്പമാണ്.
മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പരാതിയാണ് കെ.പി. ഇസ്മായിലിന്റെ പുറത്താക്കലിലെത്തി നിൽക്കുന്നത്. ഇതിന് മുമ്പും ഇസ്മായിലിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നേതാക്കൾക്കെതിരെ പ്രചാരണം നടത്തിയതിനായിരുന്നു നടപടി. മധ്യസ്ഥ ചർച്ചയെ തുടർന്ന് ഇസ്മായിലിനെ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. ഇസ്മായിൽ മുന്നോട്ടു വെച്ച പാനലിനെ തോൽപിച്ച് അൻവർ സാദത്ത് അധ്യക്ഷനായ കമ്മിറ്റിയാണ് മലപ്പുറം ജില്ലയിൽ നിലവിൽ വന്നത്. ജില്ലാ കമ്മിറ്റിയെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കെ.പി. ഇസ്മായിലിനെതിരെ അൻവർ സാദത്ത് സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് പരാതി നൽകിയിരുന്നു. ധാരണയനുസരിച്ച് മലപ്പുറം ജില്ലാ കമ്മിറ്റി തുടരാനും അനുവദിച്ചിരുന്നു.
സോഷ്യൽ മീഡിയയിലെ പ്രചാരണം പിന്നെയും തുടർന്നതിനെ തുടർന്നാണ് നടപടിയെന്നാണ് അഖിലേന്ത്യാ കമ്മിറ്റിയുടെ വിശദീകരണം. അഖിലന്ത്യാ നേതാക്കളായ പ്രൊഫ. മുഹമ്മദ് സുലൈമാനെയും അഹമ്മദ് ദേവർകോവിലിനെയും ആക്ഷേപിച്ചുവെന്ന് തെളിവോടെ പരാതിയുണ്ട്.
ഏത് അംഗത്തെയും പുറത്താക്കാൻ അഖിലേന്ത്യാ പ്രസിഡന്റിന് പാർട്ടി ഭരണഘടനയുടെ 14.5 ഭാഗം അധികാരം നൽകുന്നുണ്ട്.
മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നതിന് വിളിച്ചു ചേർത്ത കൗൺസിലിൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറായിരുന്നു റിട്ടേണിംഗ് ഓഫീസർ. ഇദ്ദേഹത്തിനെതിരെയും കെ.പി. ഇസ്മായിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രസിഡന്റ് അവധിയിൽ പോയതിനെ തുടർന്ന് പകരം ചുമതല നൽകാനായി കാസിം ഇരിക്കൂർ വിളിച്ചു ചേർത്ത ഭാരവാഹികളുടെ യോഗത്തിൽ നാലു പേർ മാത്രമാണ് പങ്കെടുത്തതെന്ന് അറിയുന്നു. ആകെ 14 ഭാരവാഹികളുണ്ട്. പാർട്ടിയിലെ വിഭാഗീയത തടയാനായി പി.ടി.എ റഹീം ഇരുവിഭാഗങ്ങളുമായും സംസാരിക്കുന്നുണ്ട്.