നെടുമ്പാശേരി- യാത്രക്കാരുടെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ ചെക്ക്ഇൻ ചെയ്യാനുള്ള സമയം വർധിപ്പിച്ചു.
ആഭ്യന്തര യാത്രക്കാർക്ക് ജൂൺ 25 മുതൽ വിമാന പുറപ്പെടൽ സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് ചെക്ക്ഇൻ ചെയ്യാം.
കൊച്ചി വിമാനത്താവളത്തിൽ പ്രതിദിനം മുപ്പതിനായിരത്തോളം പേർ യാത്ര ചെയ്യുന്നുണ്ട്. ആഭ്യന്തര ചെക്ക്ഇൻ കൗണ്ടറുകൾ, വിമാന പുറപ്പെടൽ സമയത്തിന് രണ്ട് മണിക്കൂർ മുമ്പാണ് സാധാരണ പ്രവർത്തിച്ചുതുടങ്ങുക. ഇതിലും നേരത്തെ എത്തുന്നവരെ സി.ഐ.എസ്.എഫ് ചെക്ക്ഇൻ മേഖലയിലേയ്ക്ക് കടത്തി
വിടില്ല.
തീവ്രവാദ ആക്രമണ പശ്ചാത്തലത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ നിർദേശപ്രകാരം സുരക്ഷാ പരിശോധന അതീവ കർശനമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നതിനാൽ സുരക്ഷാ പരിശോധനാ ഹാളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
അവസാന നിമിഷം എത്തുന്നവർക്ക് ഗേറ്റുകളിലേയ്ക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം പലപ്പോഴുമുണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ചെക്ക്ഇൻ കൗണ്ടറുകൾ നേരത്തെ തുറക്കാൻ സിയാൽ, എയർലൈനുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്. ജൂൺ 25 മുതൽ ആഭ്യന്തര യാത്രക്കാർക്ക് മൂന്ന് മണിക്കൂർ മുമ്പുതന്നെ ടെർമിനലിനുള്ളിൽ പ്രേവശിക്കാവുന്നതാണ്.
ആഭ്യന്തര യാത്രക്കാർ സുരക്ഷാ പരിശോധനാ ഹാളിലെ അവസാന നിമിഷ തിരിക്ക് ഒഴിവാക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സിയാൽ അഭ്യർത്ഥിച്ചു. രാജ്യാന്തര യാത്രക്കാർക്കുള്ള ചെക്ക്ഇൻ കൗണ്ടറുകളിൽ മൂന്നു മണിക്കൂർ മുമ്പുതന്നെ പ്രവർത്തിച്ചുതുടങ്ങുമെന്ന നിലവിലെ സ്ഥിതി തുടരും.