റിയാദ് - ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ കമ്പനിയും ലോകത്തെ ഏറ്റവും വലിയ നാലാമത്തെ തിയേറ്റർ ഗ്രൂപ്പുമായ സിനേപോളിസ് സൗദിയിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു. സൗദിയിലെ ആറു നഗരങ്ങളിൽ രണ്ടു വർഷത്തിനുള്ളിൽ ആകെ 63 സ്‌ക്രീനുകൾ തുറക്കുന്നതിനാണ് കമ്പനിക്ക് പദ്ധതി. ആദ്യ മൾട്ടിപ്ലക്‌സ് തിയേറ്റർ ഈ വർഷാവസാനത്തോടെ ദമാം ലുലു മാളിൽ തുറക്കും. അടുത്ത കൊല്ലം നാലു മൾട്ടിപ്ലക്‌സുകളും 2021 ൽ ഒരു മൾട്ടിപ്ലക്‌സും സിനേപോളിസ് സൗദിയിൽ തുറക്കും.
സൗദിയിൽ സിനിമാ തിയേറ്ററുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ, സിനേപോളിസ് ഇന്റർനാഷണലിന് ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ലക്ഷുറി എന്റർടെയിൻമെന്റ് എൽ.എൽ.സി എന്ന പേരിൽ സിനേപോളിസിന്റെ കീഴിലുള്ള സ്ഥാപനത്തിനാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അനുവദിക്കുന്ന നാലാമത്തെ ലൈസൻസാണിത്.
മേഖലയിലും സൗദിയിലും പ്രവർത്തനം വിപുലീകരിക്കുന്നതിന് സൗദിയിലെ അൽഹുകൈർ ഗ്രൂപ്പുമായും മേഖലാ പങ്കാളികളായ അൽതായർ ഗ്രൂപ്പുമായും സിനേപോളിസ് ഇന്റർനാഷണൽ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. മുൻനിര ഡെവലപ്പർമാരുമായി സഹകരിച്ച് സൗദിയിൽ ആറു മൾട്ടിപ്ലക്‌സുകൾ സ്ഥാപിക്കുമെന്ന് ലക്ഷുറി എന്റർടെയിൻമെന്റ് എൽ.എൽ.സി ചെയർമാൻ മിശ്അൽ അൽഹുകൈറും സിനേപോളിസ് ഗ്ലോബൽ സി.ഇ.ഒ മിഗ്വൽ മീറും സിനേപോളിസ് ഏഷ്യ മാനേജിംഗ് ഡയറക്ടർ ജാവിയർ സോട്ടോമേയറും സിനേപോളിസ് ഗൾഫ് സി.ഇ.ഒ ആഷിഷ് ശുക്ലയും അറിയിച്ചിട്ടുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ സൗദിയിലെ മുൻനിര തിയേറ്റർ ഗ്രൂപ്പായി മാറുകയാണ് സിനേപോളിസിന്റെ ലക്ഷ്യം.
ദമാം ലുലു മാളിനു പുറമെ, ജിസാൻ അൽഹുകൈർ ടൈം, ജിദ്ദ അബ്ഹുർ മാൾ, റിയാദ് കൊർഡോബ മാൾ, നജ്‌റാൻ സിറ്റി സെന്റർ, അൽമസറ മാൾ എന്നിവിടങ്ങളിലാണ് സിനേപോളിസ് തിയേറ്ററുകൾ തുറക്കുക. ആറു തിയേറ്ററുകളിലും കൂടി ആകെ 63 സ്‌ക്രീനുകളാണുണ്ടാവുക. ബഹ്‌റൈനിലെ ആദ്യത്തെ സിനിമാ തിയേറ്റർ ഈ വർഷം ജനുവരിയിൽ സിനേപോളിസ് തുറന്നിരുന്നു.