മക്ക - ഹാജിമാരുടെ താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തെക്കനേഷ്യൻ രാജ്യങ്ങൾക്കുള്ള മുതവ്വിഫ് സ്ഥാപനം മശാഇർ ഒന്ന് എന്ന പേരിൽ എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. ഹജ് മന്ത്രാലയത്തിന്റെയും കേന്ദ്ര ഹജ് കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ നാളെ തുടങ്ങുന്ന എക്‌സിബിഷൻ വെള്ളിയാഴ്ച സമാപിക്കും.
ഹാജിമാർക്ക് സേവനം ചെയ്യുന്ന ദേശീയ അന്തർദേശീയ കമ്പനികൾ എക്‌സിബിഷനിൽ പങ്കെടുക്കും. പുണ്യ ഭൂമികളിൽ ഹാജിമാർക്കൊരുക്കുന്ന ടെന്റുകളിലെ എയർ കണ്ടീഷൻ സൗകര്യം, ഡബിൾ ഡക്ക് കട്ടിലുകൾ, ഫർണിച്ചറുകൾ, ലൈറ്റനിംഗ് സംവിധാനങ്ങൾ, വൈദ്യുതി വിതരണം, വെള്ളം തണുപ്പിക്കൽ, മാലിന്യ സംസ്‌കരണം, വെയിൽ പ്രതിരോധിക്കാനുള്ള ഇൻസുലേറ്ററുകൾ, അവശ വിഭാഗങ്ങൾക്കുള്ള സൗകര്യങ്ങൾ, സ്മാർട്ട് ടെന്റ്, ടോയ്‌ലറ്റ് സൗകര്യം, അടുക്കള സംവിധാനവും ഭക്ഷണം വിതരണം ചെയ്യലും തുടങ്ങിയവ പ്രദർശനത്തിനുണ്ടാവും.
ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരം നടക്കുന്ന എക്‌സിബിഷനിൽ ടെന്റുകളിൽ നടപ്പാക്കാനിരിക്കുന്ന ഡബിൾ ഡക്ക് കട്ടിൽ സംവിധാനം പ്രദർശിപ്പിക്കുമെന്ന് തെക്കനേഷ്യൻ മുതവ്വിഫ് സ്ഥാപനം മേധാവി ഡോ. റഅ്ഫത്ത് ബിൻ ഇസ്മാഈൽ ബദർ അറിയിച്ചു.
ഡബിൾ ഡക്ക് കട്ടിൽ തെക്കനേഷ്യൻ മുതവ്വിഫ് സ്ഥാപനത്തിന്റെ പദ്ധതികളിൽ പെട്ടതാണ്. അതോടൊപ്പം ഹാജിമാർക്ക് ഏറ്റവും മുന്തിയ സേവനം നൽകുന്നതിനുള്ള മത്സാരന്തരീക്ഷം ഉണ്ടാക്കുകയെന്നതും എക്‌സിബിഷന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണെന്നും നൂതന സാങ്കേതിക വിദ്യകൾ ഹജ് സേവനത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന ചിന്ത എക്‌സിബിഷൻ വഴി കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.