Sorry, you need to enable JavaScript to visit this website.

ഇറാൻ വ്യോമമേഖല ഒഴിവാക്കാൻ  സൗദിയ തീരുമാനം

റിയാദ് - അമേരിക്കൻ, ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വ്യോമമേഖല ഒഴിവാക്കുന്നതിന് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) തീരുമാനിച്ചു. പകരം കൂടുതൽ സുരക്ഷിതമായ പാതകൾ അവലംബിക്കുന്നതിനാണ് തീരുമാനം. ഇത് വിമാന സർവീസുകളുടെ സമയത്തിൽ കാര്യമായ മാറ്റമുണ്ടാക്കില്ലെന്ന് സൗദിയ പറഞ്ഞു. അറേബ്യൻ ഉൾക്കടലിനു മുകളിലൂടെ ചില ഏഷ്യൻ സെക്ടറുകളിലേക്കുള്ള വിമാന സർവീസുകളുടെ റൂട്ടിലാണ് മുൻകരുതലെന്നോണം മാറ്റം വരുത്തിയിരിക്കുന്നത്. ഇറാൻ വ്യോമ മേഖലയിൽ നിന്ന് അകലെ കൂടുതൽ സുരക്ഷിതമായ റൂട്ടുകളാണ് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് ഉപയോഗിക്കുകയെന്നും സൗദിയ പറഞ്ഞു.
ഹുർമുസ് കടലിടുക്കിനു മുകളിൽ അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിനു പിന്നാലെ ഏതാനും രാജ്യങ്ങളുടെ വിമാന കമ്പനികൾ മുൻകരുതലെന്നോണം ഇറാൻ വ്യോമമേഖല ഒഴിവാക്കിയിട്ടുണ്ട്. ഡ്രോൺ വെടിവെച്ചിട്ടതിനു തിരിച്ചടിയായി ഇറാനെതിരെ ആക്രമണം നടത്തുന്നതിനുള്ള തീരുമാനം അവസാന നിമിഷം താൻ ഇടപെട്ട് റദ്ദാക്കുകയായിരുന്നെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇറാനെതിരെ ആക്രമണം നടത്തുന്നതിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ആക്രമണ പദ്ധതി താൽക്കാലികമായി ഒഴിവാക്കിയെങ്കിലും ശത്രുതാപരമായ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കുന്നതിന് ലക്ഷ്യമിട്ട് ഇറാനെതിരെ കൂടുതൽ കടുത്ത ഉപരോധങ്ങൾ അമേരിക്ക ബാധകമാക്കിയിട്ടുണ്ട്. 
യു.എ.ഇ വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ എന്നിവ സംഘർഷ സാധ്യതയുള്ള മേഖലയിൽ നിന്ന് വിമാന സർവീസുകളുടെ റൂട്ടുകൾ മാറ്റിയിട്ടുണ്ട്. ഹുർമുസ് കടലിടുക്കിനു മുകളിലൂടെയുള്ള സർവീസുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തിയതായി സിംഗപ്പൂർ എയർലൈൻസും മലേഷ്യൻ എയർലൈൻസും ദിവസങ്ങൾക്കു മുമ്പ് അറിയിച്ചിരുന്നു. ഇറാൻ വ്യോമമേഖലയിലൂടെ സർവീസുകൾ ഒഴിവാക്കുന്നതിന് അമേരിക്കൻ വിമാന കമ്പനികൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും നിർദേശം നൽകിയിട്ടുണ്ട്. 
എയർ ഇന്ത്യ അടക്കമുള്ള ഇന്ത്യൻ വിമാന കമ്പനികളോട് ഇറാൻ വ്യോമമേഖല ഒഴിവാക്കാൻ കഴിഞ്ഞ ദിവസം സിവിൽ വ്യോമയാന അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഇറാൻ വ്യോമമേഖല ഒഴിവാക്കി കൂടുതൽ അനുയോജ്യമായ മറ്റു റൂട്ടുകൾ ഇന്ത്യൻ വിമാനങ്ങൾ തെരഞ്ഞെടുക്കണമെന്നാണ് വ്യോമയാന അതോറിറ്റി നിർദേശം നൽകിയത്. ഒമാൻ, അറേബ്യൻ ഉൾക്കടലുകളിലൂടെ കടന്നുപോകുന്ന ഇന്ത്യൻ ചരക്കു കപ്പലുകൾക്ക് നാവിക സേനാ കപ്പലുകളുടെ കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഐ.എൻ.എസ് ചെന്നൈ, ഐ.എൻ.എസ് സുകന്യ എന്നിവ അകമ്പടി സേവിക്കുന്നുണ്ടെന്ന് നാവിക സേന അറിയിച്ചു. 
 

Latest News