കോഴിക്കോട്ടെ നാടകപ്രേമികൾക്ക് വിജയൻ വി. നായർ എന്ന നാടകപ്രവർത്തകനെ പരിചയപ്പെടുത്തേണ്ടതില്ല. അര പതിറ്റാണ്ടോളമായി അരങ്ങിന്റെ പ്രിയതോഴൻ. രചനയും സംവിധാനവും അഭിനയവും തുടങ്ങി എല്ലാ മേഖലകളിലും കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് ഈ കലാകാരൻ. അമേച്വർ നാടകരംഗത്തും പ്രൊഫഷണൽ നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഇതിനകം അൻപതോളം സിനിമകളിലും വേഷമിട്ടുകഴിഞ്ഞു. കേരള സംഗീത നാടക അക്കാദമി അവാർഡ്, എസ്.കെ. പൊറ്റെക്കാട് അവാർഡ്, വാഗ്ഭടാനന്ദ ഗുരുദേവ അവാർഡ്, കേന്ദ്ര കലാസമിതി പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന ചിത്രം കണ്ടവർക്ക് വിജയൻ വി. നായർ അവതരിപ്പിച്ച കുന്നുമ്മൽ വേലായുധനെ മറക്കാനാവില്ല. മമ്മൂട്ടി അവതരിപ്പിച്ച മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജിയുടെ വലംകൈയായി എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുന്ന കഥാപാത്രം. വിജയൻ വി. നായർ എന്ന കലാകാരന്റെ കലാജീവിതം തിരുത്തിക്കുറിച്ച കഥാപാത്രം.
ആ കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശത്തിന്റെ കഥ പറയുമ്പോൾ വിജയൻ ചിരിക്കും. കോഴിക്കോട്ടായിരുന്നു ഒഡീഷൻ. അരങ്ങിൽ തിളങ്ങിനിന്നിരുന്ന ഒട്ടേറെപേർ ആ ചിത്രത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം അവിടെ നിരന്നിരിക്കുകയാണ്. നാടകരംഗത്തുനിന്നും സിനിമയിലേയ്ക്ക് ചുവടുവയ്ക്കുന്നതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. കഥാപാത്രങ്ങളെ പ്രഖ്യാപിക്കാനെത്തിയ സംവിധായകൻ രഞ്ജിത്ത് കടന്നുവരികയാണ്. ''ഇതാരാ, ഇയാളെ ഇങ്ങോട്ട് കടത്തിവിട്ടത്.
ഒരു ചടങ്ങ് നടക്കുമ്പോൾ ആർക്കും വന്ന് കയറി ഇരിക്കാമെന്നായോ...'' മറ്റുള്ളവർ അയാളുടെ മുഖത്തേയ്ക്കു നോക്കി. എന്നാൽ അയാളുടെ മുഖത്ത് ചിരിയാണ് വന്നത്. ഇത് നമ്മുടെ വിജയൻ വി.നായരല്ലേ എന്നായി എല്ലാവരുടെയും ചോദ്യം. അപ്പോൾ രഞ്ജിത്ത് പ്രഖ്യാപിച്ചു. ഇതാണ് ചിത്രത്തിലെ വേലായുധൻ. മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജിയുടെ സന്തതസഹചാരി.
കോഴിക്കോട്ടെ നാടകപ്രേമികൾക്ക് വിജയൻ വി. നായർ എന്ന നാടകപ്രവർത്തകനെ പരിചയപ്പെടുത്തേണ്ടതില്ല. അര പതിറ്റാണ്ടോളമായി അരങ്ങിന്റെ പ്രിയതോഴൻ. രചനയും സംവിധാനവും അഭിനയവും തുടങ്ങി എല്ലാ മേഖലകളിലും കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് ഈ കലാകാരൻ. അമേച്വർ നാടകരംഗത്തും പ്രൊഫഷണൽ നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഇതിനകം അൻപതോളം സിനിമകളിലും വേഷമിട്ടു കഴിഞ്ഞു. ഇപ്പോഴിതാ നായകനായി വെള്ളിത്തിരയിലെത്തുകയാണ്.
സന്ദീപ് സംവിധാനം ചെയ്യുന്ന പറങ്ങോടൻ എന്ന ചിത്രത്തിലാണ് വിജയൻ നായകനാകുന്നത്. ആദ്യഭാഗം സംവിധാനം ചെയ്തിരുന്ന സഹദേവന്റെ അകാലനിര്യാണത്തെ തുടർന്ന് സിനിമ നിർത്തിവെച്ചതായിരുന്നു. പിന്നീട് തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ചിത്രീകരണം തുടരുന്നത്. മറുനാടൻ തൊഴിലാളികൾ കേരളത്തെ ചൂഷണം ചെയ്യുന്നതാണ് ഇതിവൃത്തം. ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്ന മലയാളികൾ. ഇവർക്കിടയിലേയ്ക്ക് അന്യനാട്ടിൽനിന്നും വന്നവർ തൊഴിലെടുത്ത് ഇവിടത്തെ പണം മുഴുവൻ കൊണ്ടുപോവുകയാണ്. ഇനിയും നമ്മൾ ഉണർന്നില്ലെങ്കിൽ ഈ നാട് അവർ മുടിപ്പിക്കും എന്ന താക്കീത് കൂടിയാണ് പറങ്ങോടൻ പറയുന്നത്. കർഷകനായ പറങ്ങോടനെയാണ് വിജയൻ അവതരിപ്പിക്കുന്നത്. ശക്തമായ പ്രമേയത്തോടൊപ്പം നല്ലൊരു കുടുംബകഥയും പറങ്ങോടൻ പങ്കുവയ്ക്കുന്നുണ്ട്.
ശ്രീദേവ് സംവിധാനം ചെയ്യുന്ന എഫ്.എം ലൗ എന്നൊരു ചിത്രത്തിലും വിജയൻ വേഷമിടുന്നുണ്ട്. ഒരു ചായക്കച്ചവടക്കാരനായി മുഴുനീള കഥാപാത്രമായാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ പത്മകുമാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ മാമാങ്കത്തിൽ ഒരു നാട്ടുരാജാവിന്റെ വേഷത്തിലും അഭിനയിക്കുന്നുണ്ട്.
ഇതിനിടയിൽ അരങ്ങിലും സജീവസാന്നിധ്യമായി അദ്ദേഹമെത്തുന്നു. ഈയിടെ സംവിധാനം ചെയ്ത പന്തം എന്ന നാടകത്തിൽ സമകാലീന രാഷ്ട്രീയത്തിൽ അരങ്ങേറുന്ന ഹീനമായ കൃത്യങ്ങളെ വിമർശനാത്മകമായാണ് അവതരിപ്പിക്കുന്നത്. തെയ്യം, തിറ തുടങ്ങിയ കലാരൂപങ്ങളിലൂടെയാണ് അദ്ദേഹം ഇത് സാധ്യമാക്കുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകത്തിൽ കസേര കിട്ടിയാൽ എല്ലാവരും ഉടയോരാകും എന്നൊരു സന്ദേശം കൂടി അദ്ദേഹം വിളംബരം ചെയ്യുന്നു.
നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അവയിലൊന്നും അഭിനയിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. നാടകാചാര്യൻ ശങ്കരപ്പിള്ള നൽകിയ ഉപദേശമാണിതെന്ന് അദ്ദേഹം പറയുന്നു.
ഇതിനുപുറമെ ഒരു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു നാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. വന്നോനും പോയോനും എന്ന നാടകത്തിൽ ഗോവിന്ദചാമിയെയും അദ്ദേഹത്തെ രക്ഷിക്കാനെത്തുന്ന ആളൂരിനെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് അരങ്ങേറിയത്. ആളൂരിനെപ്പോലുള്ളവർ വക്കീൽ സമൂഹത്തിനുതന്നെ അപശകുനമാണെന്ന് കണ്ടെത്തുകയാണ് അദ്ദേഹം.
പെൺപർവം എന്ന നാടകത്തിലാകട്ടെ സയാമീസ് ഇരട്ടകളുടെ ജീവിതമാണ് ഇതിവൃത്തമാകുന്നത്. ആണും പെണ്ണുമാണ് ഈ ഇരട്ടകൾ. മുപ്പതുവയസ്സ് പിന്നിട്ട ഇവർക്ക് വേർപെട്ടു ജീവിക്കാൻ മോഹം തോന്നുന്നു. അല്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാനും. തൂങ്ങിമരിക്കാൻ തുനിഞ്ഞെങ്കിലും കയർ പൊട്ടിയതിനാൽ രക്ഷപ്പെട്ടു. തീവണ്ടി തട്ടി മരിക്കട്ടെ എന്നു കരുതിയപ്പോൾ പൊലീസ് പിടിച്ചു. ഒടുവിൽ ശസ്ത്രക്രിയയിലൂടെ അവർ വേർപെട്ടു. എന്നാൽ ഒരാൾക്ക് മാത്രമേ ജീവൻ തിരിച്ചുകിട്ടിയുള്ളു. പുരുഷൻ മരിക്കുകയും സ്ത്രീ രക്ഷപ്പെടുകയും ചെയ്തു. ഒടുവിൽ അവൾക്കും മരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ മറ്റൊരു സയാമീസ് ഇരട്ടകളെ സംരക്ഷിക്കാനുള്ള ബാധ്യതയിൽ ആ ശ്രമം അവൾ ഉപേക്ഷിക്കുകയായിരുന്നു.
സിനിമയിൽ എന്തുകൊണ്ട് സജീവമാകുന്നില്ല എന്ന ചോദ്യത്തിന് അവസരങ്ങൾ ചോദിച്ചുവാങ്ങാൻ അറിയാത്തതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം പറയുന്നു. സിനിമ ഒരു ടീം വർക്കാണ്. ഒരു കോക്കസാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അവസരങ്ങൾ തേടിച്ചെല്ലുന്നവർക്കു മാത്രമേ അവിടെ സ്ഥാനമുള്ളു. എന്നിരുന്നാലും ഏതുവേഷം ലഭിച്ചാലും അത് നന്നായി അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. നായകനാകണമെന്നതിലല്ല, ലഭിക്കുന്ന വേഷങ്ങൾ മികവുറ്റ രീതിയിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
കൊച്ചുകൊച്ചു വേഷങ്ങൾ ഏറെ അവതരിപ്പിച്ചെങ്കിലും പാലേരി മാണിക്യത്തിലെ വേലായുധനെപ്പോലുള്ള കഥാപാത്രങ്ങൾ പിന്നീട് ലഭിച്ചില്ല. എങ്കിലും സഹനടനായുള്ള വേഷങ്ങൾ മികച്ചതാക്കാൻ കഴിയുമെന്നാണ് വിശ്വാസം. ഇദ്ദേഹം സംവിധാനം ചെയ്ത വേര് എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ ഒരു ലക്ഷത്തോളം പേർ ഇതിനകം കണ്ടുകഴിഞ്ഞു.കേരള സംഗീത നാടക അക്കാദമി അവാർഡ്, എസ്.കെ. പൊറ്റെക്കാട് അവാർഡ്, വാഗ്ഭടാനന്ദ ഗുരുദേവ അവാർഡ്, കേന്ദ്ര കലാസമിതി പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നാടകങ്ങൾക്കും സിനിമകൾക്കും പുറമെ മിനിസ്‌ക്രീനിലും ഒട്ടേറെ കഥാപാത്രങ്ങളെ വിജയൻ അവതരിപ്പിച്ചിട്ടുണ്ട്. ആശാലതയാണ് ഭാര്യ. മക്കൾ ദീപ്തിയും ചിത്രയും. ബാംഗ്ലൂരിൽ ടി.സി.എസിൽ ഐ.ടി. എൻജിനീയറാണ് ദീപ്തി. ഇളയ മകൾ ചിത്ര ബാംഗ്ലൂരിലെ കൃപാനിധി കോളേജിൽ സൈക്കോളജി പ്രൊഫസർ.