Sorry, you need to enable JavaScript to visit this website.

ദൈവം അയച്ച സഹായി; ഭീകരരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട മലയാളിയുടെ കഥ

ബിജു ഭീകരരുടെ തടവിൽനിന്ന് മോചിതനായപ്പോൾ
ബിജു ഭീകരരുടെ തടവിൽനിന്ന് മോചിതനായപ്പോൾ
ബിജു കുടുംബത്തോടൊപ്പം

ഫിലിപ്പൈൻസിലെ ഭീകരസംഘടനയുടെ ബന്ദിയായി പതിനാലു മാസം മരണവുമായി മുഖാമുഖം കഴിഞ്ഞ കൊയിലാണ്ടി സ്വദേശി ബിജുവിന്റെ നടുക്കുന്ന അനുഭവങ്ങൾ  

എട്ടു വർഷം മുമ്പുള്ള ഒരു ജൂൺ 22. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മൂടാടിയിലുള്ള കൊളാറ വീട്ടിൽ ബിജു, ഭാര്യവീട്ടിൽ രാത്രി അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. കാൽമുട്ടിൽ കനത്തതെന്തോ വീണതായി തോന്നിയാണ് ഞെട്ടിയുണർന്നത്. അപ്പോൾ കണ്ടു, കട്ടിലിനരികെ രണ്ട് സൈനിക വേഷധാരികൾ. അവർ കൈകളിലെ റിവോൾവർകൊണ്ട് കാലിൽ ശക്തിയായി അടിച്ചതാണ്. ഉറക്കപ്പിച്ചിൽ ബിജുവിന് ഒന്നും മനസ്സിലായില്ല. തുറന്നിട്ട വാതിലിനരികെ ആയുധധാരികളായ മറ്റു രണ്ടു സൈനികരെ കൂടി കണ്ടു. അപ്പോഴേക്കും ഭാര്യ എലിന ഉണർന്നു. അവളോടവർ പ്രാദേശിക ഭാഷയായ തൗസുക്കിൽ സംസാരിക്കുന്നത് കേട്ടപ്പോഴാണ് ബിജുവിന് എല്ലാം ഓർമ വരാൻ തുടങ്ങിയത്.
താൻ നാട്ടിലല്ല. നാട്ടിൽനിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, ഫിലിപ്പൈൻസിലെ ഒരു ഉൾനാടൻ ഗ്രാത്തിലെ ഭാര്യ വീട്ടിലാണുള്ളത്. ഫിലിപ്പൈൻസിലെ ബാരംഗ ജില്ലയിലുള്ള തെംപൂക്ക് പത്തിക്കാൻ പ്രവിശ്യയിലെ സുളുവിൽ. തലസ്ഥാനഗരിയായ മനിലയിൽ നിന്നും രണ്ടര മണിക്കൂർ വിമാനയാത്ര ചെയ്ത് ആദ്യം സാംബോംഗ എന്ന സ്ഥലത്തെത്തണം. തുടർന്ന് ഒരു രാത്രി മുഴുവൻ കപ്പലിൽ സഞ്ചരിച്ചു വേണം സുളുവിലെത്താൻ.


2002 മുതൽ കുവൈത്തിലെ ബാറ്റി ഡിസൈൻ എന്ന കൊറിയൻ കമ്പനിയിൽ ജോലിക്കാരനായിരുന്നു ബിജു. 2003-ലാണ് ഫിലിപ്പൈൻസുകാരിയായ എലിന അവിടെ കാഷ്യറായി വരുന്നത്. അവർ തമ്മിൽ കണ്ടു. പരിചയപ്പെട്ടു. പ്രേമമായി. ഒടുവിൽ അത് വിവാഹത്തിൽ കലാശിച്ചു. 2004-ൽ കോഴിക്കോട്ട് വെച്ചായിരുന്നു വിവാഹം. മൂത്തമകൻ അർജുൻ ജനിച്ചപ്പോൾ 2007-ൽ ബിജു ഒരിക്കൽ ഫിലിപ്പൈൻസിലെ ഭാര്യ വീട്ടിൽ പോയിരുന്നു. രണ്ടാമത്തെ മകൻ, അജയ് പിറന്നപ്പോൾ അവനെ ഭാര്യവീട്ടുകാരെ കാണിക്കാനാണ് ഇക്കുറി കുടുംബസമേതം ഫിലിപ്പൈൻസിൽ എത്തിയത്.
ബിജുവിനെ ഓർമകളിൽ നിന്നും ഉണർത്തിക്കൊണ്ട് ഭാര്യ എലിന പറഞ്ഞു-വന്നവർ സൈനികരാണ്. ബിജു, ടൂറിസ്റ്റാണോ, എന്തിനാണ് ഈ വീട്ടിൽ വന്നത്, മതിയായ രേഖകളുണ്ടോ എന്നൊക്കെ അന്വേഷിക്കുകയാണ്. ബിജു തന്നെ കല്യാണം കഴിച്ചതാണെന്നും ആവശ്യമായ രേഖകൾ ഉണ്ടെന്നും എലിന അവരോട് പറഞ്ഞു. പക്ഷെ, അവർക്കത് വിശ്വാസമായില്ല. വീടിന് താഴെയുള്ള റോഡിലെ ജീപ്പിൽ തങ്ങളുടെ ക്യാപ്റ്റൻ ഇരിക്കുന്നുണ്ടെന്നും അവിടെ പോയി അദ്ദേഹത്തെ ബോധ്യപ്പെടുത്തി ബിജുവിനെ പെട്ടെന്ന് വിട്ട യക്കാമെന്നും അവർ പറഞ്ഞു. അപ്പോഴേക്കും വീട്ടുകാരൊക്കെ ഉണർന്നു. 
അനധികൃതമായി താമസിക്കുന്ന ടൂറിസ്റ്റുകളെ തിരഞ്ഞ് അവിടെ ഇത്തരം റെയ്ഡുകൾ പതിവാണ്. അതിനാൽ വീട്ടുകാർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല. നാലു സൈനികർ ബിജുവിനെ വീടിന് പുറത്തേക്ക് നയിച്ചു. വീട്ടുകാർ അനുഗമിച്ചപ്പോൾ സൈനികർ തടഞ്ഞു. നടന്ന് താഴെ എത്തിയപ്പോൾ കൂടുതൽ സൈനികരെത്തി ബിജുവിനെ വളഞ്ഞു. അവരിൽ ചിലർ പെട്ടെന്ന് അദ്ദേഹത്തിന്റെ കൈകൾ ചേർത്തു പിടിച്ചു. അതിലൊരാൾ ബിജുവിന്റെ കഴുത്തിലെ സ്വർണമാല ബലമായി പൊട്ടിച്ചെടുത്തു. വന്നവർ സൈനികരല്ലെന്നും ഏതോ അക്രമിസംഘമാണെന്നും അപ്പോൾ അദ്ദേഹത്തിന് മനസിലായി. (അതു ശരിയായിരുന്നു. അവർ അബുസയ്യാഫ് എന്നറിയപ്പെടുന്ന ഫിലിപ്പൈൻസിലെ ഒരു ഭീകരസംഘടനയിൽപെട്ടവരായിരുന്നു)


റോഡിലേക്ക് മറ്റൊരു വഴിയിലൂടെ ഇറങ്ങി വന്ന എലിനയുടെ സഹോദര ഭാര്യ, അക്രമികൾ ബിജുവിന്റെ കഴുത്തിലെ മാല പറിക്കുന്നത് കണ്ടു. അവരോടിയെത്തി അതു തടയാൻ ശ്രമിച്ചു. അക്രമികളിൽ ഒരാൾ അവരെ തോ ക്കുകൊണ്ട് അടിച്ചു വീഴ്ത്തി. തോക്കിൻ കുഴൽ അവരുടെ നെഞ്ചിൽ കുത്തി അയാൾ എന്തോ അലറി. അതോടെ ഭാര്യയും വീട്ടുകാരും അലമുറയിട്ടു കരയാൻ തുടങ്ങി. മാല ബലമായി പിടിച്ചു പറിക്കുന്നതിനിടയിൽ ബിജുവിന്റെ ക ഴുത്ത് മുറിഞ്ഞ് ചോരയൊലിക്കാൻ തുടങ്ങിയിരുന്നു.സൈനിക വേഷത്തിലുള്ള ഭീകരർ ബിജുവിനേയും കൊണ്ട് ഏതാനും  കിലോമീറ്ററുകൾക്കപ്പുറത്തെ ഘോരവനത്തിലേക്കാണ് നീങ്ങിയത്. വനത്തി ലെത്തിയതോടെ കൂടുതൽ ഭീകരർ ബിജുവിനൊപ്പം കൂടി. രാത്രി മുഴുവൻ കാട്ടിലൂടെ നടക്കുകയായിരുന്നു. എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് ഒ രു രൂപവുമില്ല. വനത്തിനകത്ത് കൊടിയ തണുപ്പായിരുന്നു. മണിക്കൂറുകളോളം നടന്നു തളർന്നപ്പോൾ ബിജു ഒന്നിരിക്കാൻ നോക്കി. അപ്പോൾ തോക്കിൻ പാത്തികൊണ്ട് ഒരു ഭീകരൻ മുതുകത്ത് ശക്തിയായി കുത്തി എഴുന്നേൽപ്പിച്ചു. പിന്നെ വലിച്ചിഴച്ച് മുന്നോട്ട് നടത്തിച്ചു. പിറ്റേ ദിവസം രാവിലെ 9 മണിയോടെ യാത്ര അവസാനിച്ചു. ഭീകരർ അവിടെ തമ്പടിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ആ പ്രഭാതത്തിലും കൂരിരുട്ടായിരുന്നു അവിടെ എന്നു പറഞ്ഞാൽ ആ വനത്തിന്റെ ഭീകരത ഊഹിക്കാമല്ലൊ! ഒരു വാഴയില വെട്ടി അക്രമികൾ ബിജുവിന് കിടക്കാൻ കൊടുത്തു. അതിനിടയിൽ കൈകാലുകൾ ബന്ധിച്ചിരുന്നു. ചുറ്റും യന്ത്രത്തോക്കുകളേന്തിയ കാവൽക്കാർ. അങ്ങനെ വാഴയിലയിൽ കിടക്കുമ്പോൾ നാട്ടിലൊക്കെ മരിച്ച വരെ വാഴയിലയിൽ കുളിപ്പിക്കാൻ കിടത്തുന്നതാണ് ബിജുവിന് ഓർമ വന്നത്. വൈകിട്ട് കെട്ടുകളഴിച്ച് അവർ കുറച്ച് ചോറും ഉണക്കമീനും നൽകി. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും പ്രതിഷേധിച്ച് അത് കഴിക്കാതെ തട്ടി മാറ്റി. അതു കണ്ട് കാവൽക്കാരിൽ ഒരാൾ മുഖത്ത് ആഞ്ഞടിച്ചു. ബിജുവിന്റെ കണ്ണിൽ ഇരുട്ട് കയറി. ബോധം മറഞ്ഞു. ദേഹത്ത് തണുത്തതെന്തോ വീഴുന്നതറിഞ്ഞാണ് പിന്നെ കണ്ണുതുറന്നത്. മഴ പെയ്യുകയാണ്. രാത്രിയായിട്ടുണ്ട്. താൻ പഴയപടി കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. മഴ കനത്ത് ചരലു പോലെ മുഖത്ത് വീഴാൻ തുടങ്ങി. അത് അസഹ്യമായപ്പോൾ നിലവിളിച്ചു. പക്ഷെ, തളർന്ന ശരീരത്തിൽനിന്നും ഒച്ച പുറത്തു വന്നില്ല.

DOWNLOAD APP

പിറ്റേന്ന് രാവിലെ ഭീകരർ ബിജുവിനെ കെട്ടുകളഴിച്ച് സ്വതന്ത്രനാക്കി. പക്ഷെ, കണ്ണുകൾ കറുത്ത തുണികൊണ്ട് കെട്ടി. അൽപം കഴിഞ്ഞ് ക്യാപ്റ്റൻ എന്നു വിളിക്കുന്ന ഒരാളെത്തി. നല്ല തെളിഞ്ഞ ഇംഗ്ലീഷിൽ അയാൾ കുറേ കാര്യങ്ങൾ ബിജുവിനോട് ചോദിച്ചു. പേര്, നാട്, വീട്, ബന്ധുക്കൾ, ടൂറിസ്റ്റാണോ, ഇവിടെ എന്തിന് വന്നു, എവിടെ ജോലി ചെയ്യുന്നു തുടങ്ങി കുറേനേരം ചോദ്യങ്ങൾ. അയാൾ മടങ്ങിയശേഷം ഭീകരർ വീണ്ടും അദ്ദേഹത്തിന്റെ കൈകാലുകൾ കെട്ടി. കാട്ടിനകത്ത് സദാനേരവും ഇരുട്ട് തങ്ങി നിന്നിരുന്നു. അതിനാൽ വെളുക്കുന്നതും ഇരുട്ടുന്നതും ഒന്നും അറിയാൻ കഴിഞ്ഞില്ല. കൈയിലെ വാച്ച് പക്ഷെ, ദിവസങ്ങൾ കടന്നു പോകുന്നു എന്ന് സൂചിപ്പിച്ചു. വല്ലപ്പോഴും കുറച്ച് ഭക്ഷണവും വെള്ളവും കിട്ടി. അതും കഴിച്ച് തന്റെ വിധി ഓർത്ത് നെടുവീർപ്പിട്ട് ബിജു സമയം തള്ളി നീക്കി.
അഞ്ചാം ദിവസം ആയുധധാരികളായ മറ്റൊരു ഗ്രൂപ്പ് എത്തി. അവർ ഒരു വലിയ പെട്ടി തുറന്ന് ബിജുവിന്റെ മുന്നിൽ വെച്ചു. അതൊരു സാറ്റലൈറ്റ് ഫോൺ സംവിധാനമായിരുന്നു. മനിലയിലെ ഇന്ത്യൻ എംബസിയിൽ വിളിച്ച് അവർ അംബാസഡറെ ലൈനിലെടുത്ത് റിസീവർ ബിജുവിന് നൽകി. തന്നെ മോചിപ്പിക്കാൻ 50 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ അമേരിക്കൻ ഡോളർ നൽകണമെന്ന് അംബാസഡറോട് പറയാൻ അവർ ബിജുവിനെ നിർബന്ധിച്ചു. ബിജു വഴങ്ങിയില്ല. ക്രുദ്ധരായ അവർ അദ്ദേഹത്തെ അടിക്കാനും ചവിട്ടാനും തുപ്പാനും മുടി പിടിച്ച് പറിക്കാനും തുടങ്ങി. അരിശം തീരാഞ്ഞ് അ വരദ്ദേഹത്തെ ഒരു മരത്തിൽ തലകീഴായി ഉയരത്തിൽ കെട്ടിത്തൂക്കി. വൈകാതെ ബിജുവിന് ബോധം മറഞ്ഞു.

പിറ്റേന്ന് രാവിലെ ഇടതുകൈമാത്രം കെട്ടി അവർ ബിജുവിനെ ഒരു മരത്തിൽ തൂക്കിയിട്ടു. ഇന്ത്യൻ അംബാസഡറോട് സംസാരിക്കാൻ പറ്റുമോ ഇല്ലയോ എ ന്നായിരുന്നു ചോദ്യം. ഒന്നും മിണ്ടാതെ കുറേ നേരം അങ്ങനെ കിടന്നു. അപ്പോൾ ചുമലുകൾ പറിഞ്ഞു പോകുന്ന വേദന തോന്നി. സഹിക്കാനാവാതെ നിലവിളിച്ചു. അപ്പോൾ ചുറ്റും നിന്ന ഭീകരർ ആർത്തു ചിരിച്ചു. നിവൃത്തിയില്ലാതെ അംബസഡറുമായി സംസാരിക്കാമെന്ന് സമ്മതിക്കേണ്ടിവന്നു. ഫിലിപ്പൈൻസിലെ അന്നത്തെ ഇന്ത്യൻ അംബാസഡർ യോഗേന്ദ്രകുമാറുമായി സംസാരിച്ചു. എല്ലാംകേട്ട ശേഷം, തനിക്ക് ഗവൺമെന്റുമായി കൂടിയാലോചിക്കാതെ ഒരു തീരുമാനം പറയാൻ പറ്റില്ലെന്നും കുറച്ചു സമയം തരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പിറ്റേദിവസം വേദനകൊണ്ട് ഇടതുകൈ അനക്കാൻ കഴിഞ്ഞില്ല. രാവിലെ ഒരു പാത്രം നിറയെ ചൂട് കട്ടൻ ചായ കിട്ടി. തന്റെ ടീഷർട്ട് അഴിച്ച് ചായയിൽ മുക്കി കുറേനേരം ഇടതു ഷോൾഡറിന് ചൂടു പിടിപ്പിച്ചു. അപ്പോൾ നല്ല ആശ്വാസം കിട്ടി. ടീഷർട്ട് മുക്കിയ ചായ തന്നെ കുടിക്കുകയും ചെയ്തു. കാരണം അതു കളഞ്ഞാൽ പകരം ചായ കിട്ടില്ല. 
അതിനിടയിൽ നാട്ടിൽ വിളിച്ച് വീട്ടുകാരോട് പണത്തിനായി ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്താൻ അക്രമികൾ നിർബന്ധിച്ചു. നിരസിച്ചപ്പോൾ കൊടിയ മർദ്ദനം തുടങ്ങി. തോക്കിന്റെ പാത്തി കൊണ്ട് വീണ്ടും അടിച്ചു. ചവിട്ടി. ശരീരത്തിലേക്ക് കാറിത്തുപ്പി. അറിയാത്ത ഭാഷയിൽ ചീത്തവിളിച്ചു. അടുത്തൊരു ദിവസം ഭീകരർ സാറ്റലൈറ്റ് ഫോൺ കൊണ്ടുവന്ന് റിസീവർ ബിജുവിന് കൈമാറി. ലൈനിലപ്പോൾ നാട്ടിലുള്ള ജ്യേഷ്ഠൻ ഷിജുവായിരുന്നു. നാട്ടിലെ നമ്പർ ഇവർക്കെങ്ങനെ കിട്ടി എന്നറിയാതെ ബിജു അമ്പരന്നു. പിന്നെ കാര്യം പിടികിട്ടി. ദിവസങ്ങൾക്ക് മുമ്പ് മർദ്ദനം സഹിക്കവയ്യാതെ കുവൈത്തിലെ കമ്പനി നമ്പർ അക്രമികൾക്ക് നൽകേണ്ടി വന്നിരുന്നു. അവരിലൂടെയാവണം നാട്ടിലെ നമ്പർ സംഘടിപ്പിച്ചത് എന്ന് ഊഹിച്ചു. ബിജുവിനെ തട്ടിക്കൊണ്ടു പോയത് വലിയ വാർത്ത ആയിട്ടുണ്ടെന്നും വിടുതലിനായി ഇന്ത്യാ ഗവൺമെന്റ് തിരക്കിട്ട ചർച്ചകളും കൂടിയാലോചനകളും നടത്തുകയാണ് എന്നും ജ്യേഷ്ഠൻ പറഞ്ഞപ്പോൾ ബിജുവിന് വലിയ ആശ്വാസമായി. 
ഒരാഴ്ച കഴിഞ്ഞ് അംബാസഡറെ വിളിച്ചപ്പോൾ ഇന്ത്യാ ഗവൺമെന്റ് 50 കോടി നൽകാൻ സന്നദ്ധമല്ലെന്ന അശുഭകരമായ വാർത്തയാണ് കേട്ടത്. അത് കേട്ടതോടെ പ്രകോപിതരായ ഭീകരർ ബിജുവിനെ ഭീകരമായി മർദ്ദിച്ചു. ദിവസങ്ങളോളം പട്ടിണിക്കിട്ടു. കുടിവെള്ളം പോലും കൊടുത്തില്ല. ഇതിനിടയിൽ ബിജുവിനേയും കൊണ്ട് നിരവധി തവണ അവർ കാട്ടിലെ ഷെൽട്ടർ മാറിക്കൊണ്ടിരുന്നു. ഒരാഴ്ചയിലധികം എവിടെയും തങ്ങിയില്ല. ആയുധധാരികളായ ഭീകരർ നിശ്ചിത അകലത്തിൽ മുന്നും നാലും വലയങ്ങൾ തീർത്ത് അതിനകത്ത് ബിജുവിനെ നിർത്തിയാണ് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീങ്ങിയത്. മാത്രമല്ല പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത ഇടങ്ങളിൽ അവർ മൈനുകളും സ്ഥാപിക്കുന്നുണ്ട്. അതൊക്കെ ഭേദിച്ച് അവിടെ നിന്ന് രക്ഷപ്പെടുക ഒരിക്കലും സാധ്യമല്ല.
അതിനിടയിലാണ് കൊടുങ്കാട്ടിലെ ആ ഒളിത്താവളത്തിന് നേരെ ഫിലിപ്പൈൻസ് മിലിട്ടറിയുടെ ആക്രണമുണ്ടായത്. കാട്ടിൽ അബു സയ്യാഫ് ഭീകരർ തമ്പടിച്ചിട്ടുണ്ട് എന്ന് രഹസ്യ വിവരം കിട്ടിയതായിരുന്നു കാരണം. സൈന്യം ആക്രമണം തുടങ്ങിയപ്പോൾ ഭീകരരിൽ ഒരാൾ ഒരു കൂറ്റൻ മരത്തിന്റെ വലിയ വേരുകൾക്കിടയിലേക്ക് ബിജുവിനെ കമഴ്ത്തിയിട്ട് തല മണ്ണിലേക്ക് അമർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ മേലെ കമഴ്ന്ന് കിടന്ന്, തലക്കു മുകളിൽ സ്റ്റാന്റ് വെച്ച് അതിൽ മെഷിൻഗൺ ഉറപ്പിച്ചിട്ടായിരുന്നു സൈന്യത്തിന് നേരെയുള്ള അയാളുടെ പ്രത്യാക്രമണം. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന ഘോരയുദ്ധം തന്നെയായിരുന്നു അത്. ബിജുവിന്റെ കൺമുന്നിലാണ് സൈന്യം എറിഞ്ഞ ഒരു ഗ്രനേഡ് വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിയത്. അതോടെ ചെവി കേൾക്കാതായി. ഒരു മൂളൽ മാത്രം. ഇടതു ചെവിയിലൂടെ എന്തോ ഒലിച്ച് കവിളിലൂടെ താഴോട്ടിറങ്ങുന്നതായി തോന്നി. തൊട്ടു നോക്കി. കൊഴുത്ത ചോര.
തന്റെ മേലെ കിടന്നവൻ വെടിവെപ്പ് നിർത്തിയതായി ബിജുവിന് തോന്നി. അപ്പോഴേക്കും സൈന്യം പിൻവാങ്ങിയിരുന്നു. മേലെ കിടന്നവന്റെ ഭാരം അസഹ്യമായപ്പോൾ അവനെ അദ്ദേഹം തള്ളിമാറ്റാൻ നോക്കി. അയാൾ മലർന്നു വീണു. നോക്കുമ്പോൾ അയാൾ മരിച്ചിരുന്നു. സൈന്യത്തിന്റെ ഒരു വെടി അയാളുടെ നെറ്റിയിലാണ് കൊണ്ടത്. അവന്റെ ചോരയിൽ ബിജുവിന്റെ ശരീരം കുതിർന്നു. ആ യുദ്ധത്തിൽ ഏതാനും സൈനികരും ഭീകരരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ പരിക്കേറ്റ 9 സൈനീകരെ അക്രമികൾ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യം മൊബൈലിൽ കണ്ട ബിജു നടുങ്ങി. 
ആ യുദ്ധത്തിനിടയിൽ ഫിലിപ്പൈൻസ് സൈന്യത്തിന്റെ പക്കലുള്ള നിരവധി യന്ത്രത്തോക്കുകളും വെടിയുണ്ടകളും റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും മറ്റ് നിരവധി ആയുധങ്ങളും ഭീകരർ തട്ടിയെടുത്തു. തന്നെ പോലുള്ളവരെ തട്ടിക്കൊണ്ടു വന്ന് വിലപേശിക്കിട്ടുന്ന മോചനപ്പണത്തിന്റെ വലിയൊരു ഭാഗം ആധുനിക ആയുധങ്ങളും വാർത്താവിനിമയ ഉപകരണങ്ങളും ഭക്ഷണവും വാങ്ങാനാണ് ഇവർ ഉപയോഗിക്കുന്നത് എന്ന് ബിജു മനസ്സിലാക്കി. ഭീകരരിൽ ചിലരുടെ മുറി ഇംഗ്ലീഷ് സംസാരത്തിൽ നിന്നാണ് ആ സൂചന കിട്ടിയത്. ബിജുവിന് കാര്യമായൊന്നും തിന്നാൻ നൽകിയില്ലെങ്കിലും ഭീകരർ നല്ല ടിൻഫുഡാണ് കാട്ടിൽ വെച്ച് കഴിച്ചിരുന്നത്. 

 


ബിജു തടവുകാരനായിട്ട് മാസങ്ങൾ കഴിഞ്ഞു. താടി യും മുടിയും നീണ്ടു വന്നു. അപ്പോഴേക്കും കൈകാലുകൾ ബന്ധിക്കുന്ന പരിപാടി ഭീകരർ നിർത്തി. തങ്ങളുടെ തടവുകാരന് അവിടെ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന് അവർ കരുതി. സൂര്യവെളിച്ചം കടക്കാത്ത കാട്ടിലെ താമസം കാരണം ശരീരചർമം വിളറി വെളുത്ത് ചീർത്തു വരാൻ തുടങ്ങി. ബിജുവിനെ കുറിച്ച് പുറംലോകത്തിന് ഒരു വിവരവും ഇല്ലാതായി. അതോടെ സുളു നഗരത്തിലെ പോലീസ് ബിജു കൊല്ലപ്പെട്ടെന്ന് രേഖയുണ്ടാക്കി. എംബസി വഴി നാട്ടിലെ ബിജുവിന്റെ കുടുംബത്തിലും വിവരമെത്തി. അതുകേട്ട് അവർ വല്ലാതെ സങ്കടപ്പെട്ടു.  
ബിജുവിനെ വെച്ച് 50 കോടി മോചനപ്പണം തട്ടിയെടുക്കാൻ കഴിയില്ലെന്ന് ഭീകരർക്ക് മനസ്സിലായി. അവർ അത് 25 കോടിയാക്കി കുറച്ചു. അതും നടക്കില്ലെന്ന് വന്നപ്പോൾ 5 കോടിയിലേക്ക് ചുരുക്കി. അതോടെ ഫിലിപ്പൈൻസ് സർക്കാരിനും മനിലയിലെ ഇന്ത്യൻ എംബസിക്കും ബിജു മരിച്ചിട്ടില്ല എന്നൊരു തോന്നലുണ്ടായി. മരിച്ചവന്റെ പേരിൽ ആരും പണം ആവശ്യപ്പെടില്ലല്ലൊ! അതെന്തായാലും ആ പണവും ഇന്ത്യൻ സർക്കാർ കൊടുക്കാൻ തയ്യാറായില്ല. സ്വന്തം രാജ്യത്തിന് പോലും വേണ്ടാത്തവൻ എന്ന് ഭീകരർ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി കളിയാക്കി. ഇനിയെന്ത് എന്ന ചിന്ത ബിജുവിനെ കുഴക്കി. അപ്പോഴേക്കും ബിജു അവരുടെ തടവിലായിട്ട് മാസം 14 ആയി.  ആ സമയത്ത് സംഘം എത്തിയ പുതിയ ഒളിത്താവളത്തിന് കുറച്ച് തുറസ്സുണ്ടായിരുന്നു. പകൽ സമയത്ത് നേരിയ വെളിച്ചം കാട്ടിലേക്ക് കടന്നുവരാൻ തുടങ്ങി. രാത്രിയിലെ ഇരുട്ടിനും കട്ടി കുറവായിരുന്നു. 
ഒരു രാത്രി ഉറക്കം വരാതെ കിടക്കുകയായിരുന്നു, ബിജു. അപ്പോഴാണ് കാവൽക്കാരായ രണ്ടു ഭീകരർ തന്നെ കുറിച്ച് സംസാരിക്കുന്നത് കേട്ടത്. താൻ നല്ല ഉറക്കത്തിലാണ് എന്നു കരുതിയാകണം അവർ അത്രയും തുറന്ന് സംസാരിച്ചത്. പണം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തന്നെ കൊല്ലാനാണ് അവരുടെ തീരുമാനമെന്ന് ഒരു ഉൾക്കിടിലത്തോടെ കേട്ടു. സംഘത്തിന്റെ ക്യാപ്റ്റൻ എവിടെയോ യാത്രയിലാണ്. അയാൾ വന്നാലുടനെ പദ്ധതി നടപ്പിലാക്കും. 
2012 ഓഗസ്റ്റ് 10. രാത്രി ഭക്ഷണമൊന്നുമില്ലാതെ കുറേ വെള്ളം മാത്രം കുടിച്ച് ബിജു നേരത്തെ ഉറങ്ങാൻ കിടന്നു. രാത്രി എപ്പോഴോ ഉറക്കം ഞെട്ടി ഉണരുമ്പോൾ നല്ല മൂത്രശങ്ക. വാച്ചിൽ നോക്കിയപ്പോൾ സമയം 11.30. കാവൽ ക്കാർ മരങ്ങൾക്കിടയിൽ അവിടവിടെ തുണിവലിച്ചു കെട്ടി തൊട്ടിലാക്കി അതിൽ കിടന്നുറങ്ങുകയാണ്. മഴ കൊള്ളാതിരിക്കാൻ മുകളിൽ ടാർപ്പായ കെട്ടിയിട്ടുണ്ട്. ഉറക്കത്തിലും യന്ത്രത്തോക്കുകൾ അവർ നെഞ്ചിൽ അടുക്കിപ്പിടിച്ചിരുന്നു. ബിജു എഴുന്നേറ്റ് ഒരൽപം നടന്ന് അവിടെ മൂത്രമൊഴിക്കാനിരുന്നു.  കാവൽക്കാർ ആരും ഒന്നും അറിയാതെ അപ്പോഴും സുഖനിദ്രയിലാണ്. ആ നിമിഷം അന്നുവരെ ഉണ്ടാകാത്ത ഒരു ചിന്ത മനസ്സിൽ കൊള്ളിയാനായി മിന്നി.
രക്ഷപ്പെട്ടാലോ? കുറച്ചുകൂടി നടന്നു നീങ്ങി ബിജു അവിടെയിരുന്നു. ചുറ്റും നോക്കി. ഒരനക്കവുമില്ല. പിന്നെയും എണീറ്റ് ഒരൽപം കൂടി നടന്ന് അവിടെയിരുന്നു. അപ്പോൾ ഒരുകാര്യം ബിജു ശ്രദ്ധിച്ചു. താനിരിക്കുന്നത് കാട്ടിനകത്തെ ഒരു റോഡിലാണ്. പതുക്കെ എണീറ്റ് ഒന്നുകൂടി ചുറ്റും നോക്കി. കുറച്ചു ദൂരെ കാവൽക്കാർ ഉറങ്ങുന്നത് കാണാം. അപ്പോൾ തന്റെ ചങ്കിടിക്കുന്നത് വ്യക്തമായി കേട്ടു. പിന്നെ ആ റോഡിലൂടെ ഒരു കുതിപ്പായിരുന്നു. ഒരു മരണപ്പാച്ചിൽ. പാച്ചിലല്ല...പറക്കൽ!
ജീവനും വാരിപ്പിടിച്ചുള്ള ആ ഓട്ടത്തിനിടയിൽ അക്രമികൾ കുഴിച്ചിട്ട മൈനുകളിലൊന്നും തട്ടരുതേ എന്ന് പ്രാർഥിച്ചു. ഇടക്കിടെ തിരിഞ്ഞു നോക്കി ഭീകരരെങ്ങാൻ പിന്നാലെയുണ്ടോ എന്ന് ഭയന്നാണ് ഓടിയത്. നല്ല
ഇരുട്ടായിരുന്നു മുന്നിൽ. പലയിടത്തും വീണു. പിടഞ്ഞെണീറ്റ് ഭ്രാന്തു പിടച്ചതുപോലെ ഓടി. ഇടയ്ക്കിടെ ഛർദ്ദിച്ചു. അതിനിടെ കാലിന്റെ മസില് കയറി അസഹ്യമായ വേദന. ജീവൻ പോകുന്ന വേദന തോന്നി. എന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ ഓടി. അങ്ങനെ എത്ര നേരം ഓടിയെന്നറിയില്ല. പെട്ടെന്ന് മുന്നിൽ കണ്ട എന്തിലോ കൂട്ടിയടിച്ച് വീണു. അതൊരു മനുഷ്യനാണ് എന്നറിഞ്ഞ നിമിഷം ഞെട്ടിവിറച്ചു പോയി. ഭീകരരുടെ കൈയിൽത്തന്നെ വന്നുപെട്ടു എന്നാണ് കരുതിയത്. എല്ലാം കഴിഞ്ഞെന്നു കരുതി തകർന്ന മനസ്സോടെ അവിടെ തന്നെ കിടന്നു.
അപ്പോൾ ആരോ തന്നെ ചുമലിൽ പിടിച്ച് എഴുന്നേൽപ്പിക്കുന്നതായി ബിജുവിന് തോന്നി. ആജാനബാഹുവായ ഒരാൾ. അത് ഭീകരസംഘത്തിൽപ്പെട്ട ആളല്ല എന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അയാൾ ഏതോ ഭാഷയിൽ എന്തൊക്കെയോ ചോദിച്ചു. ഒന്നും മനസ്സിലായില്ല. ബിജു കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. പറഞ്ഞത് അയാൾക്ക് മനസ്സിലായോ എന്തോ? അതെന്തായാലും അയാൾ ബിജുവിന്റെ കൈയിൽ പിടിച്ച് റോഡിലൂടെ അൽപദൂരം മുന്നോട്ടോടി. പിന്നെ ഒരു ഊടുവഴിയിലേക്കിറങ്ങി മറ്റൊരു ഭാഗത്തേക്ക് ഓടാൻ തുടങ്ങി. ഓട്ടം നിന്നത്, ഒരു ജീപ്പ് നിൽക്കുന്ന വീടിന് മുന്നിലാണ്. ആ ജീപ്പിൽ കയറ്റി അയാൾ ബിജുവിനെ ഫിലിപ്പൈൻസിലെ ഒരു പാർലമെന്റ് അംഗത്തിന്റെ വീട്ടിലെത്തിച്ച് ഒന്നും പറയാതെ മടങ്ങിപ്പോയി. 
ബിജുവിനൊരു നന്ദിവാക്കു പോലും പറയാൻ അവസരം കിട്ടിയില്ല. അയാളുടെ മുഖം പോലും കൃത്യമായി ഓർക്കാൻ കഴിഞ്ഞില്ല. ആരാണത്? ഒരു മുൻപരിചയം പോലുമില്ലാത്ത ഒരാളെ അയാളെന്തിനാണ് രക്ഷപ്പെടുത്തിയത്? ഒന്നും ബിജുവിനറിയില്ല. പക്ഷെ, ഒന്നുറപ്പ്. അത് ദൈവമയച്ച സഹായിയാണ്- തീർച്ച. അല്ലായിരുന്നെങ്കിൽ ആ റോഡിലൂടെ തന്നെ ഓടി ഒരുപക്ഷെ, വീണ്ടും അക്രമി സംഘത്തിന്റെ കൈയിൽ തന്നെ ചെന്നുപെടുമായിരുന്നു. 
പാർലമെന്റ് മെമ്പർ ബിജുവിനെ സുളു പോലീസിന് കൈമാറി. അവർ അദ്ദേഹത്തിന്റെ ഭാര്യയേയും ഇന്ത്യൻ എംബസിയേയും വിവരം അറിയിച്ചു. ഭാര്യയും കുട്ടികളും മറ്റു ബന്ധുക്കളുമെത്തി പൊട്ടിക്കരഞ്ഞു. ആർക്കും വികൃതരൂപിയായ ബിജുവിനെ പെട്ടെന്ന് തിരിച്ചറിയാനേ കഴിഞ്ഞില്ല. നീണ്ട താടിയും മുടിയുമൊക്കെയായി ഒരു ഭീകരരൂപമായിരുന്നു. എംബസിയിൽനിന്ന് അംബാസഡറുടെ ഫോൺ വന്നു. പിന്നാലെ ദൽഹിയിൽ നിന്നും അന്നത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വിളിയുമെത്തി. രക്ഷപ്പെട്ടതിന്റെ  ആശ്വാസം പങ്കുവെച്ച മുല്ലപ്പള്ളി ബിജുവിനേയും കുടുംബത്തേയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് ഉറപ്പു നൽകി. പിറ്റേദിവസം ബിജു കുടുംബസമേതം സാംബോംഗയിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെത്തി. വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വിധേയനായി. 14 മാസങ്ങൾക്കിടെ ബിജുവിന്റെ ഭാരം 30 കിലോയോളം കുറഞ്ഞിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. ചികിത്സ നാട്ടിൽ മതി എന്ന് ബിജു ശഠിച്ചു. ഓഗസ്റ്റ് 15 ന് അവർ മനിലയിലെത്തി. 2 ദിവസം  കഴിഞ്ഞ് ആഗസ്റ്റ് 18 ന് മനിലയിൽ നിന്നും മുംബൈയിലേക്ക് തിരിക്കുമ്പോ ൾ യാത്രയാക്കാൻ ഇന്ത്യൻ അംബാസഡർ തന്നെ എയർപോർട്ടിൽ എത്തിയിരുന്നു. 19 ന് മുംബൈയിലെത്തിയ അവർ അന്നുതന്നെ കോഴിക്കോട്ടെത്തി.
ഒരു നാടുമുഴുവൻ അപ്പോൾ ബിജുവിനെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. ആ ആഹ്ലാദത്തിനിടയിലാണ് 14 മാസത്തെ ദുരിത ജീവിതത്തി ന്റെ ഓർമകളെ തൽക്കാലത്തേക്ക് മറന്നു കൊണ്ട് ബിജു വീണ്ടും വീട്ടിലേക്ക് വിമാനം കയറിയത്. 


 

Latest News