ഖത്തീഫ്- സൗദി അറേബ്യയിലെ വനിതകള്‍ക്ക് തിരികെ ലഭിച്ച വാഹനമോടിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുന്‍കൈയെടുത്ത് ആരംഭിച്ച പരിഷ്‌കരണങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 നാണ് സൗദിയില്‍ വനിതകളുടെ ഡ്രൈവിംഗ് കുറ്റമല്ലാതാക്കിയത്.
ഇന്ന് ധാരാളം വനിതകള്‍ സൗദി റോഡുകളില്‍ സുരക്ഷിതമായി വാഹനമോടിക്കുന്നു. സ്ത്രീകള്‍ റോഡിലിറങ്ങിയാല്‍ ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചിരുന്ന ദോഷങ്ങളെല്ലാം അസ്ഥാനത്തായി. വാഹനങ്ങള്‍ കത്തിച്ചും മറ്റും സ്ത്രികളെ നേരിടാനൊരുങ്ങിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇരുട്ടിന്റെ മറവില്‍ ചിലയിടത്തെങ്കിലും വനിതകളുടെ വാഹനങ്ങള്‍ കത്തിച്ചവരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ യഥാസമയം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു. അങ്ങനെ കാറുകള്‍ നഷ്ടമായവര്‍ക്ക് പുതിയ കാറുകള്‍ സമ്മാനിച്ച വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
വനിതകളുടെ ആഹ്ലാദം പോലെ തന്നെ സൗദിയില്‍ മാന്ദ്യം നേരിട്ട വാഹന വിപണിയും ഇപ്പോള്‍ ആഹ്ലാദത്തിലാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെട്ടതോടെ വാഹന വിപണിയിലും ചലനങ്ങള്‍ ദൃശ്യമായി.
അവിശ്വസനീയമായിരുന്നു ഡ്രൈവിംഗ് അനുമതിയെന്ന് ലെക്‌സസ് കാറിലിരുന്ന് 68 കാരി സബീഹ അല്‍ ഫഖര്‍ ഓര്‍ക്കുന്നു. തന്റെ ജീവിതത്തില്‍ സൗദിയില്‍ വാഹനം ഓടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അന്തരിച്ച ഭര്‍ത്താവിനോടൊപ്പം ബഹ്്‌റൈന്‍ യാത്രക്കിടയില്‍ ഡ്രൈവിംഗ് പഠിച്ച അവര്‍ പറയുന്നു.
മക്കളെ പിന്‍സീറ്റിലിരുത്തി ഇന്ന് എല്ലാ കാര്യങ്ങള്‍ക്കും അഞ്ച് മക്കളുടെ ഉമ്മയായ സബീഹ തന്നെ കാറോടിച്ചു പോകുന്നു.
കൂട്ടിലടച്ചതു പോലെയാണ് തോന്നിയിരുന്നതെന്ന് ദഹറാനില്‍ ഭര്‍ത്താവിനെ എതിര്‍ സീറ്റിലിരുത്തി കാറോടിക്കുന്ന 72 കാരിയും നാല് മക്കളുടെ ഉമ്മയുമായ മുനീറ അല്‍ സിനാനി പറഞ്ഞു. കൂട് തുറന്നു, ഇപ്പോള്‍ എവിടേയും പറക്കാം-അവര്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദൃഢനിശ്ചയത്തോടെ തുടങ്ങിവെച്ച പരിഷ്‌കാരങ്ങളാണ് എല്ലാ എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് സൗദിയില്‍ സ്ത്രീകളെ വളയം പിടിക്കാന്‍ അര്‍ഹതയുള്ളവരാക്കി മാറ്റിയത്.
2020 ആകുമ്പോഴേക്കും 30 ലക്ഷം വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുമെന്നാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസിയുടെ കണക്ക്.