റിയാദ് - വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ ഫോട്ടോകളെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യമാണ്. ഇത്തരം ഫോട്ടോകളും ക്ലിപ്പിംഗുകളും മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നതും പങ്കുവെക്കുന്നതും കംപ്യൂട്ടറിലും മൊബൈൽ ഫോണിലും മറ്റും സൂക്ഷിക്കുന്നതും കുറ്റകൃത്യമാണ്.
ക്രമസമാധാനത്തിനും മതമൂല്യങ്ങൾക്കും പൊതുസംസ്‌കാരത്തിനും കോട്ടംതട്ടിക്കുന്ന ഫോട്ടോകളും ക്ലിപ്പിംഗുകളും തയാറാക്കുന്നതും നിർമിക്കുന്നതും അയക്കുന്നതും സൂക്ഷിച്ചുവെക്കുന്നതും ഇതേപോലെ അറസ്റ്റ് നിർബന്ധമാക്കുന്ന കുറ്റകൃത്യമാണ്. ഇത്തരം കുറ്റങ്ങളിലെ പ്രതികൾക്ക് സൈബർ ക്രൈം നിയമം അനുസരിച്ച് അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.