Sorry, you need to enable JavaScript to visit this website.

സ്വകാര്യ മേഖലയിൽ രണ്ടു ലക്ഷം മാനേജർമാർ; 72 ശതമാനം സൗദികള്‍

റിയാദ്- സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ രണ്ടു ലക്ഷത്തിലേറെ പേർ മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിൽ 2,16,800 പേരാണ് മാനേജർമാരായി ജോലി ചെയ്യുന്നത്. ഇക്കൂട്ടത്തിൽ 72 ശതമാനം പേർ സ്വദേശികളാണ്. മാനേജർ, ബിസിനസ് മാനേജർ തസ്തികകളിൽ 1,55,559 സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. 61,241 വിദേശികളും മാനേജർമാരായി ജോലി ചെയ്യുന്നു. മാനേജർ, ബിസിനസ് മാനേജർ തസ്തികകളിൽ 45,338 വനിതകൾ ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ 95.6 ശതമാനവും സ്വദേശികളാണ്. മാനേജർമാരായി 43,318 സൗദി വനിതകളും 2,020 വിദേശ വനിതകളും ജോലി ചെയ്യുന്നു. 


സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ശ്രമിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഏതാനും തൊഴിലുകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സീനിയർ ഹ്യൂമൻ റിസോഴ്‌സ് മാനേജർ, എംപ്ലോയീസ് അഫയേഴ്‌സ് മാനേജർ, പേഴ്‌സണൽ റിലേഷൻസ് മാനേജർ, പേഴ്‌സണൽ അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ്, പേഴ്‌സണൽ അഫയേഴ്‌സ് ക്ലാർക്ക്, റിക്രൂട്ട്‌മെന്റ് ക്ലാർക്ക്, എംപ്ലോയീസ് അഫയേഴ്‌സ് ക്ലാർക്ക്, ഡ്യൂട്ടി റൈറ്റർ, ജനറൽ റിസപ്ഷനിസ്റ്റ്, ഹോട്ടൽ റിസപ്ഷനിസ്റ്റ്, ഹോസ്പിറ്റൽ റിസപ്ഷനിസ്റ്റ്, കംപ്ലയിന്റ് ക്ലാർക്ക്, കാഷ്യർ, സെക്യൂരിറ്റി ഗാർഡ്, ഗവൺമെന്റ് റിലേഷൻസ് ഓഫീസർ, താക്കോൽ കോപ്പി ചെയ്യുന്ന വിദഗ്ധൻ, കസ്റ്റംസ് ക്ലിയറൻസ് ഓഫീസർ, ലേഡീസ് ഷോപ്പ് ജീവനക്കാരികൾ, ജ്വല്ലറി, മൊബൈൽ ഫോൺ കട ജീവനക്കാർ എന്നീ തൊഴിലുകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തി. 


പുതുതായി പന്ത്രണ്ടു മേഖലകളിലും മന്ത്രാലയം സൗദിവൽക്കരണം നടപ്പാക്കിയിട്ടുണ്ട്. മൂന്നു ഘട്ടങ്ങളായാണ് ഇത് നടപ്പാക്കിയത്. 2018 സെപ്റ്റംബർ 11 ന് നിലവിൽ വന്ന ആദ്യ ഘട്ടത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളും നവംബർ ഒമ്പതിനു നിലവിൽവന്ന രണ്ടാം ഘട്ടത്തിൽ വാച്ച് കടകളും കണ്ണട കടകളും ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും 2019 ജനുവരി ഏഴു മുതൽ പ്രാബല്യത്തിൽ വന്ന മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളും സ്‌പെയർ പാർട്‌സ് കടകളും കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകളും കാർപെറ്റ് കടകളും ചോക്കലേറ്റ്-പലഹാര കടകളും സൗദിവൽക്കരണത്തിന്റെ പരിധിയിൽ വന്നു. 


ടെലികോം, ഐ.ടി മേഖലയിൽ 30 തൊഴിലുകൾ അടുത്ത വർഷാവസാനത്തോടെ സൗദിവൽക്കരിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു നീക്കമുണ്ട്. കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായും കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സുമായും മാനവശേഷി വികസന നിധിയുമായും സഹകരിച്ച് ടെലികോം, ഐ.ടി മേഖലയിലെ 30 തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനാണ് നീക്കം. ഈ മേഖലയിലെ പതിനയ്യായിരത്തോളം തൊഴിൽ തസ്തികകൾ സൗദിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 


ജനറൽ സിസ്റ്റം അനലിസ്റ്റ്, ഓപ്പറേഷൻസ് അനലിസ്റ്റ്, കംപ്യൂട്ടർ പ്രോഗ്രാമർ, ഡാറ്റാ ബേസ് സൂപ്പർവൈസർ, ബിസിനസ് അനാലിസിസ് സ്‌പെഷ്യലിസ്റ്റ്, ഡാറ്റാ ബേസ് അഡ്മിൻ, സിസ്റ്റം ഓപ്പറേഷൻ സ്‌പെഷ്യലിസ്റ്റ്, നെറ്റ്‌വർക്ക് എൻജിനീയർ, നെറ്റ്‌വർക് അഡ്മിൻ, ഡാറ്റാ സെന്റർ ആന്റ് ലിവിംഗ് എൻവയൺമെന്റ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കൽ സപ്പോർട്ട് ഓഫീസ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കൽ സർവീസ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കൽ സപ്പോർട്ട് സ്‌പെഷ്യലിസ്റ്റ്, ഐ.ടി പ്രൊജക്ട്‌സ് മാനേജർ, സോഫ്റ്റ്‌വെയർ ഡെവലപ്പിംഗ് സ്‌പെഷ്യലിസ്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി അഡ്മിൻ, സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് സ്‌പെഷ്യലിസ്റ്റ്, കമ്യൂണിക്കേഷൻസ് എൻജിനീയർ, കംപ്യൂട്ടർ എൻജിനീയർ, കംപ്യൂട്ടർ ഓപ്പറേറ്റർ, കംപ്യൂട്ടർ നെറ്റ്‌വർക് ടെക്‌നീഷ്യൻ, ടെക്‌നിക്കൽ സപ്പോർട്ട് ഓഫീസ് ടെക്‌നീഷ്യൻ, ടെലികമ്യൂണിക്കേഷൻസ്-വയർലെസ് ടെലികമ്യൂണിക്കേഷൻസ് ടെക്‌നീഷ്യൻ, ഇലക്‌ട്രോണിക് കമ്യൂണിക്കേഷൻസ് ടെക്‌നീഷ്യൻ, കംപ്യൂട്ടർ ടെക്‌നീഷ്യൻ, കമ്യൂണിക്കേഷൻസ് എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ഇലക്‌ട്രോണിക് കംപ്യൂട്ടർ മെയിന്റനൻസ് ടെക്‌നീഷ്യൻ, ജനറൽ ഇലക്‌ട്രോണിക്‌സ് എൻജിനീയർ എന്നീ തൊഴിൽ മേഖലകൾ അടുത്ത വർഷാവസാനത്തോടെ സൗദിവൽക്കരിക്കുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.

DOWNLOAD APP

Latest News