റിയാദ്- സാമ്പത്തിക തിരിമറി ആരോപണത്തിന്റെ പേരിൽ അഞ്ചു വർഷത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായ മലയാളി യുവാവ് നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തി. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ രണ്ടു ലക്ഷത്തിലധികം റിയാലിന്റെ തിരിമറി നടന്നതിന്റെ പേരിൽ ജയിലിലായിരുന്ന മലപ്പുറം പനങ്ങാങ്ങര അമ്പലക്കുത്ത് വീട്ടിൽ ഹാരിസ് (39) ആണ് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി വീട്ടിലെത്തിയത്.
റിയാദ് ബത്ഹയിലെ ഇലക്ട്രോണിക്‌സ് ഷോറൂമിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഹാരിസ് 2011 സെപ്റ്റംബർ 22 നാണ് സാമ്പത്തിക തിരിമറിയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടതും ജയിലിലായതും. 2,19,000 റിയാലിന്റെ കമ്മി കണ്ടെത്തിയതിനെ തുടർന്ന് ഉടമ നൽകിയ പരാതിയായിരുന്നു കേസിനാധാരം. എന്നാൽ ഹാരിസിന് ഈ തിരിമറിയിൽ യാതൊരു പങ്കുമുണ്ടായിരുന്നില്ല. ഹാരിസിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ഉടനെ കൂടെ ജോലി ചെയ്തിരുന്ന ബംഗാളിയും രണ്ട് യു.പി സ്വദേശികളും നാട്ടിലേക്ക് മുങ്ങി. ഇതോടെ ഹാരിസിന് തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയാത്ത സ്ഥിതിയായി.
ചെയ്യാത്ത കുറ്റത്തിന് ഹാരിസ് ജയിലിലായ വിവരം അറിഞ്ഞ് ബന്ധുക്കൾ അന്നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദ്, മുസ്‌ലിം ലീഗ് നേതാക്കളായ അഹ്മദ് കബീർ, മഞ്ഞളാംകുഴി അലി എന്നിവരെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. ഇവരുടെ നിർദേശ പ്രകാരം കെ.എം.സി. സി നേതാക്കളും ഹാരിസിന്റെ ജ്യേഷ്ഠൻ സിറാജും സ്ഥാപനയുടമയുമായി ചർച്ച നടത്തി. 50,000 റിയാൽ തന്നാൽ മോചിപ്പിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. ഇതു പ്രകാരം പണം സ്വരുക്കൂട്ടി സ്ഥാപനയുടമക്കു നൽകിയെങ്കിലും ജയിൽ മോചനം സാധ്യമായില്ല. ഇതിനിടെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ ഹാരിസിന്റെ ജ്യേഷ്ഠൻ സമീപിച്ചു. ഇത് പ്രകാരം സോഷ്യൽ ഫോറം പ്രവർത്തകർ കേസിൽ ഇടപെടുന്നതിന് ഇന്ത്യൻ എംബസിയിൽ നിന്നു ലഭിച്ച അനുമതി പത്രത്തോടെ മലസ് ജയിലിൽ ഹാരിസിനെ കണ്ടു വിശദ വിവരങ്ങൾ തേടി. തുടർന്ന് തൊഴിലുടമയുമായി നടത്തിയ ചർച്ചയിൽ നഷ്ടത്തിന്റെ നിശ്ചിത ശതമാനം നൽകിയാൽ കേസ് പിൻവലിക്കാം എന്നു ധാരണയിലെത്തി. പ്രവാസി സുമനസ്സുകൾ ചേർന്ന് 26,548 റിയാൽ സ്വരൂപിച്ചുവെങ്കിലും 1,45,000 റിയാൽ വേണമെന്ന് തൊഴിലുടമ പിന്നീട് നിലപാട് മാറ്റി. ഇതോടെ കേസുമായി മുന്നോട്ടു പോകാൻ തീരുമാനിച്ച സോഷ്യൽ ഫോറം സൗദി സുപ്രീം കോടതി, ഗവർണറേറ്റ് എന്നിവയുമായി ബന്ധപ്പെട്ട് കേസിന്റെ അവസ്ഥ ബോധ്യപ്പെടുത്തി. സൗദിയിലെ പ്രമുഖ റിട്ട. ജഡ്ജിയുടെ നിയമോപദേശവും ഇവർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി കുറ്റം തെളിയിക്കപ്പെടാതെ ഹാരിസ് അന്യായമായി ജയിലിൽ കഴിയുകയാണെന്ന് കോടതിക്കു ബോധ്യപ്പെടുകയും ഉടൻ തന്നെ ജാമ്യത്തിൽ വിടാൻ ഉത്തരവിടുകയും ചെയ്തു. കഴിഞ്ഞ നവംബർ അവസാന വാരത്തിലായിരുന്നു ജയിൽ മോചനമുണ്ടായത്.
എന്നാൽ കേസ് കോടതിയിൽ തീർപ്പാവാനാവശ്യമായ ആറു മാസം കഴിഞ്ഞയാഴ്ച പൂർത്തിയായതോടെ ഹാരിസിന് നാട്ടിലേക്ക് പോകാനുള്ള തടസ്സങ്ങൾ നീങ്ങി. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ ബഷീർ ഈങ്ങാപ്പുഴ, മുനീബ് പാഴൂർ, മുസ്തഫ ചാവക്കാട് എന്നിവരാണ് ഹാരിസിനെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് 18 ദിവസം കഴിഞ്ഞയുടനെ ജോലി തേടി റിയാദിലെത്തിയ ഹാരിസ് രണ്ടര വർഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങാനിരിക്കുമ്പോഴായിരുന്നു ജയിലിലായത്.