ജിദ്ദ- പെരുന്നാൾ ദിനത്തിൽ മക്ക-മദീന എക്‌സ്പ്രസ് ഹൈവേയിലെ ഗുലൈസിൽ ഉണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്നു പേർ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ വെള്ളിക്കുളങ്ങര കറപ്പൻ വീട്ടിൽ അഷ്‌റഫ് (48), ഭാര്യ റസിയ (38), മകൾ ഹഫ്‌സാന (17) എന്നിവരാണ് മരിച്ചത്. മറ്റു മക്കളായ ഹസ്‌ന (20), അബ്ദുൽ ഹാഷിം (15) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്കു ശേഷം മൂന്നരയോടെയായിരുന്നു അപകടം.
ദമാമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അഷ്‌റഫും കുടുംബവും മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പോകുമ്പോഴാണ് ജിദ്ദയിൽനിന്ന് 125 കിലോമീറ്റർ അകലെ ഗുലൈസിൽ അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച ഫോർച്യൂണർ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന് സംശയിക്കുന്നു. മൃതദേഹങ്ങൾ ഗുലൈസ് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലാണുള്ളത്.
മരിച്ച ഹഫ്‌സാന പ്ലസ് ടു വിദ്യാർഥിനിയാണ്. പരിക്കേറ്റ ഹസ്‌ന മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയും. തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ ഹാഷിമിനെ മക്കയിലെ ആശുപത്രിയിലേക്ക് മാറ്റി. ഫ്രറ്റേണിറ്റി ഫോറം ദമാം ടൊയോട്ട ഏരിയ കമ്മിറ്റി അംഗമായിരുന്ന അഷ്‌റഫ് 25 വർഷത്തോളമായി ദമാമിലുണ്ട്. വിസിറ്റിംഗ് വിസയിൽ ഒരാഴ്ച മുൻപ് എത്തിയ കുടുംബം ഉംറ നിർവഹിക്കാൻ പോയതായിരുന്നു. കുട്ടികളെല്ലാം നാട്ടിലാണ് പഠിക്കുന്നത്.
പരേതരായ അബ്ബാസ് ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ് അഷ്‌റഫ്. ദമാമിലുള്ള സഹോദരൻ അബ്ദുൽ സലാം അപകട വിവരം അറിഞ്ഞ് ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്. നസീർ (ദമാം), സുധീർ, കദീജ, നദീറ എന്നിവർ മറ്റു സഹോദരങ്ങളാണ്. മയ്യിത്ത് നടപടിക്രമങ്ങൾക്കു ശേഷം ഇവിടെ മറവ് ചെയ്യുമെന്ന് സഹോദരൻ അബ്ദുൽ സലാം പറഞ്ഞു. അപകട വിവരം അറിഞ്ഞ് ജിദ്ദയിലുള്ള ബന്ധുക്കളും ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളടക്കമുള്ള സാമൂഹ്യ പ്രവർത്തകരും സംഭവ സ്ഥലത്തെത്തി.