ജിസാനു നേരെ വീണ്ടും ഹൂത്തി ഡ്രോണുകള്‍
റിയാദ്- സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ പദ്ധതി അറബ് സഖ്യസേന പരാജയപ്പെടുത്തി. ആക്രമണത്തിന് സജ്ജമാക്കിയ അഞ്ചു റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ യെമനിലെ അല്‍ഹുദൈദക്ക് വടക്ക് ഇന്നലെ പുലര്‍ച്ചെ നടത്തിയ ആക്രമണത്തിലൂടെ തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ബാബല്‍ മന്ദബ് കടലിടുക്കിലൂടെയും ചെങ്കടലിന്റെ തെക്കുഭാഗത്തു കൂടിയുമുള്ള സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണി ഉയര്‍ത്തി ആക്രമണം നടത്താനായി സജ്ജീകരിച്ച ബോട്ടുകളാണിത്.
സ്റ്റോക്‌ഹോം സമാധാന കരാര്‍ ലംഘിച്ചാണ് ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍, റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ആക്രമണങ്ങള്‍ക്കുള്ള കേന്ദ്രമായി അല്‍ഹുദൈദയെ ഹൂത്തികള്‍ ഉപയോഗിക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രങ്ങളായി ജനവാസ പ്രദേശങ്ങള്‍ ഹൂത്തികള്‍ ഉപയോഗിക്കുന്നു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ തന്ത്രങ്ങളാണ് ഹൂത്തികള്‍ അവലംബിക്കുന്നത്. ഇറാന്‍ വിദഗ്ധരാണ് ഇത്തരം സാങ്കേതിക വിദ്യകളും തന്ത്രങ്ങളും ഹൂത്തികള്‍ക്ക് നല്‍കുന്നതെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
വ്യാഴം രാത്രി ജിസാനില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമവും സൗദി സൈന്യം പരാജയപ്പെടുത്തി. ജിസാന്‍ ലക്ഷ്യമിട്ട് രണ്ടു ഡ്രോണുകളാണ് ഹൂത്തികള്‍ അയച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഇവ സൗദി സൈന്യം വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ആദ്യത്തെ ഡ്രോണ്‍ രാത്രി 8.40 നും രണ്ടാമത്തെ ഡ്രോണ്‍ 9.06 നും ആണ് സൗദി സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. വ്യാഴാഴ്ച രാവിലെ ജിസാനിലെ അല്‍ശുഖൈഖ് സമുദ്രജല ശുദ്ധീകരണ ശാലയില്‍ മിസൈല്‍ ആക്രമണത്തിന് ഹൂത്തികള്‍ ശ്രമിച്ചിരുന്നു. സമുദ്രജല ശുദ്ധീകരണ ശാലക്കു സമീപമാണ് മിസൈല്‍ പതിച്ചത്.
സന്‍ആ യൂനിവേഴ്‌സിറ്റി ആസ്ഥാനത്തു നിന്ന് സൗദി അറേബ്യ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമവും കഴിഞ്ഞ ദിവസം പരാജയപ്പെട്ടു. സര്‍വകലാശാലാ കോമ്പൗണ്ടില്‍ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ യെമനിലെ തന്നെ അംറാനില്‍ ജനവാസ മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 6.43 നാണ് സന്‍ആ യൂനിവേഴ്‌സിറ്റി കോമ്പൗണ്ടില്‍ നിന്ന് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തതെന്ന് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.