നിലമ്പൂർ - പി.വി.അൻവർ എം.എൽ. എ.യുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിൽ ചീങ്കണ്ണിപ്പാറയിലുള്ള സ്ഥലത്ത് നിർമിച്ച തടയണ പൊളിച്ചു നീക്കാൻ തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഏറനാട് തഹസിൽദാർ പി.ശുഭന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൊളിക്കുന്നത്. തടയണ പൂർണമായും പൊളിച്ചുനീക്കാൻ ഒരാഴ്ച്ചയെടുക്കും. തടയണ പൊളിക്കുമ്പോൾ സമീപത്തെ കരിമ്പ് ആദിവാസി കോളനിയിൽ വെള്ളം കയറാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തഹസിൽദാർ പറഞ്ഞു.
ഇന്നലെ രാവിലെ മുതൽ രണ്ടു മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ചാണ് തടയണ പൊളിക്കാൻ തുടങ്ങിയത്. തഹസിൽദാർക്ക് പുറമെ ജലസേചന വകുപ്പ് എൻജിനീയർമാർ, ജിയോളജി, റവന്യു, വനം തുടങ്ങി വിദഗ്ധസമിതിയിലുള്ള പത്തു വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. മുകളിൽ 12 മീറ്ററും താഴെ ആറുമീറ്റർ വീതിയിലുമാണ് തടയണ പൊളിക്കുക എന്നാണറിയുന്നത്. ഭൂവുടമ തടയണ പൊളിച്ചുനീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് 15 ദിവസത്തിനകം തടയണ പൊളിച്ച് വെള്ളം തുറന്നുവിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ 14ന് ഉത്തരവിട്ടിരുന്നു. നേരത്തെ നൽകിയ ഉത്തരവ് ഭൂവുടമ പാലിക്കാത്തതിനാൽ നടപ്പാക്കാൻ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സബ്കലക്ടറുടെ ചേംബറിൽ വ്യാഴാഴ്ച വിദഗ്ധ സമിതി ചേർന്ന് പൊളിക്കുന്നതിനുള്ള തയാറെടുപ്പുകൾ വിലയിരുത്തുകയും ചെയ്തിരുന്നു.
കക്കാടംപൊയിലിൽ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ വാട്ടർ തീം പാർക്കിലേക്കു വേനൽകാലത്ത് വെള്ളമെത്തിക്കാൻ കൂടി ഉദേശിച്ചുള്ളതായിരുന്നു ഈ തടയണ. ചീങ്കണ്ണിപ്പാലയിലെ ബോട്ടിങ്ങ് കേന്ദ്രത്തിലേക്കും വെള്ളം ഉപയോഗിച്ചിരുന്നു. സമീപത്തെ കരിമ്പ് ആദിവാസി കോളനിയിലേക്കുള്ള നീരൊഴുക്ക് തടഞ്ഞാണ് തടയണ നിർമിച്ചിരുന്നതെന്നാണ് ആക്ഷേപം. പ്രതിഷേധം ശക്തമായതോടെ 2015-ൽ അന്നത്തെ മലപ്പുറം കലക്ടർ ടി.ഭാസ്‌കരൻ തടയണ പൊളിക്കാൻ ഉത്തരവിട്ടു. വനം വകുപ്പും തടയണക്കെതിരായ റിപ്പോർട്ടാണ് ആദ്യം മുതൽ തന്നെ നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് ഈ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് അൻവർ മാറ്റിയത്. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ രണ്ടിന് ജില്ലാ കലക്ടർ തടയണ പൊളിച്ചത് സംബന്ധിച്ചു ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.