റിയാദ് - ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കയറുന്നതിന് പരമ്പരാഗത വേഷത്തിൽ ശ്രമിക്കുന്ന സൗദി സഹോദരങ്ങൾ ശ്രദ്ധയാകർഷിക്കുന്നു. മുഹമ്മദ് അൽശാഹീനും ഉസ്മാൻ അൽശാഹീനുമാണ് സൗദി സംസ്‌കാരത്തെയും ജനതയെയും കുറിച്ച് മറ്റുള്ളവരെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എവറസ്റ്റ് കയറുന്നത്. കഴിഞ്ഞ ദിവസം ഇരുവരും സമുദ്ര നിരപ്പിൽ നിന്ന് 5400 മീറ്റർ ഉയരമുള്ള ബേസ് ക്യാമ്പിലെത്തി.
മടക്ക യാത്രയും സൗദി വേഷത്തിൽ തന്നെയായിരിക്കുമെന്ന് ഇരുവരും പറഞ്ഞു. യാത്രക്കിടെ പ്രദേശവാസികളായ നിരവധി പേരെയും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെയും കണ്ടുമുട്ടി. സൗദി പരമ്പരാഗത വേഷം ധരിച്ചത് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. പലരും തങ്ങൾക്കൊപ്പം നിന്ന് സെൽഫിയെടുത്തു. മറ്റു ചിലർ പരമ്പരാഗത ശിരോവസ്ത്രം ധരിച്ചാണ് ഫോട്ടോയെടുത്തത്.
ഏഴു ദിവസം നീണ്ട യാത്രയിലൂടെയാണ് തങ്ങൾ ബേസ് ക്യാമ്പിലെത്തിയതെന്ന് ഇരുവരും പറഞ്ഞു. ദക്ഷിണ സൗദിയിലെ ബീശ നിവാസികളാണ് സാഹസികത ഇഷ്ടപ്പെടുന്ന മുഹമ്മദ് അൽശാഹീനും ഉസ്മാൻ അൽശാഹീനും.