ജിദ്ദ - ബിനാമി ബിസിനസ് കേസ് പ്രതികളായ സൗദി പൗരനും പാക്കിസ്ഥാനിക്കും ജിദ്ദ ക്രിമിനൽ കോടതി നാലു ലക്ഷം റിയാൽ പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ജിദ്ദയിൽ ഓഫീസ് ഉപകരണങ്ങളും കംപ്യൂട്ടറുകളും ടോണറുകളും വിൽപന നടത്തുന്ന മേഖലയിൽ സ്ഥാപനം നടത്തിയ പാക്കിസ്ഥാനി ജീഹാൻ സൈബ് ഖാൻ ഗുലാമിനും ഇതിനു കൂട്ടുനിന്ന സൗദി പൗരൻ സഅദ് ബിൻ അലി ആയിദ് അൽദുഹൈസി അൽമാലികിക്കും ആണ് ശിക്ഷ.
ബിനാമി സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ശിക്ഷ നടപ്പാക്കിയ ശേഷം പാക്കിസ്ഥാനിയെ നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി വിധിച്ചു. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെയും പാക്കിസ്ഥാനിയുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.
ജിദ്ദയിൽ ഓഫീസ് ഉപകരണങ്ങളും കംപ്യൂട്ടറുകളും ടോണറുകളും വിൽപന നടത്തുന്ന സ്ഥാപനം വ്യാജ ടോണറുകൾ വിൽക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് സ്ഥാപനത്തിനു കീഴിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ വ്യാജ ടോണറുകൾ കണ്ടെത്തി.
കൂടാതെ സ്ഥാപനം പാക്കിസ്ഥാനി ബിനാമിയായി നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളും കണ്ടെത്തി. പ്രാഥമികാന്വേഷണം നടത്തി നിയമ നടപടികൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.