Sorry, you need to enable JavaScript to visit this website.

പ്രവാസിയുടെ ആത്മഹത്യ-മാപ്പർഹിക്കാത്ത തെറ്റെന്ന് ഹൈക്കോടതി, സർക്കാരിനോട് വിശദീകരണം തേടി 

കൊച്ചി- കണ്ണൂർ ആന്തൂരിൽ പ്രവാസിയായ വ്യവസായി ആത്മത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വ്യവസായിയുടെ മരണം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നു പറഞ്ഞ കോടതി, സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അടുത്തമാസം 15 നകം സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. 

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇന്ന് വാദം കേട്ടത്. ഈ മരണം കോടതിയെ അസ്വസ്ഥമാക്കുന്നുവെന്നും അപേക്ഷകൾ സർക്കാരിന് മുന്നിൽ കെട്ടി കിടക്കുമ്പോൾ മൗനം പാലിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇനിയെങ്കിലും സർക്കാർ ഉചിതമായ നടപടിയെടുക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. 

ആന്തൂർ നഗരസഭയിൽ സാജൻ അപേക്ഷ നൽകിയ തിയതി മുതലുള്ള എല്ലാ ഫയലുകളും രേഖകളും ഹൈക്കോടതിയിൽ സമർപ്പിക്കണെമന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരം ആത്മഹത്യകൾ വ്യവസായ സംരംഭകർക്ക് തെറ്റായ സന്ദേശമാകും നൽകുക. ഇത് നിക്ഷേപകരെ മടുപ്പിക്കും - കോടതി ചൂണ്ടിക്കാട്ടി. സർക്കാറിന്റെ ഭാഗത്തിന് നിന്ന് വകുപ്പുതല അന്വേഷണം ഉണ്ടാകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 

സർക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോർണി  ആണ് ഹരജിക്കു മേൽ കോടതിയിൽ ഹാജരായത്. കുറ്റക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഏക ജാലക സംവിധാനം ഉണ്ടാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, വാക്കാലുള്ള വിശദീകരണമല്ല വേണ്ടതെന്നും സംഭവിച്ചതെന്താണെന്ന് നേരിട്ട് അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി. 

15 കോടി മുടക്കി നിർമിച്ച ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി കിട്ടാതിരുന്നതിൽ മനം നൊന്താണ്  സാജൻ ആത്മഹത്യ ചെയ്തത്. നൈജീരിയയിൽ നിന്ന് മൂന്നു വർഷം  മുൻപ് തിരിച്ചെത്തിയ സാജൻ, കണ്ണൂർ ബക്കളത്താണ് ഓഡിറ്റോറിയം നിർമിച്ചത്. 

Latest News