ദമാം- സൗദിയില്‍ ആംബുലന്‍സ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി അബ്ദുല്‍ മുനൈസാണ് (29) മരിച്ചത്. ഹഫറല്‍ ബാത്തിനില്‍നിന്ന് ദമാം എയര്‍പോര്‍ട്ടിലേക്ക് എംബാം ചെയ്ത മൃതദേഹങ്ങളുമായി പോയ ആംബുലന്‍സാണ് ടയര്‍ പൊട്ടി മറിഞ്ഞത്.
കാര്‍ഗോ കമ്പനി ജീവനക്കാരനായ മുനൈസാണ് ആംബുലന്‍സ് ഓടിച്ചിരുന്നത്. ദമാം റോഡില്‍ കര്‍യത്തുല്‍ ഉലയ്യ സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം. പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യക്കാരുടെ മൃതദേഹങ്ങളാണ് ആംബുലന്‍സിലുണ്ടായിരുന്നത്.
വാഹനത്തിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിയാണ് അപകടം. കളത്തില്‍ അബ്ദുവിന്റെ മകനാണ് മരിച്ച മുനൈസ്. ഭാര്യ: സീനു. മൂന്ന് മാസം പ്രായമായ പെണ്‍കുട്ടിയുണ്ട്. നടപടിക്രമങ്ങള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, ജാഫര്‍ കൊണ്ടോട്ടി എന്നിവര്‍ നേതൃത്വം നല്‍കുന്നു.