റിയാദ് - കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെതിരായ പ്രചാരണങ്ങളെ അപലപിച്ചും ഭരണാധികാരികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ട്വിറ്റർ ഉപയോക്താക്കൾ ഹാഷ്ടാഗ് ആരംഭിച്ചു.സൗദി അറേബ്യ പാർശ്വവൽക്കരിക്കപ്പെട്ട രാജ്യമല്ലെന്നും മറിച്ച്, ആഗോള തലത്തിലും അറബ്, ഇസ്‌ലാമിക ലോകത്തും ഏറെ സ്വാധീനമുള്ള രാജ്യമാണെന്നും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ സൽമാൻ അൽശുരൈദ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വോട്ടുകൾ നേടുന്നതിന് പൊതുജനങ്ങളെ കബളിപ്പിക്കുന്ന വ്യാജ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരല്ല സൗദിയിലെ ഭരണാധികാരികൾ. സൗദി ജനത അഭിമാനത്തോടെ കാണുന്ന, വിവേകമതികളും രാഷ്ട്രീയ ഇഛാശക്തിയുള്ളവരുമാണ് രാജ്യത്തെ ഭരണാധികാരികളെന്നും സൽമാൻ അൽശുരൈദ പറഞ്ഞു.
പ്രതിസന്ധികളിൽ സൗദി ജനത കൂടുതൽ ശക്തമായി ഭരണാധികാരികൾക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് സൗദി മാധ്യമ പ്രവർത്തകൻ യഹ്‌യ അൽതലീദി പറഞ്ഞു. ഖശോഗി കേസിലെ അവസാന തുറപ്പുചീട്ടും ഉപയോഗിക്കുന്നതിനാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഖത്തറും മുസ്‌ലിം ബ്രദർഹുഡും ശ്രമിക്കുന്നതെന്ന് സൗദി മാധ്യമ പ്രവർത്തകൻ തുർക്കി അൽസലാമി പറഞ്ഞു.
കൊല്ലപ്പെട്ടയാൾ സൗദി പൗരനാണ്. കേസിലെ പ്രതികളും സൗദികളാണ്. കുറ്റകൃത്യം നടന്ന ഇസ്താംബൂൾ സൗദി കോൺസുലേറ്റ് സൗദി പരമാധികാരത്തിൽ പെട്ട സ്ഥലമാണ്. ഇത്തരമൊരു സാഹചര്യത്തിൽ സൗദി അറേബ്യയുടെ നിലപാട് കേൾക്കാതെ എങ്ങനെയാണ് വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കുകയെന്ന് അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ ആരാഞ്ഞു.
സൗദി ഭരണകൂടത്തിലും രാജ്യത്തെ നീതിന്യായ സംവിധാനത്തിലും തങ്ങൾക്കുള്ള വിശ്വാസവും കേസ് രാഷ്ട്രീയവൽക്കരിക്കുന്നതിൽ തങ്ങൾക്കുള്ള എതിർപ്പും അമേരിക്കൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ജമാൽ ഖശോഗിയുടെ മക്കളും ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ കൂലിപ്പടയാളികളോ പണത്തിന്റെ അടിമകളോ അല്ലെന്നും സൗദി ഭരണാധികാരികളോടുള്ള കൂറ് രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നും ഏതു സാഹചര്യത്തിലും ഭരണാധികാരികൾക്കൊപ്പം നിലയുറപ്പിക്കുമെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശങ്ങളിൽ സൗദി പൗരന്മാർ പറഞ്ഞു.
ജപ്പാനിലെ ടോക്കിയോയിൽ ജി-20 ഉച്ചകോടി നടക്കുന്നതിനു തൊട്ടു മുമ്പാണ് സൗദി വിരുദ്ധതയും ശത്രുതയും മുഖമുദ്രയാക്കിയ ഖത്തർ, തുർക്കി മാധ്യമങ്ങൾ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ലക്ഷ്യമിട്ട് ശക്തമായ പ്രചാരണം അഴിച്ചുവിട്ടത്. അടുത്ത വർഷത്തെ ജി-20 ഉച്ചകോടിക്ക് ആതിഥ്യം നൽകുന്നത് റിയാദ് ആണ്. സൗദിയിലും ആഗോള തലത്തിലും വലിയ വിജയങ്ങൾ നേടി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ വ്യക്തിപരമായി ലക്ഷ്യമിട്ട് ഖത്തർ, തുർക്കി മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങളിലൂടെ തങ്ങളുടെ ഭരണാധികാരികളിൽ നിന്നും തകർച്ചയുടെ വക്കിലെത്തിയ സമ്പദ്‌വ്യവസ്ഥകളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനാണ് ശ്രമിക്കുന്നത്.
ഖത്തർ, തുർക്കി നേതാക്കളിൽ നിന്നുള്ള ഉത്തരവുകൾ പ്രകാരം പ്രവർത്തിക്കുന്ന സൗദി വിരുദ്ധ മാധ്യമങ്ങൾ ജമാൽ ഖശോഗി കേസ് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ഉയർത്തിക്കൊണ്ടു വരികയായിരുന്നു. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ ഇതിന് മറുപടി നൽകി. സൗദി അറേബ്യയുടെ പരമാധികാരത്തിലും ഖശോഗി കേസ് വിചാരണ ചെയ്യുന്നതിനുള്ള സൗദി നീതിന്യായ സംവിധാനത്തിന്റെ അധികാരത്തിലും ഒരുവിധ വിലപേശലുകളും വകവെച്ചു നൽകില്ലെന്ന് ആദിൽ അൽജുബൈർ വ്യക്തമാക്കി.