പൂക്കോട്ടുംപാടം- വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണം തട്ടിയെടുത്ത വിവാഹ തട്ടിപ്പു വീരന്‍ അറസ്റ്റില്‍. കുറ്റിപ്പുറം പകരനെല്ലൂര്‍ പാപ്പിനിശേരി അബ്ദുള്‍നാസറി (40) നെയാണ് പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് അയോടന്‍ അറസ്റ്റ് ചെയ്തത്.
കരുളായി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ വീട്ടില്‍ വിവാഹമാലോചിച്ചു വന്ന പ്രതി പിന്നീട് ഇവരുടെ വിശ്വാസം നേടിയെടുത്ത് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.
കുടുംബ കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിന്റെ വിധി അനുകൂലമാക്കിയെടുക്കാന്‍ ചില മന്ത്രവാദക്രിയകള്‍ നടത്തിയാല്‍ മതിയെന്നും അതിനു കുറച്ച് സ്വര്‍ണം ആവശ്യമാണെന്നും പറഞ്ഞാണ് പ്രതി തട്ടിപ്പു നടത്തിയത്. യുവതിയില്‍ നിന്നു പല തവണയായി ഏഴര പവന്‍ തട്ടിയെടുത്ത അബ്ദുള്‍ നാസര്‍ പിന്നീട് മുങ്ങുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെ വിവരം ലഭിക്കാതായി. തുടര്‍ന്നു യുവതിയുടെ പരാതിയില്‍ അന്വേഷണമാരംഭിച്ച പോലീസ് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയത്. ജില്ലയിലും സമീപ ജില്ലകളിലുമായി ഇയാള്‍ ഏഴു വിവാഹം കഴിച്ചതായി മനസിലാക്കിയ പോലീസ് ഇയാളുടെ ഭാര്യാ വീടുകള്‍ നിരീക്ഷിച്ചു വരവെ കാടാമ്പുഴയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് പിടികൂടിയത്. ജില്ലയുടെ പല ഭാഗങ്ങളിലായി പ്രതി ഇത്തരത്തിലുള്ള ധാരാളം തട്ടിപ്പു നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പലരും നാണക്കേടു ഭയന്നു പരാതി നല്‍കാത്തതാണ് പ്രതി തട്ടിപ്പു തുടരാന്‍ കാരണമെന്നു പോലീസ് പറഞ്ഞു.