തിരൂര്‍-പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട നോര്‍ക്ക റൂട്ട്സിന്റെ സേവനങ്ങളില്‍ അനാവശ്യമായി കാല താമസം നേരിടുന്നതായി പ്രവാസി കമ്മീഷന് മുന്നില്‍ പരാതികള്‍. തിരൂരില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങിലാണ് നോര്‍ക്കക്കെതിരെ പരാതികളുയര്‍ന്നത്.
16 കേസുകളാണ് നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ചത്. ഏറെയും നോര്‍ക്ക റൂട്ട്സിന്റെ സാന്ത്വന ചികിത്സയും മരണാനന്തര സഹായവും ലഭിക്കുന്നത് സംബന്ധിച്ചായിരുന്നു. ഇത്തരം കേസുകളില്‍ ഒരു മാസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രവാസി കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ് ടി.ഡി രാജന്‍ നിര്‍ദേശം നല്‍കി.
തിരൂര്‍ പൊതുമരാമത്ത് വിശ്രമ മന്ദിരത്തില്‍ നടന്ന സിറ്റിങ്ങില്‍ ലഭിച്ച 39 പരാതികളില്‍ 15 എണ്ണത്തിനാണ് തീര്‍പ്പ് കല്‍പ്പിച്ചത്. ബാക്കിയുള്ളവ റിപ്പോര്‍ട്ട് വാങ്ങുന്നതിനും അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
മെമ്പര്‍മാരായ ആസാദ് തിരൂര്‍, എച്ച്. നിസാര്‍, നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സീനിയര്‍ അസിസ്റ്റന്റ് സീനത്ത്, കോഴിക്കോട് ജില്ലാ പ്രവാസി ക്ഷേമബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ ചാര്‍ജ് രാജേഷ് എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.