കല്‍പറ്റ- നഗ്നത പകര്‍ത്തി ചൂഷണത്തിനു ശ്രമിച്ച ഭര്‍തൃ സഹോദരനടക്കമുള്ളവരെ നിയമത്തിനുമുന്നിലെത്തിക്കാന്‍ പോലീസ് വിമുഖത കാട്ടുന്നതിനെതിരെ യുവതി വനിതാ കമ്മീഷനു പരാതി അയച്ചു. വാളാട് സ്വദേശിനി സി.കെ.സജിനയാണ്(20)നീതി തേടി വനിതാ കമ്മീഷനെ സമീപിച്ചത്. വാളാടുകാരനാണ് സജിനയുടെ ഭര്‍ത്താവ്. 2017 മാര്‍ച്ച് നാലിനായിരുന്നു വിവാഹം. ഭര്‍തൃഗൃഹത്തില്‍ കൊടിയ പീഡനമാണ് സജിനക്കു അനുഭവിക്കേണ്ടിവന്നത്. സഹികെട്ട് മാതൃഗൃഹത്തിലേക്കു താമസം മാറ്റിയ സജിന പീഡനത്തിനെതിരെ കോടതിയില്‍ പരാതിയും രഹസ്യമൊഴിയും നല്‍കി. കോടതി പരാതി തലപ്പുഴ പോലീസ് സ്റ്റേഷനിലേക്കു അയച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുത്തതല്ലാതെ നടപടികള്‍ക്കു പോലീസ് തയാറാകുന്നില്ല. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കാനും പ്രതികളെ ചോദ്യം ചെയ്യാനും പോലീസ് കൂട്ടാക്കിയില്ല. തന്നയുമല്ല, പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനും വിദേശത്തു പോകുന്നതിനും സഹചര്യം ഒരുക്കി. എഫ്.ഐ.ആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. കേസ് ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദവും ചെലുത്തി. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനു പരാതി അയച്ചതെന്നു സജിന പറഞ്ഞു.
ഭര്‍തൃവീട്ടില്‍ ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടിവന്നതായി സജിന വനിതാ കമ്മീഷനു അയച്ച പരാതിയില്‍ വിശദീകരിക്കുന്നു. ഭര്‍തൃസഹോദരന്‍ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിച്ചുവച്ച് സജിനയുടെ നഗ്നത പകര്‍ത്തി. ദൃശ്യങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിനു ശ്രമിച്ചു. സജിനയുടെ വാട്‌സ്ആപ് നമ്പര്‍ ഭര്‍ത്താവ് ദുരുപയോഗം ചെയ്തു. വാട്‌സ് ആപ് നമ്പറില്‍നിന്നു സജിനയുടെ അധ്യാപകനായിരുന്നയാള്‍ക്കു മുഖം മോര്‍ഫ് ചെയ്തു നഗ്ന ഫോട്ടോകളും മറ്റും അയച്ചു. ഗത്യന്തരമില്ലാതെ ആത്മഹത്യക്കു ശ്രമിച്ചതായും സജിനയുടെ പരാതിയില്‍ പറയുന്നു.