കൊച്ചി- കാറിൽ സഞ്ചരിക്കവെ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്‍റെ യും സംവിധായകനും സുഹൃത്തുമായ നാദിർഷായുടെയും മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചു. അതേസമയം, കേസിലെ ഒന്നാം പ്രതി പൾസർ സുനി അയച്ചുവെന്ന് പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേത് അല്ലെന്ന് വ്യക്തമായി. സുനി മുമ്പ് കോടതിയിൽ നൽകിയ കത്തിലെയും പരാതിയിലെയും കയ്യക്ഷരവും ശൈലിയും പുതിയ കത്തിൽനിന്ന് ഏറെ വ്യത്യസ്തമാണ്. ഇതോടെ കേസ് വീണ്ടും വഴിത്തിരിവിലെത്തി. ദിലീപിനെ കുടുക്കാൻ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം നേരത്തെ നാദിർഷ പരോക്ഷമായി ഉന്നയിച്ചിരുന്നു. സുനിയെ കൂട്ടുപിടിച്ച് ചിലർ അണിയറ നീക്കം നടത്തുന്നുണ്ടെന്നാണ് നാദിർഷായുടെ ആരോപണത്തിന്‍റെ കാതൽ.
അതേസമയം, നടി അക്രമിക്കപ്പെട്ട കേസിൽ ദിലിപീന്‍റെയും നാദിർഷായുടെയും ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയുടെയും മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും. സംഭവത്തിൽ ദിലീപിന്‍റെ പേര് പറയാതിരിക്കാൻ ഒന്നരക്കോടി ആവശ്യപ്പെട്ട് പൾസർ സുനിയുടെ സുഹൃത്ത് വിഷ്ണു സംവിധായകൻ നാദിർഷായെ ബന്ധപ്പെട്ടിരുന്നു. ഇതിന് പുറമെ സുനിയുടേത് എന്ന പേരിലുള്ള കത്തും പുറത്തെത്തി. ദിലീപിന്‍റെ മാനേജർ അപ്പുണ്ണിക്കും ഇത്തരത്തിൽ സന്ദേശം ലഭിച്ചിരുന്നു. ഈ സഹചര്യത്തിലാണ് മൂവരിൽനിന്നും പോലീസ് മൊഴിയെടുക്കുന്നത്.
അതേസമയം, പൾസർ സുനിയുടെ സുഹൃത്ത് വിഷ്ണു മാലപൊട്ടിക്കൽ കേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷത്തിനിടെ 180 മാലപൊട്ടിക്കൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.