മണ്ണാര്‍ക്കാട്- കേരളത്തില്‍ ആദ്യമായി കോളേജ് പ്രവേശനം നേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ റിയ ഇഷ മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജിലേക്ക്. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ കഴിഞ്ഞ വര്‍ഷം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായി ചേര്‍ന്ന റിയ ഇഷ കോളേജ് ട്രാന്‍സ്ഫര്‍ വഴിയാണ് മണ്ണാര്‍ക്കാട്ടെത്തിയിരിക്കുന്നത്. രണ്ടാംവര്‍ഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ഥിയായി എത്തിയ റിയക്ക് അധ്യാപകരും വിദ്യാര്‍ഥികളും ഊഷ്മളമായ സ്വീകരണം നല്‍കി. ആദ്യമായാണ് സംസ്ഥാനത്തെ ഒരു എയ്ഡഡ് കോളേജില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥി പഠിക്കാനെത്തുന്നത്.
മലപ്പുറം കോളേജിലെ അധ്യയനാനുഭവം മികച്ചതായിരുന്നുവെന്നും എയ്ഡഡ് കോളജിലും തങ്ങളുടെ സമൂഹത്തിന് പഠിക്കുന്നതിന് അവസരമുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് എം.ഇ.എസ് കോളജിലേക്ക് പോന്നതെന്നും റിയ ഇഷ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.