എടവണ്ണ- സ്‌കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി കൈമാറുകയും ചെയ്യുന്ന മാഫിയാ സംഘത്തിലെ രണ്ടു പേർ പിടിയിൽ. എടവണ്ണ പത്തപ്പിരിയത്ത് വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഉള്ളാട്ടിൽ ഫാസിൽ (23), ചാത്തല്ലൂർ മുണ്ടൻപറമ്പ് സുധീഷ് ബാബു (20) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി ശിവദാസന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. വലിയൊരു സംഘം തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചു.
മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 14 നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്കു വന്ന കുട്ടികളെ ഇവർ കാറിലെത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട ഒരാൾ പോലീസിൽ വിവരമറിയിച്ചു. ഉടൻ പോലീസ്, കാറിനെ പിന്തുടർന്നതോടെ കുട്ടികളെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. തുടർന്നു പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എടവണ്ണ എസ്.ഐ എൻ.കെ മുരളി അടങ്ങുന്ന സംഘം നിലമ്പൂർ, വണ്ടൂർ, അരീക്കോട്, മഞ്ചേരി, തിരുവമ്പാടി മേഖലകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും ഇവരുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്നു മൂന്നാം ദിവസം ഇരുവരും പിടിയിലായത്. പിടിയിലായതോടെയാണ് വലിയൊരു സംഘം തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായും ഇവർ ഇതിലെ കണ്ണികൾ മാത്രമാണെന്നും പോലീസിനു മനസ്സിലായത്. ഈ റാക്കറ്റിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
തട്ടിക്കൊണ്ടുപോകൽ, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, ബലാത്സംഗം, പോക്‌സോ, എസ്.ടി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രക്ഷപ്പെട്ട ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായും മൊഴി നൽകിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. വീടുകളിൽ നിന്നു സ്‌കൂളുകളിലേക്കു പോകുന്ന കുട്ടികൾ സ്‌കൂളിലെത്തിയോയെന്നു രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും പോലീസ് അറിയിച്ചു. ഇരുവർക്കുമെതിരേ പോക്‌സോ വകുപ്പു പ്രകാരം വണ്ടൂർ സ്‌റ്റേഷനിൽ മുമ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്‌കുമാർ, പി.ബി.ജിറ്റസ്, സി.ടി.സാബിറ, സിവിൽ പോലീസ് ഓഫീസർമാരായ ശശികുമാർ, ഗിരിഷ്, കെ.രാജേഷ് സദഖത്തുല്ല, മലപ്പുറം സൈബർ സെല്ലിലെ അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.