കൊച്ചി- സൗദി അറേബ്യയിലെ ജോലി ഉപേക്ഷിച്ച് കഞ്ചാവു കടത്താൻ ഇറങ്ങിത്തിരിച്ച യുവാവ് എക്സൈസിന്റെ പിടിയിലായി. ആലുവ വെസ്റ്റ് വില്ലേജിൽ കുട്ടമശ്ശേരി കുമ്പശ്ശേരി വീട്ടിൽ ആസാദ് (34) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ വലയിലായത്. വയോധികർ മുതൽ സകൂൾ കുട്ടികൾ വരെ ഇയാളുമായി ഇടപാടുകൾ നടത്തിയിരുന്നുവെന്ന് വ്യക്തമായതായി എക്സൈസ് അധികൃതർ വ്യക്തമാക്കി. സ്‌ക്വാഡ് സി.ഐ ബി.സുരേഷിന്റെ മേൽനോട്ടത്തിലുള്ള ടോപ്പ് നാർകോട്ടിക് സീക്രട്ട് ഗ്രൂപ്പ് നൽകിയ ലീഡ്സിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്. ഹൈസ്‌കൂൾ വിദ്യാർഥിയായ ഒരു കുട്ടിയുടെ ബാഗിൽ നിന്ന് കുട്ടിയുടെ അമ്മ കഞ്ചാവ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. കുട്ടിക്ക് കൗൺസിലിംഗ് നൽകാനായി എറണാകുളം കച്ചേരിപ്പടിയിൽ എക്സൈസ് സോണൽ ഓഫീസിൽ ലഹരി വിമോചനത്തിനായി പ്രവർത്തിക്കുന്ന വിമുക്തി മിഷൻ കൗൺസലിംഗ് സെന്ററിലെത്തിച്ചു. കുട്ടിയിൽ നിന്ന് കഞ്ചാവു ലഭിച്ച ഉറവിടത്തെ സംബന്ധിച്ച് അധികൃതർ മനസിലാക്കുകയും വിവരം സ്‌കാഡ് സി.ഐക്ക് കൈമാറുകയും അദ്ദേഹത്തിന്റെ സീക്രട്ട് ഗ്രൂപ്പ് മുഖേന ഇടനിലക്കാരനിലേക്കും പിന്നീട് ഇടനിക്കാരനെ ഉപയോഗിച്ച് ആസാദിലേക്കുമെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടേകാൽ കിലോ കഞ്ചാവും, ആഡംബര ബൈക്കുമായി ആസാദിനെ പിടികൂടുകയായിരുന്നു. ആലുവ സ്‌കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് ആയിരുന്നു ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എക്സൈസ് ഇൻസ്പെക്ടർ പി.ശ്രീരാജ്, പ്രിവന്റീവ് ഓഫീസർ കെ.ആർ രാം പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം അരുൺകുമാർ, സിദ്ധാർഥ കുമാർ, വിപിൻ ദാസ് ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.