Sorry, you need to enable JavaScript to visit this website.

ഒടുവിൽ കുമ്മനത്തിനും ഉപദേശകർ

തിരുവനന്തപുരം- പുതുതായി പണികഴിപ്പിക്കുന്ന ഓഫീസിൽ മുഖ്യമന്ത്രിക്ക് ഓഫീസ് വരെ നിശ്ചയിച്ച ബി.ജെ.പി ഒരുപടി കൂടി മുന്നിലെത്തി പാർട്ടി സംസ്ഥാന അധ്യക്ഷന് ഉപദേശകരെ നിയോഗിച്ചു. സാമ്പത്തികം, മാധ്യമം, ആസൂത്രണം എന്നീ മേഖലകളിലാണ് മൂന്ന് ഉപദേശകരെ നിയോഗിക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. ഇതനുസരിച്ച്, ഡോ. ജി.സി ഗോപാലപിള്ള(സാമ്പത്തികം), ഹരി എസ് കർത്താ(മാധ്യമം), ഡോ.കെ.ആർ രാധാകൃഷ്ണപിള്ള(വികസനം, ആസൂത്രണം) എന്നിവയിൽ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന് ഉപദേശം നൽകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മാതൃക പിന്തുടർന്നാണ് ബി.ജെ.പിയും ഉപദേശകരെ നിയോഗിക്കുന്നത്. നിലവിൽ എട്ടോളം ഉപദേശകരാണ് മുഖ്യമന്ത്രിക്കുള്ളത്. കുമ്മനം രാജശേഖരന് ഇനിയും കൂടുതൽ ഉപദേശകരെ നിയോഗിക്കും. ഫാക്ടിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു ഗോപാലപിള്ള. കേന്ദ്ര സർക്കാറിന്‍റെ  വിവിധ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്  ഇടപെടുന്നതിന് വേണ്ടിയാണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നത് വഴി പാർട്ടിക്ക് സംസ്ഥാനത്ത് എങ്ങിനെ നേട്ടമുണ്ടാക്കാനാകും എന്നാണ് ഗോപാലപിള്ളയുടെ നിയമനം കൊണ്ട് പാർട്ടി ലക്ഷ്യമിടുന്നത്. കിൻഫ്രയുടെ സ്ഥാപക എം.ഡിയായിരുന്നു ഗോപാലപിള്ള. ജന്മഭൂമിയുടെ ചീഫ് എഡിറ്ററായിരുന്നു ഹരി എസ് കർത്ത. കേരളത്തിൽ മാധ്യമങ്ങളുമായുള്ള സംഘ്പരിവാർ സംഘടനകളുടെ അകൽച്ച കുറക്കുകയാണ് ഹരി എസ് കർത്തയുടെ നിയമനം വഴി നോട്ടമിടുന്നത്. വിവിധ കോളെജുകളില്‍ ധനതത്വശാസ്ത്രം അധ്യാപകനായിരുന്നു ഡോ.രാധാകൃഷ്ണപിള്ള. മൂന്നുപേരും പാർട്ടി ആസ്ഥാനത്ത് ജോലി തുടങ്ങിയിട്ടുണ്ട്.
 

Latest News