യാമ്പു - സൗദി യുവാവ് ഥാമിര്‍ ഫായിസ് അല്‍മര്‍സൂഖിയുടെ അസാമാന്യ ധീരത യാമ്പുവില്‍ വന്‍ ദുരന്തം ഒഴിവാക്കി. യാമ്പു കിംഗ് അബ്ദുല്‍ അസീസ് റോഡിലെ പെട്രോള്‍ ബങ്കില്‍ കഴിഞ്ഞ ദിവസം അര്‍ധ രാത്രിയുണ്ടായ അഗ്നിബാധ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് സൗദി യുവാവ് അണച്ചത്. നിയന്ത്രണം വിട്ട കാര്‍ പെട്രോള്‍ പമ്പില്‍ ഇടിച്ചതോടെയാണ് തീ പടര്‍ന്നുപിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ പമ്പ് നിലംപതിച്ച് ഇന്ധന ചോര്‍ച്ചയുണ്ടായി നിമിഷ നേരത്തിനുള്ളില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ സൗദി യുവാവ് അഗ്നിശമന സിലിണ്ടര്‍ ഉപയോഗിച്ചാണ് തീയണക്കാന്‍ ശ്രമിച്ചത്. യുവാവിനെ സഹായിക്കാന്‍ ബങ്കിലെ തൊഴിലാളി ഓടിയെത്തിയെങ്കിലും തീ നാളങ്ങള്‍ കൂടുതല്‍ ഉയരത്തിലേക്ക് ഉയര്‍ന്നതോടെ വിദേശ തൊഴിലാളി പിന്‍മാറി.
കടുത്ത ചൂടും ഏതു സമയവും സ്‌ഫോടനമുണ്ടാകാനുള്ള സാധ്യതയും അവഗണിച്ച് ഥാമിര്‍ അല്‍മര്‍സൂഖി തീ കെടുത്താനുള്ള ശ്രമം തുടര്‍ന്നു. ഒന്നിനു പിറകെ ഒന്നായി അഗ്നിശമന സിലിണ്ടറുകള്‍ യുവാവ് ഉപയോഗപ്പെടുത്തി. തീ ഏറെക്കുറെ അണയാറാവുകയും അപകട ഭീഷണി കുറയുകയും ചെയ്തതോടെ ബങ്കിലെ മറ്റു തൊഴിലാളികളും തീ കെടുത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളായി.
പെട്രോള്‍ ബങ്കിലെ പഞ്ചര്‍ കടയില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ പമ്പില്‍ ഇടിച്ച് ബങ്കില്‍ തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് ഥാമിര്‍ അല്‍മര്‍സൂഖി പറഞ്ഞു. മറ്റു കാറുകള്‍ എത്രയും വേഗം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട താന്‍ വലിയ അഗ്നിശമന സിലിണ്ടര്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു. തൊഴിലാളികളുടെ സഹായത്തോടെ മറ്റു സിലിണ്ടറുകളും ഉപയോഗപ്പെടുത്തി.
കാര്‍ കൂട്ടിയിടിച്ച് അഗ്നിബാധയുണ്ടായതിന്റെയും സൗദി യുവാവ് തീയണക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പെട്രോള്‍ ബങ്കിലെ സി.സി.ടി.വി ചിത്രീകരിച്ചിട്ടുണ്ട്. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.