കൽപറ്റ - സ്ത്രീ പീഡനക്കേസ് രജിസ്റ്റർ ചെയ്ത നടൻ വിനയകൻ കൽപറ്റ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അറസ്റ്റ് ചെയ്ത ഏതാനും മണിക്കൂറിനകം ജാമ്യാപേക്ഷയിൽ വിട്ടയക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അഞ്ചു ദിവസത്തിന് ശേഷമാണ് വിനായകൻ അറസ്റ്റിലാകുന്നത്.
ജൂൺ 3 നാണ് ആക്റ്റിവിസ്റ്റ് മൃദുലാദേവി ശശിധരൻ, വിനായകൻ ഫോണിലൂടെ ൽ ലൈംഗീക ചുവയിൽ സംസാരിച്ചതായി ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തുന്നത്. തുടർന്ന് അവർ കൽപറ്റ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂൺ 15 നാണ് വിനയകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അഭിഭാഷകനോടൊപ്പം ഇന്ന് പോലീസ് സ്റ്റേഷനിൽ എത്തിയ വിനായകൻറെ അറസ്റ്റ് രജിസ്റ്റർ ചെയ്യുകയും മൊഴി എടുക്കുകയും ചെയ്തു.
ഇന്ത്യൻ പീനൽ കോഡ് (ഐപിസി) 294 (ബി), സെക്ഷൻ 120 (ഒ), 509 എന്നിവ പ്രകാരമാണ് അറസ്റ്റ്. മൃദുലയോട് ഫോണിൽ സംസാരിക്കുന്നതിനു മുൻപായി മറ്റൊരാൾ തന്നെ ഫോണിൽ വിളിച്ചിരുന്നെന്നും അതെ ഫോണിൽ തന്നെയാണ് മൃദുല പിന്നീട് വിളിച്ചതെന്നും വിനായകൻറെ മൊഴിയിലുള്ളതായി പോലീസ് പറഞ്ഞു.
ഒരു ഓൺലൈൻ മീഡിയ പ്ലാറ്റ്‌ഫോമിന് നൽകിയ അഭിമുഖത്തിൽ വിനായകൻ ഇത് ആവർത്തിച്ചു. എന്നെ ഒരു പ്രോഗ്രാമിലേക്ക് ക്ഷണിക്കാൻ ഒരാൾ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം ഞാൻ മാന്യമായി നിരസിച്ചു. അയാളുമായി പ്രശനമൊന്നുമുണ്ടായിട്ടല്ല. പക്ഷേ ഈ പരിപാടിക്ക് വരേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് അയാൾ പറഞ്ഞു.-വിനായകൻ പറയുന്നു.
തന്നോട് ആദ്യം മോശമായി പെരുമാറിയത് ഇയാളാണെന്നും അതിനു ശേഷമാണ് മൃദുലാദേവി വിളിക്കുന്നതെന്നും പറഞ്ഞ വിനായകൻ, ഇയാളുമായുള്ള പ്രശ്നം സംസാരിക്കാനാണ് അവർ വിളിച്ചതെന്നും വിശദമാക്കി.
ഫോണിലൂടെയുള്ള സംഭാഷണത്തിന്റെ റൊക്കോഡ് മൃദുല പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. ഇത് കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.