Sorry, you need to enable JavaScript to visit this website.

ക്വാറി മാഫിയകളെ സഹായിക്കാൻ ഭൂപതിവ് ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്യുന്നു 

ക്വാറി മാഫിയകളെ സഹായിക്കാൻ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് സർക്കാർ ഇറക്കിയ  ഉത്തരവ്  

തലശ്ശേരി - 1964 ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയത് ക്വാറി മാഫിയകളെ സഹായിക്കാൻ സർക്കാർ ഉത്തരവിറക്കി. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കാനാണ് നീക്കം നടത്തുന്നത്. ക്വാറി മാഫിയകളിൽ നിന്ന് കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ് ഇത്തരമൊരു ചട്ട ഭേദഗതിക്ക് നീക്കം നടക്കുന്നതെന്ന് പരക്കെ ആരോപണം ഉയർന്നു കഴിഞ്ഞു.
സംസ്ഥാനത്ത് നിർമാണ വസ്തുക്കളുടെ ദൗർലഭ്യം രൂക്ഷമായി അനുഭവപ്പെട്ട് വരുന്നതിനെ തുടർന്ന് നിർമാണ വസ്തുക്കളുടെ വില വർധിപ്പിക്കുന്നത് തടയിടാനാണ് ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതെന്ന മുടന്തൻ ന്യായമുപയോഗിച്ചാണ് ഇത്തരമൊരു നീക്കം സംസ്ഥാന സർക്കാർ നടത്തുന്നത്. 1964 ലെ ഭൂപതിവ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പതിച്ചു നൽകിയ ഭൂമിയിൽ ഖനന പ്രവർത്തനം നടത്തുന്നത് നിരോധിച്ചിരുന്നു. അതിനാലാണ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് കോടികളുടെ അഴിമതിക്ക് സർക്കാർ നീക്കം നടത്തുന്നത്. ഇതിന് പിന്നിൽ സി.പി.എമ്മിന്റെ സമ്മർദ്ധമാണെന്നും പറയപ്പെടുന്നു. 
1964 ലെ ഭൂപതിവ് ചട്ടം 4ൽ നിലവിലുള്ള ചട്ടം, ഉപചട്ടം ഒന്ന് ആയി ഭേദഗതി ചെയ്യുകയും അതിന് താഴെ ഉപചട്ടങ്ങൾ രണ്ടും മൂന്നും ഖണ്ഡങ്ങളും ചേർത്ത് ഭേദഗതി വരുത്തിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ജിയോളജിസറ്റും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ഉൾപ്പെടുന്ന ഒരു കമ്മിറ്റി സ്ഥലം പരിശോധിച്ച് കൃഷിക്ക് യോഗ്യമല്ലെന്നും ക്വാറി പ്രവർത്തനം നടത്തുന്നതിന് യോഗ്യമാണെന്നുമുള്ള റിപ്പോർട്ട് ജില്ലാ കലക്ടർമാർക്ക് നൽകണമെന്നും സർക്കാർ ഓർഡറിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ടിന്റെ മേലെ ഖനനം നടത്തുന്നതിന് 2015 ലെ കേരള മൈനർ മിനറർ കൺസെഷൻ ചട്ടങ്ങൾ പ്രകാരം ഖനാനുമതി നൽകാവുന്നതാണെന്നാണ് സർക്കാർ ഉത്തരവിൽ എടുത്ത് പറയുന്നത്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുമെന്നും ജലലഭ്യതക്ക് തടയിടുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുകയാണ്. എന്നാൽ ഇതിലൂടെ കോടികളുടെ വരുമാനം സർക്കാർ പ്രതീക്ഷിക്കുകയാണ്. ക്വാറി മാഫിയകൾ ഇത്തരത്തിൽ കൃഷി ഭൂമി പാട്ടത്തിനെടുത്ത് അവിടെ ഖനനം നടത്താനുള്ള അനുമതി വാങ്ങുന്നതോടെ പാരിസ്ഥിതിക പ്രശ്‌നത്തിന് ആഴം കുട്ടുമെന്ന കാര്യത്തിൽ സംശയമില്ല.
സംസ്ഥാനം നേരിട്ട രൂക്ഷമായ പ്രളയം ഉൾപ്പെടെയുള്ളവ വന്നിട്ടും സർക്കാർ ഇനിയും കണ്ണ് തുറന്നില്ലെന്നാണ് ഇത്തരം ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിലൂടെ മനസിലാക്കേണ്ടത്. മനുഷ്യ നന്മ ലക്ഷ്യമാക്കിയല്ല ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും. പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ച് ഏത് കൃഷിയിടത്തിലും മാഫിയകൾക്ക് ഖനനാനുമതി നൽകുന്നതിലൂടെ ജനവാസ കേന്ദ്രത്തിലുൾപ്പെടെ ഖനനം നടത്തി കോടികൾ കൊയ്യാമെന്ന കണക്ക് കൂട്ടലിലാണ് ക്വാറി മാഫിയകൾ. ജനജീവിതത്തിന് തന്നെ ഭീഷണിയായ ഇത്തരം പ്രവർത്തനം ജനക്ഷേമത്തിന് വേണ്ടി നില കൊള്ളേണ്ട സർക്കാറിൽ നിന്ന് തന്നെ പുറത്ത് വരുന്നതിനെതിരെ വലിയ പ്രതിേേഷധം ഉയർന്ന് വരുമെന്ന് തന്നെയാണ് സർക്കാറും കണക്ക് കൂട്ടുന്നത്. എന്നാൽ സർക്കാർ പതിച്ച് നൽകിയ ഭൂമിയിലുൾപ്പെടെ ഖനനാനുമതി നൽകുന്നതിലൂടെ സർക്കാറിന് നേരെ ആദ്യം ഉയരുന്ന പ്രതിഷേധം പെട്ടെന്ന് കെട്ടടങ്ങുമെന്ന കണക്ക് കൂട്ടലിലാണ് സർക്കാർ.
95-2019 ആയി ഇറക്കിയ ഉത്തരവിന്റെ കോപ്പി ലാന്റ് റവന്യൂ കമ്മീഷണർ തിരുവന്തപുരം, എല്ലാ ജില്ലാ കലക്ടർമാർ, ഡയറക്ടർ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്, വ്യവസായ വകുപ്പ്, പൊതുഭരണ വകുപ്പ്, കൃഷി വകുപ്പ്, പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ, ഐ.ആന്റ് പി.ആർ.ഡി വകുപ്പ് എന്നിവർക്ക് അയച്ച് കൊടുത്തിരിക്കുകയാണ്. ഗവർണറുടെ ഉത്തരവ് പ്രകാരം പ്രിൻസിപ്പൽ സെക്രട്ടറി വി.വേണു  ഇറക്കിയ ഈ ഉത്തരവ് ഗസറ്റ് വിജ്ഞാപനമായി അടുത്ത് തന്നെ ഇറക്കാനാണ് സർക്കാർ നീക്കം. 

 

Latest News