കൊച്ചി- മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ അന്വേഷണം പ്രതികളില്‍ മാത്രമായി ഒതുങ്ങിയത് എന്തു കൊണ്ടെന്ന് ഹൈക്കോടതി. ഷുഹൈബ് വധം
സി.ബി.ഐ അന്വേഷണത്തിനു വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.
ഷുഹൈബിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. ഗൂഢാലോചന ഉണ്ടെന്നാണ് ഹരജിക്കാരുടെ ആരോപണം. ഉന്നത നേതാക്കളുടെ അറിവില്ലാതെ താഴെ തട്ടിലുള്ളവര്‍ കൊലപാതകങ്ങള്‍ നടത്താറില്ല. ഈ കേസില്‍ രാഷ്ട്രീയ മേലാളന്‍മാരെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടന്നോ എന്നും കോടതി ആരാഞ്ഞു. കേസിലെ പ്രതി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊതുജനത്തിന്റേയും അനുമാനം. അന്വേഷണം സത്യസന്ധവും സുതാര്യവുമാകണമെങ്കില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതല്ലേ എന്നും കോടതി ആരാഞ്ഞു.
നിക്ഷ്പക്ഷമായ അന്വേഷണമാണ് നടന്നതെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പാക്കേണ്ടതുണ്ട്. ഉന്നതര്‍ക്ക് പങ്കില്ലെന്നതിന് എന്ത് തെളിവാണ് ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിട്ടുള്ളതെന്നും കോടതി ചോദിച്ചു. കൂട്ടിലടച്ച തത്തയാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സി.ബി.ഐയുടെ വിശ്വാസ്യതയല്ല തങ്ങള്‍ പരിശോധിക്കുന്നതെന്നും സത്യസന്ധമായ അന്വേഷണമാണോ നടന്നതെന്നാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസില്‍ നാളയും വാദം തുടരും. സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ വിജയ് ഹന്‍സാരി ഹാജരായി.