കുറ്റിപ്പുറം- മലയാളികളുടെ ശീതളപാനീയ പ്രേമത്തിന് പുതിയ മുഖം നല്‍കി കടന്നു വന്ന ഒന്നായിരുന്നു 'ഫുള്‍ജാര്‍ സോഡ'. കുഞ്ഞന്‍ ഗ്ലാസില്‍ അടങ്ങിയ മിശ്രിതത്തെ ഗ്ലാസോട് കൂടി പതയുന്ന സോഡ നിറച്ച വലിയ ഗ്ലാസിലേക്കിട്ട് കുടിക്കുന്നതാണ് ഫുള്‍ജാര്‍ സോഡ. എല്ലാം ഒറ്റ പരീക്ഷണത്തില്‍ തന്നെ മതിയാക്കുന്ന മലയാളികള്‍ 'ഫുള്‍ജാര്‍ സോഡ'യോട് ബൈ പറയാനും അധികം താമസമില്ല. ഇപ്പോള്‍
തരംഗമാവാന്‍ തുടങ്ങുകയാണ് കറക്കിചായ അഥവാ കറക്ക് ചായ. വിവിധ തരത്തിലുള്ള ചായകള്‍ ഉണ്ടാക്കുന്നതും, ചായയടിക്കുന്നതുമൊക്കെ ഒരു കലയാണ്. പൊന്നാനിക്കാരനായ 'ടീമാന്‍' ചായയടിക്കുന്നത് കണ്ടാല്‍ ആരും നോക്കി നിന്നു പോകും. വിദഗ്ധനായ മായാജാലക്കാരന്‍ പോലും മാറി നില്‍ക്കും പൊന്നാനിയിലുള്ള ചപ്പാത്തി ഫാക്ടറി എന്ന ചായക്കടയിലെ ഈ ചായയടിക്കാരന്റെ മായാജാലത്തിന് മുന്നില്‍. അത്രയ്ക്ക് വിസ്മയവും അത്ഭുതവും ജനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രകടനം. മേഘാ മോഹന്‍ എന്ന യുവതി ട്വിറ്ററിലൂടെ പങ്ക് വെച്ച വെറും നാല്‍പ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുളള വീഡിയോയാണ് ഈ 'ചായയടി' ഇത്രയും ഹിറ്റാക്കിയത്. ഇതോടെ, മിക്ക ഹോട്ടലുകളിലും കറക്കി ചായ ട്രെന്‍ഡായി തുടങ്ങുകയും ചെയ്തു. സാധാരണ ചായക്കടയില്‍ ചായ കൊണ്ട് വെച്ചാല്‍ അപ്പോള്‍ തന്നെ കുടിച്ച് തുടങ്ങാം. എന്നാല്‍, ഇവിടെ അങ്ങനെയല്ല.മേശപുറത്ത് ചായയ്ക്ക് പകരമെത്തുന്നത് ഇതുവരെ കാണാത്ത ഒരു പാനീയമായിരിക്കും. ഇനി അത് എങ്ങനെ ചായയാകും എന്നല്ലേ? അവിടെയാണ് ടീമാന്റെ മാജിക് ഒളിഞ്ഞിരിക്കുന്നത്. തേയിലവെള്ളം, പാല്‍, പത എന്നിങ്ങനെ മൂന്ന് ലെയറായി കാണപ്പെടുന്ന പാനീയം അടങ്ങിയ ആ ഗ്ലാസ് ആദ്യം അയാള്‍ കയ്യിലെടുക്കും. പിന്നീട് ഗ്ലാസ് അന്തരീക്ഷത്തില്‍ ഒന്ന് വട്ടം കറക്കി എടുക്കും. നല്ല സ്‌ട്രോംഗ് ചായ റെഡി. ഇതും ഇനി കാട്ടുതീ പോലെ പടരും.