- ഒരുക്കങ്ങൾ പൂർണമെന്ന് ഇന്ത്യൻ ഹജ് മിഷൻ
- ആദ്യ ഇന്ത്യൻ സംഘം ജൂലൈ നാലിന്
മദീന- ഈ വർഷത്തെ ആദ്യ ഇന്ത്യൻ ഹജ് തീർഥാടക സംഘം ജൂലൈ നാലു മുതൽ മദീനയിലെത്തും. ദൽഹിയിൽ നിന്നുള്ള 420 പേരടങ്ങുന്ന തീർഥാടക സംഘം എയർ ഇന്ത്യയുടെ എ.ഐ 5001 വിമാനത്തിൽ മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂലൈ നാലിന് പുലർച്ചെ എത്തുന്നതോടെ ഈ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ഹജ് തീർഥാടകരുടെ വരവിന് തുടക്കമാവും. മദീന വിമാനത്താവളത്തിൽ ഇറങ്ങുന്ന ആദ്യ സംഘത്തെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ നൂർ മുഹമ്മദ് ശൈഖ്, ഹജ് കോൺസുലർ മോയിൻ അക്തർ, മദീന ഹജ് മിഷൻ ഇൻ ചാർജ് ശിഹാബുദ്ദീൻ എന്നിവരും മലയാളി സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും ചേർന്ന് സ്വീകരിക്കും.
മദീനയിലെത്തുന്ന ആദ്യ സംഘങ്ങൾക്ക് മസ്ജിദുന്നബവിയുടെ പരിസരങ്ങളിൽ ഏറ്റവും സൗകര്യപ്രദമായ മർകസിയയിലെ ഹോട്ടലുകളിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. മലയാളി ഹാജിമാരുൾപ്പെടെ ഈ വർഷം മദീനയിൽ ഹജിന് മുമ്പായി 61,000 ഹാജിമാരാണ് എത്തുന്നത്. ജൂലൈ ഏഴു മുതലാണ് മലയാളി തീർഥാടകർ മദീനയിൽ എത്തി തുടങ്ങുന്നത്. കരിപ്പൂരിൽ നിന്ന് ഏഴാം തിയതി സൗദി എയർലെൻസിന്റെ എസ്.വി 5749 എന്ന വിമാനത്തിൽ ഉച്ചക്ക് 1:35 ന് 300 ഹാജിമാരുമായി മലയാളി തീർഥാടകരുടെ ആദ്യ സംഘം മദീനയിലെത്തും.
തുടർന്ന് 20--ാം തിയതി വരെ കരിപ്പൂരിൽ നിന്നും സൗദി എയർലൈനിന്റെ 35 വിമാനങ്ങളിലായി 10,500 ഹാജിമാരും ലക്ഷദ്വീപിലെ 352 ഹാജിമാരടക്കം നെടുമ്പാശ്ശേരിയിൽനിന്ന് 14 ാം തിയതി മുതൽ എട്ട് വിമാനങ്ങളിലായി 2800 മലയാളി ഹാജിമാരും പ്രവാചക നഗരിയിലെത്തും. മദീനയിലെത്തുന്ന ആദ്യ ഹജ് സംഘങ്ങൾ മദീനയിലെ എട്ട് ദിവസത്തെ താമസത്തിന് ശേഷം മക്കയിലേക്ക് തിരിക്കും. ഈ വർഷം രണ്ട് ലക്ഷം ഹാജിമാരാണ് ഇന്ത്യയിൽനിന്ന് എത്തുന്നത്. ഇതിൽ 6,000 ഹാജിമാർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ശേഷിക്കുന്നവർ ഇന്ത്യൻ ഹജ് കമ്മിറ്റി മുഖേന വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരാണ്. ഈ വർഷം ഇന്ത്യയിലെ 21 എമ്പാർക്കേഷൻ പോയിന്റുകളിൽനിന്ന് സൗദി എയർലൈൻസ്, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളാണ് ഹാജിമാരെ സൗദിയിലെത്തിക്കുന്നത്. മദീനയിലെത്തുന്ന ഇന്ത്യൻ തീർഥാടക സംഘത്തിനെ സ്വീകരിക്കുന്നതിനും താമസ, ഭക്ഷണ സൗകര്യം ഉറപ്പാക്കുന്നതിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇന്ത്യൻ ഹജ് മിഷൻ ഇൻ ചാർജ് വഹിക്കുന്ന ജിദ്ദ ഇന്ത്യൻ വൈസ് കോൺസുലർ ശിഹാബുദ്ദീൻ അറിയിച്ചു.