അന്താരാഷ്ട്ര ബഹിരാകാശ നിലയം വിനോദ സഞ്ചാരികൾക്ക് തുറന്നു നൽകുന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർ ആലോചിക്കുന്നുവെന്നും അടുത്ത വർഷത്തോടെ അത് യാഥാർഥ്യമാകുമെന്നും അടുത്ത ദിവസങ്ങളിൽ വാർത്തകളുണ്ടായിരുന്നു. അതേ ഘട്ടത്തിലാണ് ലോകത്ത് ഒരു രാജ്യം സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുന്നുവെന്ന വാർത്ത എത്തിയിരിക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് വളരെയധികം മുന്നേറുകയും ഇന്ത്യയേക്കാൾ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുള്ള വൻകിട രാജ്യങ്ങളുള്ളപ്പോഴാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നാം എത്തുന്നത്.
ബൈജു ചവറ, ജുബൈൽ
ബഹിരാകാശ ഗവേഷണ രംഗത്ത് ഉജ്വലമായ നിരവധി നേട്ടങ്ങൾ കൈവരിച്ച ഐഎസ്ആർഒ (ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ) ലക്ഷ്യം വെച്ചിരിക്കുന്ന പുതിയ സ്വപ്‌ന പദ്ധതികൾ ഓരോ ഇന്ത്യക്കാരനെയും ആവേശം കൊള്ളിക്കുന്നതാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇതിനകം തന്നെ നിരവധി നേട്ടങ്ങൾ എഴുതിച്ചേർത്തിട്ടുള്ള രാജ്യമാണ് നമ്മുടേത്.
1969 ൽ സ്ഥാപിതമായ ഐഎസ്ആർഒയുടെ നേതൃത്വത്തിൽ വിസ്മയകരമായ നിരവധി ദൗത്യങ്ങൾ ഇതിനകം നടന്നുകഴിഞ്ഞിട്ടുണ്ട്. 1975 ൽ ആദ്യ ഉപഗ്രഹമായി ആര്യഭട്ട ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് തുടങ്ങിയ ബഹിരാകാശ ഗവേഷണ ദൗത്യം 1979 ൽ ഭാസ്‌കര ഒന്ന്, 1981 ൽ ആപ്പിൾ, അതേ വർഷം തന്നെ ഭാസ്‌കര രണ്ട്, 1982 ൽ ഇൻസാറ്റ് ഒന്ന് എ എന്നിങ്ങനെ നാഴികക്കല്ലുകൾ തീർക്കുകയും 1984 ൽ സോവിയറ്റ് യൂണിയനുമായി ചേർന്ന് രാകേഷ് ശർമ്മയുൾപ്പെടെയുള്ളവരെ ബഹിരാകാശത്തേയ്ക്ക് എത്തിക്കുന്ന രാജ്യമായി മാറുകയും ചെയ്തു. അതിന് പിന്നീടും രംഗത്ത് ഉപഗ്രഹങ്ങളും മറ്റുമായി മുന്നേറിയ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ മറ്റൊരു നാഴികക്കല്ലാകുന്ന ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം അടുത്ത മാസം പതിനഞ്ചിന് നടക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇങ്ങനെ രേഖപ്പെടുത്തപ്പെടുന്ന ചരിത്രത്തിന്റെ ഇങ്ങേയറ്റത്താണ് കഴിഞ്ഞ ദിവസം ഐഎസ്ആർഒ പുതിയ സ്വപ്‌ന പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നാല് സുപ്രധാന ദൗത്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ൽ സ്വാതന്ത്ര്യ ദിനത്തിൽ ഗഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും. ആദിത്യ മിഷൻ, വീനസ് മിഷൻ എന്നിവയാണ് മറ്റു രണ്ട് പ്രധാന പദ്ധതികൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നുള്ളത്. ബഹിരാകാശ സഞ്ചാരികൾക്ക് ചെന്നിറങ്ങാനും താമസിക്കാനും സാധിക്കുന്ന ബഹിരാകാശ നിലയം എന്ന ദൗത്യം 2030 ൽ പൂർത്തീകരിക്കാനാകുമെന്നാണ് ഐഎസ്ആർഒ മേധാവി കെ ശിവൻ അറിയിച്ചിട്ടുള്ളത്.
താഴ്ന്ന ഭൂഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗവേഷണ ശാലയാണ് ബഹിരാകാശ നിലയം. ഇപ്പോൾ നിലവിലുള്ള ബഹിരാകാശ നിലയം അന്താരാഷ്ട്ര ബഹിരാകാശ നിലയമാണ്. അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെയും കൂടാതെ പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളുടെയും സംയുക്തമായ പദ്ധതിയായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിതമായതും പ്രവർത്തിച്ചുവരുന്നതും. 1988 ലാണ് ഇതിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്. റഷ്യയുടെ പ്രോട്ടോൺ, സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്‌പേസ് ഷട്ടിലുകളും ചേർന്നാണ് ഇതിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചത്. സംയുക്തമായ സംരംഭമായാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ ചുറ്റിത്തിരിയുന്നത്.
അതിനർഥം ലോകത്തെ വൻകിട രാജ്യങ്ങൾക്കു പോലും സ്വന്തമായി ഇല്ലാത്ത ഒരു സംരംഭം ആരംഭിക്കുന്നതിന് ലക്ഷ്യം വെച്ചാണ് ഐഎസ്ആർഒ മുന്നോട്ടു പോകുന്നതെന്നാണ്. മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾക്കായി 20 ടൺ സ്‌പേസ് സ്‌റ്റേഷനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ബഹിരാകാശ യാത്രികരെ 15 മുതൽ 20 ദിവസം വരെ താമസിപ്പിക്കുക എന്നതാണ് പ്രാഥമികമായി ഉദ്ദേശിക്കുന്നത്. സ്‌പേസ് സ്‌റ്റേഷൻ പദ്ധതിക്കായി ഒരു രാജ്യവുമായും യോജിച്ച് പ്രവർത്തിക്കില്ല. നിലവിൽ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് ബഹിരാകാശ നിലയം പ്രവർത്തിപ്പിക്കുന്നത്. താഴ്ന്ന ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന ബഹിരാകാശ നിലയത്തിൽ മറ്റ് ബഹിരാകാശ വാഹനങ്ങൾക്ക് ചെന്നിറങ്ങാൻ കഴിയും. ഗഗൻയാൻ ദൗത്യത്തിന്റെ തുടർച്ചയായിട്ടാകും സ്‌പേസ് സ്‌റ്റേഷൻ പദ്ധതി പൂർത്തിയാക്കുകയെന്നും ഐ.എസ്.ആർ. ഒ ചെയർമാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ ശാസ്ത്ര ഗവേഷണ നേട്ടത്തെയും സങ്കുചിത രാഷ്ട്രീയ – നിക്ഷിപ്ത താൽപര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ശ്രമങ്ങളെന്ന് സംശയിക്കാവുന്ന ചില പ്രതികരണങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. അതിൽ പ്രധാനം ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായരിൽ നിന്നുണ്ടായതാണ്. ബാലിശമായ അദ്ദേഹത്തിന്റെ പ്രതികരണത്തിനുള്ള കാരണം രാഷ്ട്രീയവും നിക്ഷിപ്ത താൽപര്യത്തിന്റെ ഭാഗവുമാണെന്ന് എല്ലാവർക്കും ഊഹിക്കാവുന്നതാണ്. എന്നാൽ അത്തരം പ്രതികരണങ്ങൾ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും മനോവീര്യം തകർക്കാനിടയാക്കുമെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയം വിനോദ സഞ്ചാരികൾക്ക് തുറന്നു നൽകുന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർ ആലോചിക്കുന്നുവെന്നും അടുത്ത വർഷത്തോടെ അത് യാഥാർഥ്യമാകുമെന്നും അടുത്ത ദിവസങ്ങളിൽ വാർത്തകളുണ്ടായിരുന്നു. അതേ ഘട്ടത്തിലാണ് ലോകത്ത് ഒരു രാജ്യം സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുന്നുവെന്ന വാർത്ത എത്തിയിരിക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് വളരെയധികം മുന്നേറുകയും ഇന്ത്യയേക്കാൾ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുള്ള വൻകിട രാജ്യങ്ങളുള്ളപ്പോഴാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നാം എത്തുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ ഓരോ പൗരനെയും ആഹ്ലാദിപ്പിക്കുന്ന ഒന്നാണ് ഈ പ്രഖ്യാപനം. ഇവിടെ സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുന്നവരെ അവജ്ഞയോടെ തള്ളി ശാസ്ത്രജ്ഞർക്ക് മുന്നേറാൻ കഴിയുമെന്നതിൽ സംശയമില്ല.