Sorry, you need to enable JavaScript to visit this website.

ചെറിയ പെരുന്നാളിന് മോടി കൂട്ടാൻ  യൂത്ത് ഇന്ത്യയുടെ 'പെരുന്നാൾ സമ്മാനം'

യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന 'സഹോദരന് ഒരു പെരുന്നാൾ സമ്മാനം' പദ്ധതിയുടെ  സൗദിതല ഉദ്ഘാടനം ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ് അഹമ്മദ് യൂത്ത് ഇന്ത്യ സൗദി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അനീസ് അബൂബക്കറിന് ഇറാം ഗ്രൂപ്പിന്റെ ഉപഹാരം നൽകി നിർവഹിക്കുന്നു.


ദമാം-ആഹ്ലാദങ്ങൾ പങ്കുവെക്കപ്പെടുമ്പോഴാണ് ആഘോഷങ്ങൾ പൂർണമാവുന്നതെന്ന് ഓർമപ്പെടുത്തി യൂത്ത് ഇന്ത്യ ഇത്തവണയും പെരുന്നാൾ ദിനത്തിൽ പുതുവസ്ത്ര വിതരണം സംഘടിപ്പിക്കുന്നു. അഖില സൗദി തലത്തിൽ വർഷം തോറും നടത്തി വരാറുള്ള 'സഹോദരന് ഒരു പെരുന്നാൾ സമ്മാനം' പദ്ധതിയുടെ  സൗദി തല ഉദ്ഘാടനം ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ് അഹമ്മദ് നിർവഹിച്ചു. ഇറാം ഗ്രൂപ്പിന്റെ ഉപഹാരം സിദ്ദീഖ് അഹമ്മദിൽനിന്ന് യൂത്ത് ഇന്ത്യ സൗദി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അനീസ് അബൂബക്കർ ഏറ്റുവാങ്ങി. 
പ്രവാസ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരേയും പ്രയാസമനുഭവിക്കുന്നവരേയും കണ്ടെത്തി പുതുവസ്ത്രങ്ങൾ വിതരണം ചെയ്ത് അവരെക്കൂടി പെരുന്നാളിന്റെ ആഹ്ലാദത്തിൽ പങ്കുചേർക്കാൻ ശ്രമിക്കുന്നതിലൂടെ തങ്ങൾ തനിച്ചല്ലെന്നും സ്‌നേഹത്തിന്റെ നീരുറവ വറ്റിയിട്ടില്ലാത്ത ഹൃദയങ്ങൾ തങ്ങളുടെ കൂടെയുണ്ടെന്നും യൂത്ത് ഇന്ത്യ തെളിയിച്ചിരിക്കുകയാണെന്ന് സിദ്ദീഖ് അഹമ്മദ് പറഞ്ഞു. 
ഇറാം കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗം റഷീദ് ഉമർ, ഇറാം സി.ഇ.ഒ. അബ്ദുൽ റസാഖ്, ഫഹദ് അൽ തുവൈജിരി, യൂത്ത് ഇന്ത്യ അൽ ഖോബാർ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷമീർ, ഇറാം കോർപറേറ്റ് ഓഫീസ് മാനേജർ ബിജോയ് ദേവദാസ് എന്നിവർ പങ്കെടുത്തു.
ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ അവഗണിക്കപ്പെട്ട് പല കാരണങ്ങളാൽ ദുരിതത്തിലേക്ക് കാലിടറി വീണവർ, ജോലി നഷ്ടപ്പെട്ടവർ, മാസങ്ങളോളമായി ശമ്പളം ലഭിക്കാത്തവർ, തുഛ വേതനത്തിന് ജോലി എടുക്കുന്നവർ, തർഹീൽ, ആശുപത്രി, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ പ്രയാസപ്പെടുന്നവർ എന്നിവരെ ഉദ്ദേശിച്ചാണ് പദ്ധതി. 
ഈദ് ആഘോഷിക്കാൻ പുതുവസ്ത്രം വാങ്ങുന്ന തങ്ങളുടെ പ്രവർത്തകരേയും സഹകാരികളേയും ഒരു ജോഡി വസ്ത്രം അധികം വാങ്ങാൻ പ്രേരിപ്പിച്ചുകൊണ്ടാണ് പദ്ധതിക്കാവശ്യമുള്ള വസ്ത്രം യൂത്ത് ഇന്ത്യ ശേഖരിക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ തയാറുള്ളവർക്ക്  ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. 
അൽ കോബാർ (0506376766), ദമാം (0558782853, 0533468584), ജുബൈൽ (0562450606), റിയാദ് (0581700051, 0509406755), യാമ്പു (0553955861), ജിദ്ദ നോർത്ത് (0569575074), ജിദ്ദ സൗത്ത് (0563663766), മക്ക (0506061059), അബഹ (0580957690). 

Latest News