റിയാദ് - മുസ്‌ലിം ബ്രദർഹുഡ് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്നും ഭീകരതയുടെ ഉൽപത്തി മുസ്‌ലിം ബ്രദർഹുഡിൽ നിന്നാണെന്നും സൗദി വിദേശ മന്ത്രാലയം. സമൂഹങ്ങളുടെ ഭദ്രതക്ക് ബ്രദർഹുഡ് കോട്ടംതട്ടിക്കുകയാണ്. ഒമ്പതു ദശകം മുമ്പ് ഈജിപ്തിലാണ് മുസ്‌ലിം ബ്രദർഹുഡ് ആരംഭിച്ചത്.
രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിന് അക്രമപാത അവലംബിക്കുന്ന സംഘടന മിതവാദ ഇസ്‌ലാമാണ് തങ്ങൾ പ്രതിനിധീകരിക്കുന്നതെന്ന് കള്ളം പറയുകയാണ്.
ഭീകരത നടപ്പാക്കുന്ന സംഘടനകൾ സ്ഥാപിക്കുന്നതിന് മുസ്‌ലിം ബ്രദർഹുഡ് പ്രവർത്തിച്ചു. അടിസ്ഥാന പ്രമാണങ്ങളുടെ വ്യാഖ്യാനങ്ങൾ വളച്ചൊടിക്കുകയാണ് ബ്രദർഹുഡ് ചെയ്യുന്നത്.
ഇറാനിലെ തീവ്രവാദ സംവിധാനമായ ഖുമൈനി ഭരണ സംവിധാനവുമായി മുസ്‌ലിം ബ്രദർഹുഡ് സഹകരിച്ചു. 1979 ൽ ഖുമൈനി ഹൈജാക്ക് ചെയ്ത വിപ്ലവത്തിൽ മുസ്‌ലിം ബ്രദർഹുഡ് സാഹിത്യങ്ങൾ സ്വാധീനം ചെലുത്തി. ഐ.എസ്, അൽനുസ്‌റ ഫ്രന്റ്, അൽഖാഇദ എന്നീ ഭീകര സംഘടനകളുടെ പിറവി മുസ്‌ലിം ബ്രദർഹുഡിൽ നിന്നാണ്. നിയമാനുസൃതവും അല്ലാത്തതുമായ എല്ലാ മാർഗങ്ങളും അവലംബിച്ച് ഭരണത്തിൽ എത്തുന്നതിലാണ് ബ്രദർഹുഡ് സിദ്ധാന്തം വിശ്വസിക്കുന്നത്.
തങ്ങളുടെ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന എല്ലാവരെയും വധിക്കുന്നതും ചാവേറാക്രമണങ്ങൾ നടത്തുന്നതും സംഘടന അനുവദനീയമാക്കുന്നു.
രഹസ്യ പ്രവർത്തനത്തിലും രഹസ്യ ഏജന്റുമാരെ വിന്യസിക്കുന്നതിലും സംഘടന വിശ്വസിക്കുന്നു.
തങ്ങളെ ഒരുമിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടനാ സംവിധാനം വഴി ബ്രദർഹുഡ് അനുയായികൾ തമ്മിൽ വിവരങ്ങൾ പരസ്പരം കൈമാറുകയും സഹകരിക്കുകയും ചെയ്യുന്നതായും വിദേശ മന്ത്രാലയം കുറ്റപ്പെടുത്തി.