ദമാം - വാഹനങ്ങൾക്ക് ഹൈഡ്രജൻ ഇന്ധനം നൽകുന്ന സൗദി അറേബ്യയിലെ ആദ്യത്തെ ബങ്ക് പ്രവർത്തനം തുടങ്ങി. സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എൻജിനീയർ അമീൻ അൽനാസിറും എയർ പ്രൊഡക്ട്‌സ് കമ്പനി ചെയർമാനും സി.ഇ.ഒയുമായ സൈഫി ഖാസിമിയും ചേർന്ന് ബങ്ക് ഉദ്ഘാടനം ചെയ്തു. സൗദി അറാംകൊയും എയർ പ്രൊഡക്ട്‌സ് കമ്പനിയും ചേർന്നാണ് ദഹ്‌റാൻ ടെക്‌നോളജി വാലിയിലെ എയർ പ്രൊഡക്ട്‌സ് കമ്പനിക്കു കീഴിലെ ന്യൂ ടെക് സെന്റർ ആസ്ഥാനത്ത് ഹൈഡ്രജൻ ഇന്ധന ബങ്ക് ആരംഭിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ബങ്കിൽനിന്ന് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ടൊയോട്ട മിറായ് ഇനത്തിൽ പെട്ട കാറുകൾക്ക് ഉയർന്ന പരിശുദ്ധിയുള്ള കംപ്രസ്ഡ് ഹൈഡ്രജൻ നൽകും.
ഹൈഡ്രജൻ ഇന്ധനത്തിന്റെ നേട്ടങ്ങളെ കുറിച്ച ലോകാഭിപ്രായം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയിലും ഈ രംഗത്തേക്കുള്ള ചുവടുവെയ്പ്. കാർബൺ ബഹിർഗമനത്തിന് തടയിടുന്നതിൽ ഹൈഡ്രജന് വലിയ ശേഷിയുണ്ടെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. ഹൈഡ്രജൻ ഇന്ധന ബങ്കിന്റെ ഉദ്ഘാടനത്തിന് ഇന്ധന ഗവേഷണ, വികസന മേഖലയിൽ ഏറെ പ്രാധാന്യമുള്ളതായി സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു. ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിന് എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഉപയോഗം വ്യാപിക്കുന്നതിൽ സുപ്രധാന ചുവടു വെപ്പാണിത്. പരിസ്ഥിതി മലിനീകരണമുണ്ടാക്കാത്ത, കാലാവസ്ഥാ വ്യതിയാനത്തിൽ സ്വാധീനം ചെലുത്താത്ത ഇന്ധനമായി ഹൈഡ്രജൻ വാഹനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും.
ഹൈഡ്രജൻ ഇന്ധന മേഖലയിലെ കൂടുതൽ സാധ്യതകൾ കണ്ടെത്തുന്നതിന് സൗദി അറാംകൊക്കും എയർ പ്രൊഡക്ട്‌സ് കമ്പനിക്കുമുള്ള വലിയ അവസരമാണിത്. ഭാവിയിലെ ആവശ്യത്തിന് പ്രായോഗികവും സുസ്ഥിരവുമായ ഊർജ ഉറവിടം ലഭ്യമാക്കുകയെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു.
പരിസ്ഥിതി വെല്ലുവിളികൾ നേരിടുന്നതിനും ഊർജത്തിന് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും സുസ്ഥിര സംവിധാനം ആവശ്യമാണെന്ന് സൈഫി ഖാസിമി പറഞ്ഞു. ഈ വെല്ലുവിളികൾ നേരിടുന്നതിന് ഹൈഡ്രജൻ, ഫ്യുവൽ സെൽ സാങ്കേതികവിദ്യ സഹായിക്കും. ഫ്യുവൽ സെൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കാറുകൾക്ക് ഹൈഡ്രജൻ ഇന്ധനം നൽകുന്ന സുസ്ഥിര സംവിധാനം സ്ഥാപിക്കുന്നതിലും വികസിപ്പിക്കുന്നതിനും സൗദി അറാംകൊയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ എയർ പ്രൊഡക്ട്‌സ് കമ്പനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി അറാംകൊയുടെ നിർമാണ, സാങ്കേതിക പരിചയസമ്പത്തും ഹൈഡ്രജൻ ഇന്ധന മേഖലയിലെ എയർ പ്രൊഡക്ട്‌സ് കമ്പനിയുടെ സാങ്കേതിക പരിചയസമ്പത്തും പുതിയ ഹൈഡ്രജൻ ഇന്ധന ബങ്കിൽ സമ്മേളിക്കുന്നു. എയർ പ്രൊഡക്ട്‌സ് കമ്പനിക്കു കീഴിലെ സ്മാർട്ട് ഫ്യുവൽ സാങ്കേതികവിദ്യയാണ് പുതിയ ബങ്കിൽ ഉപയോഗിക്കുന്നത്. പരീക്ഷണ കാലത്ത് ശേഖരിക്കുന്ന വിവരങ്ങൾ സൗദിയിൽ ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് പ്രയോജനപ്പെടുത്തും. ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകൾക്ക് ഏറെ പ്രത്യേകതകളുണ്ട്. അഞ്ചു കിലോ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് 500 കിലോമീറ്റർ താണ്ടുന്നതിന് കാറുകൾക്ക് സാധിക്കും. ജലം ഒഴികെ മറ്റൊന്നും ഇത്തരം വാഹനങ്ങളിൽനിന്ന് ബഹിർഗമിക്കില്ല. മറ്റു വൈദ്യുതി കാറുകളെ അപേക്ഷിച്ച് അഞ്ചു മിനിറ്റിനകം ഇന്ധനം നിറക്കുന്നതിന് സാധിക്കുമെന്നതും ഹൈഡ്രജൻ കാറുകളുടെ പ്രത്യേകതയാണ്. ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യുന്നതിന് ഒരു മണിക്കൂർ ആവശ്യമാണ്. പരിസ്ഥിതി മലിനീകരണമുണ്ടാക്കാത്ത, സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ഇന്ധനം ലഭ്യമാക്കുന്നതിൽ ഹൈഡ്രജന് വലിയ പങ്ക് വഹിക്കുന്നതിന് സാധിക്കും.