തിരുവനന്തപുരം- മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യപ്പെടുന്ന ശ്രദ്ധേയമാകുമായിരുന്ന ശ്രദ്ധ ക്ഷണിക്കൽ പ്രമേയം ഇന്നലെ സഭയിൽ വന്നില്ല. പ്രമേയത്തിന് നോട്ടീസ് നൽകിയ ലീഗ് അംഗം അഡ്വ.കെ.എൻ.എ ഖാദർ പ്രമേയാവതരണ ഘട്ടത്തിൽ സഭയിലില്ലാത്തതിനാലാകാം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു. ശൂന്യവേളയിൽ സ്പീക്കർ പ്രമേയം അവതരിപ്പിക്കാൻ കെ.എൻ.എ ഖാദറിനെ ക്ഷണിച്ചു. എന്നാൽ അദ്ദേഹം സഭയിലുണ്ടായിരുന്നില്ല, പ്രമേയാവതരണവും നടന്നില്ല. മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ അമ്പതാം വർഷത്തിൽ ജില്ലാ വിഭജനം എന്ന ആവശ്യം ഉന്നയിക്കുക വഴി ചരിത്രത്തിലിടം നേടാനുള്ള അവസരം കെ.എൻ.എ ഖാദർ എന്തുകൊണ്ടാണ് വേണ്ടെന്നു വെച്ചതെന്ന് നിയമ സഭയിൽ ആരും വിശദീകരിച്ചിട്ടില്ല.
അതേ സമയം ബജറ്റ് ധനാഭ്യർഥന ചർച്ചയിൽ പി.സി.ജോർജ് മലപ്പുറം ജില്ലാ വിഭജന ആവശ്യത്തിലെ രാഷ്ട്രീയത്തിലേക്ക് കടന്നു. ലീഗിന്റെ ആവശ്യം എത്രയോ ന്യായമാണെന്ന് നിരീക്ഷിച്ച ജോർജ് ആ ആവശ്യത്തിനൊപ്പം എന്തുകൊണ്ടാണ് കോൺഗ്രസ് നിലകൊള്ളാത്തതെന്നാരാഞ്ഞു - ആയാലൊരു തെങ്ങ്. പോയാലൊരു പൊങ്ങ് എന്ന നിലയിലുള്ള രാഷ്ട്രീയം.
ലീഗുള്ളതുകൊണ്ടാണ് നിങ്ങൾക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ സീറ്റുകളിൽ 15 എണ്ണമെങ്കിലുമെന്ന് ഓർമ വേണമെന്ന് കോൺഗ്രസിന് സൗജന്യ ഉപദേശം. ലീഗില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് ഒന്നുമല്ലെന്ന കുത്തുവാക്ക് പിന്നാലെ. അകന്നു പോയ മുസ്‌ലിം രാഷ്ട്രീയ വോട്ടിൽ കണ്ണുള്ള ജോർജിന് പിന്നാലെ സി. പി. എം സ്വതന്ത്രൻ കാരാട്ട് റസാഖും സമാന ലൈനിലായി. എന്തുകൊണ്ടാണ് ശ്രദ്ധ ക്ഷണിക്കൽ ഒഴിവാക്കിയതെന്ന് മുസ്‌ലിം രാഷ്ടീയത്തിന്റെ പുത്തൻ സാധ്യതാപരിസരത്ത് നിന്ന് റസാഖിന്റെ ചോദ്യം. ഇ.എം.എസിന്റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്. അതു പോലെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം വന്നാൽ ജില്ല വിഭജിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായേക്കുമോ എന്ന് ലീഗിന് ഭയമാണോ? റസാഖിന്റെ ചോദ്യം. ഇതൊക്കെ ലീഗിന്റെ 'അപചയ'മാണെന്ന കാര്യത്തിൽ മുൻ ലീഗുകാരനായ റസാഖിന് അൽപവുമില്ല സംശയം. മുൻ ലീഗുകാരായ ലീഗ് വിമർശകർ സ്ഥിരമായി പറയാറുള്ള വാചകം പറയാനും അംഗം മറന്നില്ല- സി.എച്ച്. മുഹമ്മദ് കോയയൊക്കെ ജീവിച്ചിരുന്ന കാലമായിരുന്നില്ലേ, ലീഗിന്റെ നല്ല കാലം. ഇപ്പോഴത്തെതൊക്കെ എന്ത് ...? പിന്നീട് പ്രസംഗിച്ച ലീഗ് നേതാവ് ഡോ.എം.കെ.മുനീർ ഈ വിഷയം തൊടാതെ അവഗണിച്ചു. സഭയിൽ അവതരിപ്പിക്കാതെ പോയ ശ്രദ്ധ ക്ഷണിക്കൽ വരും ദിവസങ്ങളിലും വിവാദമായി തുടരാനാണ് സധ്യത. മുൻ സി.പി.ഐക്കാരനായ ഖാദറിന് ഇന്നലെ സഭയിൽ ചെറു തോൽവിയുടെ ദിനമായിരുന്നെങ്കിൽ സി.പി.ഐക്ക് വൻ വിജയത്തിന്റെ ദിവസമായിരുന്നു- സി.പി.ഐ വരച്ച വരയിൽ പോലീസ് മജിസ്റ്റീരിയൽ അധികാര വിഷയം പിടിച്ചു നിർത്താൻ അവർക്കായി.പോലീസിന് മജിസ്റ്റീരിയൽ അധികാരങ്ങൾ കൈമാറുന്നത് സമവായത്തിലൂടെ മാത്രമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ നടത്തിയ പ്രഖ്യാപനമാണ് ഘടക കക്ഷിയായ സി.പി.ഐയുടെ മുന്നണിക്കുള്ളിലെ പോരാട്ടത്തിന്റെ വിജയമായി മാറിയത്. ഇത് സംബന്ധിച്ച് യാതൊരു തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. പോലീസ് കമ്മീഷണറേറ്റുകൾ സ്ഥാപിച്ച് മജിസ്റ്റീരിയൽ പദവി നൽകുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇടയാക്കുമെന്ന് പ്രതിപക്ഷവും ഒപ്പം ചേർന്ന് സി.പിഐയും ആരോപിച്ചിരുന്നു. ഗുണ്ടാ നിയമം, കരുതൽ തടങ്കൽ, കാപ്പ, നൂറ്റി നാൽപത്തിനാല് പ്രഖ്യാപിക്കൽ, ഇൻക്വസ്റ്റ് തയാറാക്കൽ തുടങ്ങിയ അധികാരങ്ങളെല്ലാം ഐ.എ.എസിയിൽ നിന്നും മാറ്റി ഐ.പി.എസിന് നൽകാനായിരുന്നു നീക്കം. സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പ് അറിയാതെയാണ് ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തതെന്നായിരുന്നു ആക്ഷേപം. ഇതനുസരിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റുകളും രൂപീകരിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതോടെ എല്ലാം തകിടം മറിഞ്ഞു.
ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ വകുപ്പുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങി വെച്ചത് സി.പി.എമ്മിലെ ബി.ഡി.ദേവസ്സി. ഐ.സി.ബാലകൃഷ്ണൻ (കോൺഗ്രസ്), പി.കെ.അബ്ദുറബ്ബ് (ലീഗ്), ഡി.കെ.മുരളി (സി.പി.എം), സി.കെ.നാണു (ജനതാദൾ), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ്), യു.ആർ പ്രദീപ് (സി.പി.എം), സി.കെ.ആശ (സി.പി.ഐ), വി.എസ് .ശിവകുമാർ (കോൺഗ്രസ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചെങ്കൊടിക്ക് ചരമ ഗീതം പാടുന്നവരോട് സി.പി.ഐയിലെ ചിറ്റയം ഗോപകുമാറിന് ഒന്നേ പറയാനുള്ളൂ- നിങ്ങൾ നിങ്ങൾക്ക് തന്നെയാണ് ചരമ ഗീതമെഴുതുന്നത്. ചെങ്ങന്നൂർ അംഗം സജി ചെറിയാനെ ഇടതുപക്ഷത്തിനെതിരായുണ്ടായ തെരഞ്ഞെടുപ്പ് വിധികളൊന്നും ബാധിച്ചിട്ടേയില്ല. അത്രക്ക് പോരാട്ട വീര്യത്തിലാണ് അംഗം. സംഭവിച്ചതെല്ലാം നല്ലതിന് എന്നാണദ്ദേഹത്തിന്റെ ധർമ്മ ചിന്ത. ഇനി സംഭവിക്കാനുള്ളതും നല്ലതിന് തന്നെ. യു.പ്രതിഭയെ ബജറ്റ് ചർച്ചയിൽ പങ്കെടുപ്പിച്ചത് കായംകുളം ആശുപത്രിയുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി ശൈലജ ടീച്ചറുമായി നടന്ന ഫേസ് ബുക്ക് പോരിന്റെ ബാക്കി പത്രമാണെന്നാണ് ഡോ.മുനീർ കാണുന്നത്. ഏതായാലും ഇനിയൊരിക്കലും സ്വന്തം മന്ത്രിമാർക്കെതിരെ ഫേസ് ബുക്കിൽ പ്രതികരിക്കേണ്ട ഗതികേട് യു.പ്രതിഭയെ പോലുള്ളവർക്ക് വരാതിരിക്കട്ടെ. നിപ്പ വന്ന ആദ്യ നാളുകളിൽ തങ്ങളെപ്പോലുള്ളവർ ഒപ്പം നിന്ന് ചെയ്ത കാര്യങ്ങൾ മറക്കരുതേ എന്ന് മന്ത്രിയോട് മുനീറിന്റെ അഭ്യർഥന. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ അനൂപ് വൈറസ് പരിശോധനക്കയക്കാൻ കഴിഞ്ഞ വർഷം കാണിച്ച കോമൺസെൻസല്ലേ നിപ്പ പ്രതിരോധ വിജയത്തിന്റെ അടിത്തറയും അടിസ്ഥാനവുമെന്ന് ഡോക്ടർ മുനീറിന്റെ ചോദ്യം. മറ്റൊരു പ്രത്യേക സംഗതി കൂടി ഡോ.മുനീറിന് ഇടതുപക്ഷത്തുളളവരോട് പറയാനുണ്ട്- ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ഫിറോസ് കുന്നംപറമ്പിലിന്റെ തലയിൽ കയറുന്ന പരിപാടി ഒന്നവസാനിപ്പിക്കണം.
പാലാരിവട്ടം പാലവുമായി ബന്ധപ്പെടുത്തി ലീഗിലെ പി.കെ.ബഷീർ ചോദ്യോത്തരവേളയിൽ ഒരു കുരുക്ക് ചോദ്യമുന്നയിച്ചു. പാലം അപകടത്തിലാകാൻ കാരണക്കാരായ അതേ കോൺട്രാക്ടർമാർക്ക് തുടർന്നും ധാരാളം കരാർ ജോലികൾ കിട്ടുകയാണ്-അവരെ കരിമ്പട്ടികയിൽ പെടുത്തുമോ? ജാഗ്രത പാലിക്കാനേ കഴിയൂ എന്ന് മന്ത്രി ജി. സുധാകരന്റെ യാഥാർഥ്യ ബോധമുൾക്കൊണ്ടുള്ള മറുപടി.