കണ്ണൂര്‍ -ഓപ്പറേഷന്‍ തിയേറ്ററില്‍ നഴ്‌സിന്റെ കൈ തല്ലിയൊടിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. പരിയാരം ഗവ. മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ.വി. കുഞ്ഞമ്പുവിനെയാണ് ആരോഗ്യ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോമ്പഗേഡെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
നഴ്‌സ് പരാതി നല്‍കിയില്ലെങ്കിലും ജീവനക്കാരുടെ സംഘടന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്കു പരാതി നല്‍കുകയും മന്ത്രിയുടെ നിര്‍ദേശമനുപസരിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ 11 നാണ് നടപടിക്കാധാരമായ സംഭവം. ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് ശസ്ത്രക്രിയ ഉപകരണം കൊണ്ടുള്ള അടിയേറ്റ് നഴ്‌സിന്റെ രണ്ട് വിരലുകള്‍ക്കു പൊട്ടലുണ്ടായി. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് ഡോക്ടറെ ഡ്യൂട്ടിയില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.
ഒരു രോഗിക്ക് തൈറോഡക്ടമി ശശ്ത്രക്രിയ നടത്തുന്നതിനിടെയായിരുന്നു സംഭവം. നഴ്‌സുമാരെ പരസ്യമായി വഴക്കു പറയുകയും അധിക്ഷേപിക്കുകയും ചെയ്യാറുള്ള ആളാണ് നടപടിക്കു വിധേയനായ ഡോക്ടര്‍. പ്രതികാര നടപടിയുണ്ടാകുമെന്ന് ഭയന്നാണ് ജീവനക്കാരില്‍ പലരും ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നത്.
ഈ സംഭവത്തില്‍ വിശദാന്വേഷണം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി കണ്‍വനറായ മൂന്നംഗ സമിതിയെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്.