കയ്‌റോ - ഇറാനും തുർക്കിയും തങ്ങളുടെ രാജ്യങ്ങളുടെ അതിർത്തികൾക്കു പുറത്ത് വിപുലീകരണ പദ്ധതി നടപ്പാക്കുകയാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗൈത് പറഞ്ഞു. അയൽ രാജ്യങ്ങളുമായുള്ള ഇടപഴകലുകളിൽ പൊതു അറബ് തന്ത്രം രൂപീകരിക്കൽ എന്ന ശീർഷകത്തിൽ അറബ് ലീഗ് ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായും തുർക്കിയുമായുള്ള സംവാദം പ്രയോജനം ചെയ്യില്ല.
ഇറാനും തുർക്കിയും മറ്റു രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുകയാണ്. ഇറാനും ഇറാനു കീഴിലെ മിലീഷ്യകളും അറബ് ദേശീയ സുരക്ഷക്കും ലോക സുരക്ഷക്കും ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുകയാണ്. ഗതാഗത പാതകളുടെയും സമുദ്ര പാതകളുടെയും കപ്പലുകളുടെയും സുരക്ഷക്ക് ഇറാൻ ഭീഷണി സൃഷ്ടിക്കുന്നു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ അറബ് ലീഗിന്റെ അജണ്ടകളിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതിന് തുടങ്ങിയിട്ടുണ്ട്. തങ്ങൾക്ക് തോന്നിയ പോലെ ഇടപെടുന്നതിന് കഴിയുന്ന, തങ്ങളുടെ വിപുലീകരണ പദ്ധതി പ്രായോഗികവൽക്കരിക്കുന്നതിന് സാധിക്കുന്ന തുറസ്സായ പ്രദേശമായാണ് അറബ് മേഖലയെ ഇറാൻ കാണുന്നത്.
അറബ് രാജ്യങ്ങളിലെ സംഘർഷങ്ങളിൽ ഇടപെടുന്നതിനും സംഘർഷങ്ങൾക്ക് തിരികൊളുത്തുന്നതിനും തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ കരുതുന്നു. തങ്ങളുടെ രാജ്യങ്ങളുടെ അതിർത്തികൾക്ക് പുറത്ത് നടപ്പാക്കുന്നതിനുള്ള രാഷ്ട്രീയ പദ്ധതി ഇറാനും തുർക്കിക്കുമുണ്ട്. നവഓട്ടോമൻ മേലങ്കിയണിഞ്ഞ് രാഷ്ട്രീയ ഇസ്‌ലാം പദ്ധതി നടപ്പാക്കുന്നതിനാണ് തുർക്കി ശ്രമിക്കുന്നത്. രാഷ്ട്രീയ ഇസ്‌ലാം പദ്ധതി അംഗീകരിക്കില്ലെന്ന് തെളിയിച്ച അറബ് മേഖലയിൽ രാഷ്ട്രീയ ഇസ്‌ലാം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനാണ് തുർക്കി കിണഞ്ഞു ശ്രമിക്കുന്നതെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ പറഞ്ഞു.