കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യ പ്രശ്‌നം വീണ്ടും കേരളത്തിൽ സജീവ ചർച്ചയായിരിക്കുന്നു. ചർച്ച മാത്രമല്ല, വിഷയം തെരുവിലും വധഭീഷണിയിലുമടക്കം എത്തിയിരിക്കുന്നു.
ലളിത കലാ അക്കാദമിയുടെ അവാർഡ് നിർണയിച്ചത് കേരളത്തിലെ പ്രമുഖരായ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെട്ട സമിതിയാണ്. അത് അംഗീകരിക്കുകയാണ് ഒരു പ്രബുദ്ധ സമൂഹം ചെയ്യേണ്ടത്. ഇന്ത്യയിലെത്തന്നെ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ നാടാണ് കുഞ്ചൻ നമ്പ്യാരുടെ പൈതൃകമുള്ള കേരളം. കുഞ്ചൻ നമ്പ്യാരുടെ ആക്ഷേ പഹാസ്യത്തിന്റെ തുടർച്ച തെന്നയാണ് കാർട്ടൂണുകൾ എന്നു കാണാം. കൂടാെത സഞ്ജയന്റേയും വി കെ എന്നിന്റേയും നാട്. പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റുവിനെ നിരന്തരം വരകളിലൂടെ വിമർശിക്കാൻ സുഹൃത്തു കൂടിയായ കാർട്ടൂണിസ്റ്റ് ശങ്കർ മടികാണിച്ചിട്ടില്ല എന്നതും മറക്കരുത്.
ഒരു പൂവൻ കോഴിക്ക് പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ മുഖം നൽകി പോലീസിന്റെ തൊപ്പിക്ക് മുകളിൽ നിർത്തിയുള്ളതാണ് കാർട്ടൂൺ. തൊപ്പി പിടിച്ചിരിക്കുന്നത് പി സി ജോർജും ഷൊർണൂർ എംഎൽഎ പികെ ശശിയും ചേർന്നാണ്. ബിഷപ്പ് ഫ്രാങ്കോയുടെ കൈയിലുള്ള മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്റെ ചിത്രം ചേർത്തിട്ടുമുണ്ട്.
സമകാലിക കേരളത്തിൽ തികച്ചും പ്രസക്തമായ കാർട്ടൂൺ. പതിവുപോലെ മതവികാരെത്ത വ്രണപ്പടുത്തുന്നു എന്നാണ് ഉയർന്നു വന്നിരിക്കുന്ന ആരോപണം. മതചിഹ്നെത്ത ആക്ഷേപിക്കുന്നു എന്ന്. എന്നാൽ ബലാൽസംഗ കേസിൽ പ്രതിയായ ഒരാളുടെ കൈവശമിരിക്കുമ്പോൾ അതെങ്ങെന വിശുദ്ധമായ മതചിഹ്നമാകും. അത്തരത്തിൽ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഒരു കാർട്ടൂണിസ്റ്റിനുണ്ട്.
ബിഷപ്പ് ഫ്രാങ്കോവിനെതിരെ ആരോപണമുയർന്നപ്പോഴും ചരിത്രത്തിലാദ്യമായി കന്യാസ്ത്രീകൾ തെരുവിലിറങ്ങിപ്പോഴും ഈ പ്രതിഷേധക്കാർ ഏത് പക്ഷമായിരുന്നു. അന്നാന്നും ഇവരുടെ മതവികാരം വ്രണെപ്പട്ടില്ലല്ലോ. ഇപ്പോഴിതാ ഇവർ തെരുവിലിറങ്ങിയിരിക്കുന്നു. ഏറ്റവും നിർഭാഗ്യകരമായ നിലപാട് സർക്കാരിന്റേതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നു പറയുന്ന സർക്കാർ, പുരസ്‌കാരം പിൻവലിക്കാനാണ് അക്കാദമിയോട് ആവശ്യപ്പട്ടിരിക്കുന്നത്. അതിലൂടെ അക്കാദമിയുടെ സ്വാതന്ത്ര്യത്തിൽ കൂടിയാണ് സർക്കാർ കൈകടത്തുന്നത്.
വിമർശന കലയായ കാർട്ടൂണിന്റെ കൈ കെട്ടിയാൽ അതിന്റെ അർത്ഥം തന്നെ നഷ്ടമാകുമെന്നും കാർട്ടൂൺ അക്കാദമി സെക്രട്ടറി തോമസ് ആന്റണി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും സാംസ്‌കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ. കെ ബാലൻ വ്യക്തമാക്കിയിരുന്നു.
അതേ സമയം ജനകീയ സാംസ്‌കാരിക വേദി അവതരിപ്പിച്ച നാട്ടുഗദ്ദിക എന്ന ആദിവാസി നാടകത്തിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം അക്രമങ്ങൾ നടത്തിയത് പ്രധാനമായും സിപിഎം അനുഭാവികളായിരുന്നു. സാർവ ദേശീയഗാനം പാടിയതിന് സച്ചിദാനന്ദനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത സംഭവവുമുണ്ടായിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം സിവിക് ചന്ദ്രന്റെ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിനു നേരേയും ഭീഷണികളുണ്ടായി. കെ പി എ സിയുടെ ഭഗവാൻ കാലു മാറുന്നു നാടകത്തിനെതിരെ രംഗത്ത് വന്നത് ഹിന്ദുത്വവാദികളായിരുന്നു.
ഇപ്പോഴും അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. പലപ്പോഴും ആനുകാലികങ്ങൾക്കും പുസ്തകങ്ങൾക്കുമെതിരെ അക്രമങ്ങൾ നടന്നു. എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണം ഭീഷണിയെ തുടർന്ന് മാതൃഭൂമി നിർത്തുകയും തുടർന്ന് എഡിറ്റർ കമൽ റാം സജീവ് രാജിവെക്കുകയും ചെയ്തു. പവിത്രന്റെ പർദ്ദ എന്ന കവിതക്കെതിരേയും ചിലർ രംഗത്തുവന്നു. പല സിനിമകൾക്കതിരേയും ഭീഷണിയുണ്ടായി. സെക്സി ദുർഗ, 51 വയസ്സ് 51 വെട്ട്, സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ, ജയൻ ചെറിയാന്റെ 'കാ ബോഡി സ്‌കേപ്സ്' തുടങ്ങിയവ സമീപകാല ഉദാഹരണങ്ങൾ മാത്രം. പിതാവും പുത്രനും എന്ന സിനിമക്കെതിരേയും അടുത്ത കാലത്ത് നീക്കങ്ങളുണ്ടായി.
അടുത്ത കാലത്ത് രാജ്യത്തെങ്ങും സംഘപരിവാർ ശക്തികളിൽ നിന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നടന്ന കടന്നാക്രമങ്ങൾക്കെതിരേയും ശക്തമായ മുന്നേറ്റങ്ങൾ കേരളത്തിൽ നടന്നു. ബീഫ് ഭക്ഷിച്ചു എന്നാരോപിച്ച് രാജ്യത്തിന്റെ പല ഭാഗത്തും നടന്ന കൊലകൾക്കെതിരെ ബീഫ് ഫെസ്റ്റിവെലുകൾ സംഘടിപ്പിച്ചാണ് സംസ്ഥാനത്തെ പല ഭാഗത്തും പ്രതിഷേധങ്ങൾ അരങ്ങേറിയത്.
ഫാസിസത്തിനെതിരെ ശബ്ദിച്ച കൽബുർഗിയും നരേന്ദ്ര ദഭോൽക്കറും ഗോവിന്ദ് പൻസാരെയും ഗൗരി ലങ്കേഷും പെരുമാൾ മുരുകനും എം എഫ് ഹുസൈനും കെ എസ് ഭഗവാനും ദിവ്യാഭാരതിയുമെല്ലാം ആക്രമിക്കപ്പെടുകയോ കൊല ചെയ്യപ്പെടുകയോ ചെയ്തപ്പോഴും ശക്തമായ പ്രതിഷേധങ്ങൾക്ക് കേരളത്തിലെ തെരുവുകൾ സാക്ഷ്യം വഹിച്ചു. അക്കാദമി പുരസ്‌കാര ജേതാക്കളായ പല സാഹിത്യകാരന്മാരും തങ്ങളുടെ പുരസ്‌കാരം തിരിച്ചുനൽകി പ്രതിഷേധിച്ചു. അതേസമയം കേരളത്തിൽ അത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ഇവരിൽ നിന്ന് കാര്യമായ പ്രതിഷേധമില്ല എന്നും കക്ഷിരാഷ്ട്രീയ താൽപര്യത്തിനനുസരിച്ചാണ് പ്രതികരണം എന്നതുമാണ് നമ്മുടെ ശാപം.