കേരള കോൺഗ്രസ് പിളർന്നു. സംഘടനയോടൊപ്പം നിൽക്കും. സമവായ ശ്രമങ്ങൾ പ്രയാസമേറിയതാണെങ്കിലും തുടരും
-സി.എഫ്. തോമസ്
അവസാനം അത് സംഭവിച്ചു. കേരള കോൺഗ്രസ് വീണ്ടും പിളർന്നു.
പാർട്ടി ജനാധിപത്യവും കർഷക പ്രേമവുമൊക്കെ വലിയ വായിൽ പറയുന്ന മുൻനിര നേതാക്കളിൽ ചിലർ രാഷ്ട്രീയ നേരും നെറിയും കാണിക്കേണ്ട സുപ്രധാന ഘട്ടത്തിൽ നിലപാടിൽ വെള്ളം ചേർത്തു. സ്ഥാനമാനങ്ങളും 'സ്ഥാവരജംഗമ സ്വത്തു'ക്കളും കൈമോശം വരുമെന്ന് തോന്നിയാൽ ജനാധിപത്യ രാഷ്ട്രീയ മര്യാദയൊക്കെ ആര് നോക്കാൻ?
പുതിയ പ്രമാണിയാരാകണമെന്ന തർക്കവിതർക്കങ്ങളാണ് അതിന്റെ രാഷ്ട്രീയ ഭൂമികയെ പ്രക്ഷുബ്ധമാക്കുന്നത്. ഗ്രൂപ്പുകളുടെ ശക്തി പ്രകടനങ്ങളും നേതാക്കന്മാരുടെ കോലം കത്തിക്കലുമൊക്കെയായി അത് പുരോഗമിക്കുന്നു. മലയോര കർഷകരുടെ പ്രശ്‌നങ്ങളും റബറിന്റെ രാഷ്ട്രീയവുമൊന്നും ഇവർക്കിപ്പോൾ ചർച്ചാ വിഷയമേയല്ല.
കേരള കോൺഗ്രസുകാരുടെ തെരുവിലെ വിഴുപ്പലക്കൽ രാഷ്ട്രീയം അനിവാര്യമായ പുതിയൊരു പിളർപ്പിലേക്കുള്ള കൃത്യമായ സൂചനയാണ്. വളരുന്തോറും പിളരും, പിളരുന്തോറും വളരുമെന്ന മാണിയുടെ പ്രസിദ്ധ വാചകം പോലും പിളർപ്പുകളുടെ നൈരന്തര്യത്തെ തുടർന്ന് ഉണ്ടായതാണ്. പിളർപ്പിനെത്തുടർന്ന് രൂപം കൊള്ളുകയും പിളർപ്പിന്റെ പുതിയ ഏടുകൾ എഴുതിച്ചേർക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കേരള കോൺഗ്രസിന് പിളർപ്പ് ഒരു പുത്തരിയല്ല. എന്നാൽ വിവിധ കേരള കോൺഗ്രസുകളിൽ മുൻകാലങ്ങളിലുണ്ടായ പിളർപ്പുകളെ പോലെയാകില്ല മാണി കോൺഗ്രസിൽ ഇനിയുണ്ടാകുന്ന പിളർപ്പിന്റെ അനന്തര ഫലം. കെ.എം. മാണിയെന്ന രാഷ്ട്രീയ തന്ത്രശാലിയുടെ നിര്യാണത്തിന് പിന്നാലെ പാർട്ടിയിൽ പിളർപ്പ് കൂടി സംഭവിച്ചാൽ, ഐക്യ ജനാധിപത്യ മുന്നണിയിലെ മൂന്നാമത്തെ വലിയ പാർട്ടിയായ കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിയിലെ സ്വാധീന ശക്തി ക്ഷയിക്കാനും കേരളത്തിലെ വിശിഷ്യാ തെക്കൻ കേരളത്തിലെ ജനസ്വാധീനമുള്ള പ്രമുഖ പാർട്ടിയെന്ന ഖ്യാതിക്ക് ഇടിവ് സംഭവിക്കാനും ഇട വന്നേക്കാം.
അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളും ഓർക്കാം. കോൺഗ്രസ് ബാർ കോഴ വിവാദത്തിലൂടെ മാണിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി. സി പി എം സമ്മേളന വേദിയിലേക്ക് ആഘാഷപൂർവം ആനയിക്കപ്പെട്ട കെ.എം. മാണിക്കെതിരെ സി.പി.എമ്മും ഇടതുപക്ഷവും കരിങ്കൊടിയും വഴി തടയലുമായി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തി. മാണി സാർ 'കോഴ മാണി'യായി പരിണമിച്ചു. മാണിയില്ലാത്ത കേരള കോൺഗ്രസ് മതിയെന്നായി ഇടതുപക്ഷം.
ഇതിനകം ജോസ് കെ. മാണി പാർട്ടിയിൽ പിടിമുറുക്കാൻ തുടങ്ങിയിരുന്നു. പി.സി. ജോർജും ജോസഫും മാണി ഗ്രൂപ്പിലെ ചില മുതിർന്ന നേതാക്കളും ജോസ് കെ. മാണിയുടെ സ്ഥാന പരിധിക്കപ്പുറമുള്ള പാർട്ടിയിലെ ഇടപെടലുകളിൽ അസ്വസ്ഥരായിരുന്നു. മാണിയോട് കലഹിച്ച് ജോർജ് പാർട്ടി വിട്ട് പഴയ കേരള കോൺഗ്രസ് സെക്യുലർ പുനരുജ്ജീവിപ്പിച്ചു.
മനഃസാക്ഷി സൂക്ഷിപ്പുകാരായ ഫ്രാൻസിസ് ജോർജും ആന്റണി രാജുവും പാർട്ടി വിട്ടിട്ടും ജോസഫ് ക്ഷമിച്ച് പ്രതീക്ഷയോടെ കാത്തിരുന്നു. ഇതിനിടയിലാണ് ബാർ കോഴ കേസിൽ മാണിക്കെതിരെ കോടതി പരാമർശം ഉണ്ടായത്. മന്ത്രി സ്ഥാനത്ത് തുടരാൻ യാതൊരു നിർവാഹവുമില്ലാതിരുന്ന മാണി, ജോസഫ് കൂടി തന്നോടൊപ്പം രാജിവെക്കണമെന്ന് നിർദേശിച്ചു. ബാർ കോഴയിൽ കോൺഗ്രസിന്റെ ഇരട്ട സമീപനത്തിലെ പ്രതിഷേധമായിട്ടാണ് ഇതിനെ വ്യാഖ്യാനിച്ചത്. കോടതി പരാമർശം മാണിക്കെതിരെ മാത്രമാണെന്നും അതിനാൽ താൻ രാജിവെക്കേണ്ടതില്ലെന്നും ജോസഫ് തുറന്നടിച്ചു. ഒടുവിൽ മാണിക്ക് തനിയെ രാജിവെക്കേണ്ടി വന്നു. കോൺഗ്രസിന്റ ഗൂഢാലോചനയുടെ ഫലമാണ് ബാർ കോഴ വിവാദമെന്ന് പറഞ്ഞ് 2016 ഓഗസ്റ്റിൽ ചരൽകുന്ന് ക്യാമ്പിന് ശേഷം കേരള കോൺഗ്രസ് ഐക്യമുന്നണി വിട്ടു. ജോസഫ് യു.ഡി.എഫിൽ തുടരണമെന്ന അഭിപ്രായക്കാരനായിരുന്നെങ്കിലും പാർട്ടിയോടൊപ്പം നിന്നു. യു.ഡി.എഫ് വിട്ടെങ്കിലും ജോസഫ് കോൺഗ്രസ് നേതാക്കളുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചു. ജോസഫിന്റെ സമ്മർദവും ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാവാതെ മൽസരിക്കുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവും കൂടിയായപ്പോൾ ലോക്‌സഭാ ഇലക്ഷൻ പടിവാതിൽക്കൽ എത്തി നിൽക്കേ കേരള കോൺഗ്രസ് മാണി യു.ഡി.എഫിലേക്ക് തിരിച്ചെത്തി. പ്രതിഫലമായി ഒഴിവു വന്ന രാജ്യസഭാ സീറ്റ് യു.ഡി.എഫ് കേരള കോൺഗ്രസ് മാണിക്ക് വിട്ടു നൽകി. ലോക്‌സഭാ ഇലക്ഷനിൽ കോട്ടയത്ത് കോൺഗ്രസുകാർ പാലം വലിക്കുമോയെന്ന് ഭയന്ന് കിട്ടിയ രാജ്യസഭാ സീറ്റ് ജോസ് കെ. മാണി സ്വയം ഏറ്റെടുത്തു. ലോക്‌സഭാ അംഗത്വം ആറ് മാസം ബാക്കി നിൽക്കേയായിരുന്നു ഈ രാഷ്ട്രീയ നാടകം.
ജോസ് കെ മാണിയെ പിൻഗാമിയാക്കാനുള്ള ശ്രമങ്ങൾ കരിങ്കോഴക്കൽ വീട്ടിൽ നടക്കുന്നുണ്ടെന്നറിഞ്ഞതോടെ പാർട്ടിയിലെ ഭിന്ന സ്വരങ്ങൾ ശക്തമാവാൻ തുടങ്ങി. ജോസ് കെ. മാണി നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ ജോസഫ് പ്രതിഷേധ വെടി പൊട്ടിച്ചു.
കെ.എം. മാണിയുടെ നിര്യാണത്തോടെയാണ് പാർട്ടിയുടെ നിയന്ത്രണമേറ്റെടുക്കാനുള്ള ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ നടത്തുന്ന ചക്കളത്തിപ്പോര് തെരുവിലെത്തിയത്. ഭരണഘടനാ വ്യാഖ്യാനം, കോടതി കയറ്റം, കോലം കത്തിക്കൽ... അങ്ങനെ കേരള കോൺഗ്രസ് ഒരിക്കൽ കൂടി പരിഹാസ്യമായ രാഷ്ട്രീയ നാടകങ്ങളുടെ രംഗവേദിയായി.